ഷെയ്ഖ് ഹസീന File Photo
World

ഹസീനയുടെ വാര്‍ത്താസമ്മേളനം: അതൃപ്തി അറിയിച്ച് ബംഗ്ലാദേശ്, ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

ഫാസിസത്തിന്റെ ഇരുണ്ട നാളുകളിലേക്ക് ഇനി തിരിച്ചുപോക്കില്ലെന്നും ബംഗ്ലാദേശ്

Author : ജയന്ത് ജേക്കബ്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കാന്‍ അനുമതി നല്‍കിയ ഇന്ത്യയുടെ നടപടിയെ ശക്തമായി അപലപിച്ച് ബംഗ്ലാദേശ്. സംഭവം ബംഗ്ലാദേശിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്നും ബംഗ്ലാദേശ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് അതൃപ്തി വ്യക്തമാക്കിയത്.

വംശഹത്യ കേസില്‍ ശിക്ഷിക്കപ്പെടുകയും ഒളിവിലാവുകയും ചെയ്ത ഹസീനയ്ക്ക് ഇന്ത്യന്‍ തലസ്ഥാനത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ അവസരം നല്‍കിയതില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് ബംഗ്ലാദേശ് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഹസീനയും കൂട്ടാളികളും ബംഗ്ലാദേശിനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരെ ശത്രുതാപരമായ പരാമര്‍ശങ്ങള്‍ നടത്തി. ഡല്‍ഹിയില്‍ നടക്കുന്ന ഇത്തരം പരിപാടികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുമെന്ന് നേരത്തെ തന്നെ ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ച് പരിപാടിയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കുകയായിരുന്നുവെന്നും ബംഗ്ലാദേശ് പറയുന്നു.

2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ രണ്ടാം വാര്‍ഷിക വേളയിലാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം വന്നത്. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരോടുള്ള കടുത്ത അവഹേളനമാണ് ഹസീനയ്ക്ക് ഇന്ത്യയില്‍ പരസ്യ നിലപാടിന് അവസരം നല്‍കിയതിലൂടെ ഉണ്ടായിട്ടുള്ളതെന്ന് ധാക്ക ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തിനിടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഐക്യരാഷ്ട്രസഭ നടത്തിയ കണ്ടെത്തലുകള്‍ നിഷേധിക്കാനാണ് ഹസീന ശ്രമിക്കുന്നതെന്നും ചരിത്രത്തെ തിരുത്തിയെഴുതാനുള്ള നീക്കമാണിതെന്നും മന്ത്രാലയം ആരോപിച്ചു. എന്നാല്‍ ഇത്തരം വ്യാജപ്രചാരണങ്ങളെ ബംഗ്ലാദേശിലെ ജനങ്ങള്‍ ഇതിനകം തള്ളിക്കളഞ്ഞതാണെന്നും അവര്‍ വ്യക്തമാക്കി.

ഫാസിസത്തിന്റെ ഇരുണ്ട നാളുകളിലേക്ക് ഇനി തിരിച്ചുപോക്കില്ലെന്നും ഹസീനയ്‌ക്കോ അവരുടെ രാഷ്ട്രീയ പാര്‍ട്ടിക്കോ ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ ഇനി ഭാവിയില്ലെന്നും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. പരമാധികാര സമത്വം, പരസ്പര ബഹുമാനം, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുമായി നല്ല ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, 2013ലെ കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരം ഹസീനയെ വിട്ടുനല്‍കണമെന്ന ആവശ്യത്തില്‍ ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിക്കാത്തതില്‍ ബംഗ്ലാദേശ് നിരാശ പ്രകടിപ്പിച്ചു. തുടര്‍ച്ചയായ കൈമാറ്റ അപേക്ഷകള്‍ നിലനില്‍ക്കെ തന്നെ ഹസീനയ്ക്ക് മാധ്യമങ്ങളിലൂടെ സംസാരിക്കാന്‍ അനുമതി നല്‍കിയത് ജനവികാരത്തെ വ്രണപ്പെടുത്തിയെന്നും ഉഭയകക്ഷി ബന്ധത്തെ ബാധിച്ചെന്നും ബംഗ്ലാദേശ് കൂട്ടിച്ചേര്‍ത്തു.

Bangladesh outraged over Hasina's Delhi press conference, says it hurts bilateral ties

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധ താലൂക്കുകളില്‍ അവധി

എഫ്‌സിആര്‍എ ബില്‍ പാസ്സാക്കാന്‍ തിരക്കിട്ട നീക്കവുമായി കേന്ദ്രം; ഡീലിമിറ്റേഷന്‍, വനിതാ സംവരണ ബില്ലുകളില്‍ സമവായമായില്ലെന്ന് സര്‍ക്കാര്‍

ഹോര്‍മൂസ് ഭാഗികമായി തുറക്കുന്നു ?, ഇറാന്‍-ഒമാന്‍ ചര്‍ച്ച അന്തിമഘട്ടത്തില്‍; താല്‍ക്കാലിക പാത അംഗീകരിക്കില്ലെന്ന് യുഎസ്

Today's Rashi Phalam August 06|സാമ്പത്തിക കാര്യങ്ങളിൽ സ്ഥിരത, പുതിയ അവസരങ്ങൾ ലഭിക്കാം

പ്രവാസികള്‍ക്ക് നാട്ടിലേക്ക് മരുന്നുകള്‍ കൊണ്ടുവരാം; ഖത്തറില്‍ ഇ-പെര്‍മിറ്റ് സംവിധാനം