ന്യൂയോർക്ക്: മെക്സിക്കൻ ലഹരി മാഫിയ തലവൻ എൽ ചാപോ എന്ന വാക്വിൻ ഗുസ്മന്റെ ഭാര്യ എമ കൊറോണൽ ഐസ്പുറോ (31) അറസ്റ്റിൽ. യുഎസിൽ വച്ചാണ് ഇവർ പിടിയിലായത്. ലഹരി മരുന്ന് കേസിൽ എൽ ചാപോ യു.എസിൽ ജയിലിൽ കഴിയുന്നതിനിടെയാണ് ഇയാളുടെ ഭാര്യയും അറസ്റ്റിലാവുന്നത്. നോർത്തേൺ വിർജിനിയയിലെ വിമാനത്താവളത്തിൽ നിന്നാണ് എമയെ പിടികൂടിയത്.
യുഎസിലേക്ക് ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയ അതിമാരക ലഹരി മരുന്നുകൾ എത്തിക്കാൻ ആസൂത്രണം ചെയ്തെന്ന കുറ്റമാണ് എമയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. 2015-ൽ ഗുസ്മനെ ജയിലിൽ നിന്ന് രക്ഷപ്പെടുത്താൻ സഹായിച്ചെന്ന കുറ്റവും ഇവർക്കെതിരെയുണ്ട്. പ്രതിയെ ചൊവ്വാഴ്ച തന്നെ വാഷിങ്ടണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും.
സാൻഫ്രാസിസ്‌കോയിൽ ജനിച്ച് മെക്സിക്കോയിലെ ദുരംഗോയിൽ വളർന്ന എമ കൊറോണൽ ഐസ്പുറോ ലഹരി മാഫിയ തലവനായ ഗുസ്മനെ വിവാഹം കഴിച്ചതോടെയാണ് വാർത്തകളിലിടം നേടുന്നത്. സൗന്ദര്യ മത്സരങ്ങളിൽ തിളങ്ങിയ 18 വയസുകാരി തന്നെക്കാൾ മൂന്നിരട്ടി പ്രായമുള്ള മാഫിയ തലവനെ വിവാഹം കഴിച്ചത് ആളുകളെ ഞെട്ടിച്ചു.
എന്നാൽ പൊലീസിനെയും വിവിധ അന്വേഷണ ഏജൻസികളെയും വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ഗുസ്മനൊപ്പം എമ തന്റെ ദാമ്പത്യജീവിതം ആസ്വദിച്ചു. ഒളിത്താവളങ്ങളിലിരുന്ന് മെക്‌സിക്കൻ അധോലോകത്തെ ഗുസ്മൻ നിയന്ത്രിക്കുമ്പോൾ എമയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. രണ്ട് മക്കളാണ് ഇവർക്കുള്ളത്.
1993-ലാണ് മാഫിയ തലവനായ ഗുസ്മൻ ആദ്യമായി പിടിയിലാകുന്നത്. അന്ന് ഗ്വാട്ടിമാലയിൽ പിടിയിലായ ഗുസ്മനെ പിന്നീട് മെക്‌സിക്കോയ്ക്ക് കൈമാറുകയും 20 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 2001-ൽ ഇയാൾ ജയിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജയിൽചാടി. പിന്നീട് 2014-ലാണ് ഗുസ്മൻ വീണ്ടും പിടിയിലായത്.
പക്ഷേ, ഒരുവർഷത്തിന് ശേഷം ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ ഗുസ്മൻ ജയിൽചാടി. സെല്ലിന് താഴെനിന്ന് ജയിൽവളപ്പിന് പുറത്തേക്ക് തുരങ്കം നിർമിച്ചായിരുന്നു രക്ഷപ്പെടൽ. ഈ സംഭവത്തിലാണ് ഭാര്യ ഉൾപ്പെടെയുള്ള സംഘം ഗുസ്മനെ സഹായിച്ചെന്ന് കണ്ടെത്തിയത്. ജയിലിനടുത്ത് സ്ഥലം വാങ്ങിയ എമയും സംഘവും ദിവസങ്ങൾ നീണ്ട ഓപ്പറേഷനൊടുവിലാണ് ഗുസ്മനെ ജയിലിൽനിന്ന് പുറത്തെത്തിച്ചതെന്നാണ് അധികൃതരുടെ വാദം.
എന്നാൽ 2016-ൽ വെടിവെപ്പിലൂടെ ഗുസ്മനെ മെക്‌സിക്കൻ പോലീസ് കീഴ്‌പ്പെടുത്തി. ഒരുവർഷത്തിന് ശേഷം യു.എസിന് കൈമാറി. 2019-ൽ ഗുസ്മൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നിലവിൽ ഫ്‌ളോറൻസിലെ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് ഇയാൾ.
ഗുസ്മന്റെ കേസിൽ വിചാരണ നടക്കുന്നതിനിടെ ഇടയ്ക്കിടെ കോടതിയിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഭാര്യ എമ കൊറോണൽ ഐസ്പുറോയെ ഏവരും ശ്രദ്ധിച്ചിരുന്നു. ലോകത്തെ കുപ്രസിദ്ധ മാഫിയ തലവന്റെ ഭാര്യ, തന്റെ ഭർത്താവിന് വേണ്ടി നിയമപോരാട്ടം നടത്തുന്നതും അവരുടെ വസ്ത്രധാരണവും വരെ ചർച്ചയായി. ചുരുങ്ങിയ കാലം കൊണ്ട് സെലിബ്രറ്റി പരിവേഷം ലഭിച്ച എമ ഐസ്പുറോ 2019-ൽ യുഎസിൽ സ്വന്തം ബ്രാൻഡിലുള്ള വസ്ത്രങ്ങളും പുറത്തിറക്കി. മാഫിയ കുടുംബങ്ങളെക്കുറിച്ചുള്ള റിയാലിറ്റി ഷോയിലും ഇവർ പങ്കെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates