സാവോ പോളോ: ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ദ സിൽവയ്ക്കെതിരെ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി നിരന്തരം നടത്തുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളിൽ പ്രതിഷേധിച്ച് അർജന്റീനയിലെ നയതന്ത്ര സാന്നിധ്യം കുറച്ച് ബ്രസീൽ. ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ നയതന്ത്ര ഭിന്നതയ്ക്കാണ് നിലവിലെ നീക്കം വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇതിനോടകം തന്നെ ഹാവിയർ മിലി ലുലയെ മൂന്നുതവണ "കള്ളൻ" എന്ന് പരസ്യമായി അധിക്ഷേപിച്ചതായി ബ്രസീൽ വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. ആസന്നമായ ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലുലയുടെ പ്രധാന എതിരാളിയും മുൻ പ്രസിഡന്റ് ജെയർ ബോൽസൊനാരോയുടെ മകനുമായ സെനറ്റർ ഫ്ലാവിയോ ബോൽസൊനാരോയുടെ പാർട്ടി കൺവെൻഷനിൽ പങ്കെടുത്തപ്പോഴും മിലി സമാനമായ പരാമർശങ്ങൾ നടത്തിയിരുന്നു.
കൺവെൻഷനിൽ വെച്ച് ബ്രസീൽ സുപ്രീം കോടതി ജഡ്ജി അലക്സാണ്ടർ ഡി മൊറേസിനെയും മിലി രൂക്ഷമായി വിമർശിച്ചു. സൈനിക അട്ടിമറി ശ്രമക്കേസിൽ 27 വർഷത്തെ തടവുശിക്ഷ അനുഭവിച്ച് വീട്ടുതടങ്കലിൽ കഴിയുന്ന മുൻ പ്രസിഡന്റ് ജെയർ ബോൽസൊനാരോയെ സന്ദർശിക്കാൻ മിലി അനുമതി ചോദിച്ചിരുന്നെങ്കിലും ജഡ്ജി ഡി മൊറൈസ് അത് നിരസിക്കുകയായിരുന്നു. ഇതളായിരുന്നു അധിക്ഷേപത്തിന് പ്രേരകമായത്. ലൂയിസ് ഇനാഷ്യോ ലുല ദ സിൽവയ്ക്കെതിരായ ആദ്യ അധിക്ഷേപങ്ങൾക്ക് പിന്നാലെ ജൂലൈയിൽ അർജന്റീനയിലെ അംബാസഡർ ജൂലിയോ ബിറ്റെല്ലിയെ ബ്രസീൽ തിരിച്ചുവിളിച്ചിരുന്നു. നയതന്ത്ര മേഖലയിൽ താഴ്ന്ന തസ്തികയായി കണക്കാക്കപ്പെടുന്ന ഷാർജ് ഡി അഫയേഴ്സിന്റെ മേൽനോട്ടത്തിലാണ് നിലവിൽ അർജന്റീനയിലെ ബ്രസീലിന്റെ ഔദ്യോഗിക കാര്യങ്ങൾ നടക്കുന്നത്. ലുലയ്ക്കെതിരായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കാത്ത പക്ഷം അംബാസഡർ ബിറ്റെല്ലി ബ്യൂണസ് അയേഴ്സിലേക്ക് മടങ്ങില്ലെന്ന് ബ്രസീൽ വ്യക്തമാക്കി. 2023 ഡിസംബറിൽ മിലി അർജന്റീനയിൽ അധികാരമേറ്റത് മുതൽ ഇരു നേതാക്കളും തണുപ്പൻ ബന്ധമാണ് പുലർത്തുന്നത്. മിലിയുടെ അധിക്ഷേപങ്ങളോട് ലുല ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സഖ്യകക്ഷി കൂടിയാണ് അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി. ട്രംപും ലുലയുമായി ഊഷ്മളമായ ബന്ധമില്ലെന്നതും ഇതുമായി ചേർത്ത് വായിക്കണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബ്രസീൽ സന്ദർശിക്കാൻ അനുമതി ചോദിച്ച രണ്ട് അമേരിക്കൻ നയതന്ത്രജ്ഞർക്ക് ബ്രസീൽ വീസ നിഷേധിച്ചിരുന്നു. ഇതിന് മറുപടിയായി വാഷിംഗ്ടണിലെ ബ്രസീൽ അംബാസഡറുടെ വീസ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കുകയും ചെയ്തു. വർക്കേഴ്സ് പാർട്ടിയുടെ കൺവെൻഷനിൽ വെച്ച് പ്രസിഡന്റ് സ്ഥാനാർത്ഥിയായി വീണ്ടും ലുലയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് തെരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ സംബന്ധിച്ച് ബ്രസീലിൽ ആശങ്കകൾ ഉയർന്നത്.
തങ്ങളുടെ ഇലക്ട്രോണിക് വോട്ടിംഗ് രീതി വളരെ കാര്യക്ഷമമായ ഒന്നാണെന്നും അതിനാൽ തന്നെ അർജന്റീനക്കാരുടെയും അമേരിക്കക്കാരുടെയും വോട്ടുകൾ അത് സ്വീകരിക്കില്ലെന്നും വിദേശ ഇടപെടൽ ശ്രമങ്ങളെ പരിഹസിച്ചുകൊണ്ട് ബ്രസീൽ വൈസ് പ്രസിഡന്റ് ജെറാൾഡോ അൽക്മിൻ പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates