Flavio Bolsonaro  
World

'തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു': ബ്രസീൽ വിട്ട് യുഎസിലെത്തി സ്വയം നേതാവായി പ്രഖ്യാപിച്ച് ഫ്ലാവിയോ ബോൾസൊനാരോ

പാസ്‌പോർട്ട് കണ്ടുകെട്ടാനുള്ള സുപ്രീം കോടതി ഉത്തരവ് മറികടന്ന് മയാമിയിലേക്ക് കടന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

സാവോപോളോ: ബ്രസീലിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് രാജ്യം വിട്ട സെനറ്റർ ഫ്ലാവിയോ ബോൾസൊനാരോ അമേരിക്കയിലെത്തി സ്വയം ബ്രസീലിന്റെ ഔദ്യോഗിക ഭരണാധികാരിയായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ 40 ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ച പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും രാജ്യത്തെ സുപ്രീം കോടതിയും ചേർന്ന് നടത്തിയ ഭരണഘടനാ അട്ടിമറിയുടെ ഇരയാണ് താനെന്നാണ് ബോൾസൊനാരോ അവകാശപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പാസ്‌പോർട്ട് കണ്ടുകെട്ടാൻ ബ്രസീൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും അത് അനുസരിക്കാൻ വിസമ്മതിച്ചാണ് ബോൾസൊനാരോ രഹസ്യമായി രാജ്യം വിട്ട് അമേരിക്കയിലെ മയാമിയിലെത്തിയത്. യാത്രയ്ക്ക് സൗകര്യമൊരുക്കിയ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ്ക്കും, തനിക്കും കുടുംബത്തിനും പ്രവേശന വിസ അനുവദിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും അദ്ദേഹം നന്ദി അറിയിച്ചു.

സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച തുറന്ന കത്തിൽ ആദ്യം 'തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്' എന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹം, പിന്നീട് ആ കത്ത് പിൻവലിച്ച് ബ്രസീലിന്റെ 'യഥാർത്ഥ നേതാവ്' താനാണെന്ന് തിരുത്തി പുതിയ പ്രസ്താവന പുറത്തിറക്കി. തനിക്ക് വോട്ട് ചെയ്ത ആറ് കോടി ജനങ്ങളോട് മാത്രമല്ല, ബ്രസീലിലെ മുഴുവൻ ജനങ്ങളോടുമായി താൻ രാജ്യത്തിന്റെ യഥാർത്ഥ നേതാവാണെന്ന് പ്രഖ്യാപിക്കുകയാണെന്നും, തെരഞ്ഞെടുപ്പ് മോഷ്ടിച്ച കുറ്റവാളികൾ ഏകാധിപത്യം സ്ഥാപിക്കുകയാണെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു

അതേസമയം, തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ബോൾസൊനാരോയുടെ ആവശ്യത്തിന് യാതൊരു സാധ്യതയുമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ലുല ഡ സിൽവയുടെ വിജയം ബ്രസീൽ ഫെഡറൽ ഇലക്ടറൽ കോടതിയും, ലോക നേതാക്കളും, അന്താരാഷ്ട്ര നിരീക്ഷകരും, ബോൾസൊനാരോയുടെ സ്വന്തം പാർട്ടി പോലും ഇതിനകം ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പൂർണ്ണമായും നിയമപരവും ഭരണഘടനാപരവുമായാണ് നടന്നതെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി കാസിയോ നൂൺസ് മാർക്വെസ് വ്യക്തമാക്കി.

ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ ഇടതുപക്ഷ ആഭിമുഖ്യമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടർമാരെ തടഞ്ഞുവെച്ചുവെന്ന ലുലയുടെ ക്യാംപിന്റെ പരാതിയെ തുടർന്ന് സുപ്രീം കോടതി വോട്ടെടുപ്പ് സമയം രണ്ട് മണിക്കൂർ നീട്ടി നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബോൾസൊനാരോ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യുന്നത്. എന്നാൽ മഴ കാരണം തെക്കൻ മേഖലകളിൽ വോട്ടെടുപ്പ് സമയം നീട്ടണമെന്ന് ബോൾസൊനാരോയുടെ പാർട്ടിയും അന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, അധികമായി നൽകിയ രണ്ട് മണിക്കൂറിൽ ആകെ പോൾ ചെയ്തത് 35,000-ൽ താഴെ (0.03 ശതമാനം) വോട്ടുകൾ മാത്രമായിരുന്നുവെന്ന് വിദഗ്ദ്ധരുടെ വിശകലനങ്ങൾ വ്യക്തമാക്കുന്നു.

താൻ രാജ്യം വിട്ടോടിയതല്ലെന്നും രാഷ്ട്രീയ പ്രതികാര നടപടികളിൽ നിന്നും വേട്ടയാടലിൽ നിന്നും രക്ഷനേടാനും കുടുംബത്തെ സംരക്ഷിക്കാനുമാണ് രാജ്യം വിട്ടതെന്നും ബോൾസൊനാരോ പറഞ്ഞു. താൻ ബ്രസീൽ വിട്ടെങ്കിലും ബ്രസീലിലെ ജനങ്ങളെ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതിന് യാതൊരുവിധ തെളിവുകളും ഹാജരാക്കാൻ ബോൾസൊനാരോയ്ക്ക് സാധിച്ചിട്ടില്ല. വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച ഡൊണാൾഡ് ട്രംപ്, ഇതൊരു വിചിത്രമായ തെരഞ്ഞെടുപ്പായിരുന്നുവെന്ന് മാത്രമാണ് മാധ്യമങ്ങളോട് പറഞ്ഞത്.

Brazilian Senator Flavio Bolsonaro has declared himself the rightful leader of Brazil after fleeing to the United States on Wednesday, alleging that he fell victim to an "electoral coup" orchestrated by the country's Supreme Court and President Luiz Inacio Lula da Silva

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സരളമല്ല, ഇത് കരാളം, മുഖ്യമന്ത്രി വേണ്ടത്ര പഠിച്ചിട്ടില്ല'; സരള്‍ ബില്ലിനെതിരെ ജി സുധാകരന്‍; പിന്തുണച്ച് പ്രതിപക്ഷം

ജൂനിയർ ക്ലബ് ക്രിക്കറ്റ്; ജയിച്ചു കയറി ആത്രേയ, വിൻ്റേജ് ടീമുകൾ

ഒരാഴ്ചത്തെ പരിശോധന; മദ്യപിച്ച് വാഹനമോടിച്ചതില്‍ 6,939 കേസുകള്‍; 2,034 പേരുടെ ലൈസന്‍സ് റദ്ദാകും

ക്വിക്ഷിഫ്റ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രോള്‍ അസിസ്റ്റ് 'കിടുക്കാച്ചി' ഫീച്ചറുകള്‍,' 200 ഡ്യൂക്ക്' വിപണിയില്‍

'ഞാൻ വിവാഹിതയായത് ഒരു തരി സ്വർണമില്ലാതെ, ഓരോ വധുവിനും കാര്യങ്ങൾ തിരഞ്ഞെടുക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കണം'; മൃദുല മുരളി