ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റത് പോലുള്ള സംഭവങ്ങള്‍ അമേരിക്കയുടെ രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍. പ്രസിഡന്റുമാര്‍, പ്രധാനപ്പെട്ട സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്ക് നേരെ നേരത്തെയും നിരവധി രാഷ്ട്രീയ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. നിരവധി നേതാക്കന്‍മാര്‍ക്ക് വെടിയേറ്റ് തന്നെ പരിക്ക് പറ്റിയിട്ടുണ്ട്. നാല് പ്രസിഡന്റുമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍ രക്ഷപെട്ട അവസാനത്തെ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ ആണ്.
പതിനാറാം പ്രസിന്റായിരുന്നു എബ്രഹാം ലിങ്കണ്‍. വാഷിങ് ടണിലെ ഫോര്‍ഡ്‌സ് തിയേറ്ററില്‍ ഔവര്‍ അമേരിക്കന്‍ കസിന്‍ എന്ന പ്രത്യേക കോമഡി പരിപാടിയില്‍ ഭാര്യ മേരി ടോഡ് ലിങ്കണോടൊപ്പം പങ്കെടുക്കുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. കോണ്‍ഫഡറേറ്റ് അനുഭാവിയായ ജോണ്‍ വില്‍ക്‌സ് ബൂത്ത് ആണ് വെടിവെച്ചത്. തലയുടെ പിന്‍ഭാഗത്തായിരുന്നു വെടിയേറ്റത്. കറുത്ത വര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നല്‍കിയ പിന്തുണയാണ് കൊലപാതകത്തിന് പിന്നിലെ കാരണമായി പറയുന്നത്.
ഇരുപതാമത്തെ പ്രസിഡന്റ്. അധികാരമേറ്റ ശേഷം ആറ് മാസത്തിനകം കൊല്ലപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റ്. 1881 ജൂലൈ 2ന് ന്യൂ ഇംഗ്ലണ്ടിലേക്കുള്ള ട്രെയിനില്‍ കയറുന്നതിനായി വാഷിങ്ടണിലെ ഒരു റെയില്‍വെ സ്റ്റേഷനിലൂടെ നടക്കുമ്പോള്‍ ചാള്‍ ഗ്യൂട്ടിയൂവ് എന്നയാള്‍ വെടിവെക്കുകയായിരുന്നു. ടെലിഫോണ്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ പ്രസിഡന്റിന് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഉപകരണം ഉപയോഗിച്ച് ഗാര്‍ഫീല്‍ഡിന്റെ നെഞ്ചില്‍ തറച്ച വെടിയുണ്ടകള്‍ പുറത്തെടുക്കുന്നതിന് വേണ്ടി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. മാരകമായി പരിക്കേറ്റ് ആഴ്ചകളോളം വൈറ്റ് ഹൗസില്‍ ചികിത്സയില്‍ തുടര്‍ന്നുവെങ്കിലും സെപ്തംബറില്‍ ന്യൂ ജേഴ്‌സിയിലെത്തിയപ്പോള്‍ മരിച്ചു. ഗിറ്റോ എന്നയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി 1882 ല്‍ വധശിക്ഷക്ക് വിധേയനാക്കി.
25ാമത് പ്രസിഡന്റ് 1901 സെപ്തംബര്‍ 6ന് ന്യൂയോര്‍ക്കിലെ ബഫലോയില്‍ ഒരു പ്രസംഗം നടത്തിയതിന് ശേഷം റിസീവിങ് ലൈനിലൂടെ കടന്നു പോകുന്ന ആളുകളെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് വെടിയേറ്റത്. സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല. സെപ്തംബര്‍ 14ന് മരണത്തിന് കീഴടങ്ങി. 28 കാരനായ ലിയോണ്‍ എഫ് സോള്‍ഗോസ് ആയിരുന്നു വെടിവെച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ വൈദ്യുതക്കസേരയില്‍ ഇരുത്തിയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
35ാമത് പ്രസിഡന്റ്. 1963 നവംബറില്‍ പ്രഥമ വവനിത ജാക്വലിന്‍ കെന്നഡിക്കൊപ്പം ഡാളസ് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊലപാതകം നടത്തിയത് ലീ ഹാര്‍വി ഒസ്വാള്‍ഡ് എന്നയാളായിരുന്നു. അറസ്റ്റിന് രണ്ട് ദിവസത്തിന് ശേഷം കൗണ്ടി ജയിലിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ഡാലസ് നിശാ ക്ലബ് ഉടമ ജാക്ക് റൂബി പ്രതിയെ വെടിവെച്ചു കൊന്നു.
40ാമത് പ്രസിഡന്റ്. വീഷിങ്ടണ്‍ ഡിസിയില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കാനെത്തിയെങ്കിലും അതുപേക്ഷിച്ച് തന്റെ പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിനടുത്തേക്ക് നടക്കുമ്പോള്‍ ജനക്കൂട്ടത്തിലുണ്ടായിരുന്ന ജോണ്‍ ഹിങ്ക്‌ലി എന്നയാള്‍ വെടിവെച്ചു. 1981ലായിരുന്നു അത്. വെടിവെയ്പില്‍ അവസാനം രക്ഷപ്പെട്ട പ്രസിഡന്റും അദ്ദേഹമാണ്. റീഗന്റെ പ്രസ് സെക്രട്ടറി ജെയിംസ് ബ്രാഡി ഉള്‍പ്പെടെ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പ്രതിയെ മാനസിക രോഗിയെന്ന കാരണത്താല്‍ അറസ്റ്റ് ചെയ്ത് മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് 2022ല്‍ മോചിപ്പിക്കപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates