ഒന്നിനുപിറകെ ഒന്നായി യുദ്ധങ്ങളും സംഘർഷങ്ങളും വളർന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. യുഎസ് - ഇസ്രയേൽ - ഇറാൻ യുദ്ധം ആഗോളപ്രതിസന്ധിയായി ഉയരുന്ന അതേസമയം അസ്വസ്ഥമായി തുടരുകയാണ്ലോകത്തിലെ പല കോണുകളും. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് വൻകരകളിലൊക്കെയും വലുതും ചെറുതുമായ പ്രതിസന്ധികൾ തുടരുകയാണ്. രാഷ്ട്രീയ- സാമൂഹിക അരക്ഷിതത്വം ആഭ്യന്തരയുദ്ധങ്ങൾക്കും വഴിയൊരുക്കുന്നു. സഖ്യകക്ഷികളായി തിരിഞ്ഞ് ഈ പ്രതിസന്ധികൾ മൂന്നാമതൊരു ലോകായുധത്തിലേക്ക് വളരുമോ എന്ന ഭയത്തിലാണ് ലോകം.
നയതന്ത്രങ്ങൾ കാലിടറി വീഴുന്നത് ജീവൻ നഷ്ടമായ കുഞ്ഞുങ്ങളടക്കമുള്ള മനുഷ്യർക്ക് മുകളിലേക്കാണ്. ദശലക്ഷക്കണക്കിനു പേർ സ്വന്തം മണ്ണുപേക്ഷിച്ച് പലായനം ചെയ്യപ്പെടുന്നു. അതിലേറെയാണ് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ജീവിച്ചുതീർക്കുന്നവർ. അശാന്തി നിഴലിച്ച ലോകത്തിലെ സുപ്രധാന സംഘർഷ രാജ്യങ്ങളേതൊക്കെയെന്നു നോക്കാം.
യുഎസ് ഇസ്രയേൽ ഇറാൻ യുദ്ധം:
2026 ഫെബ്രുവരി 28 ന് ഇറാനുമേൽ അമേരിക്കയും ഇസ്രയേലും ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന പേരിൽ ഏകോപിത വ്യോമാക്രമണങ്ങൾ ആരംഭിച്ചതോടെയാണ് പശ്ചിമേഷ്യ സംഘർഷങ്ങളിലേക്ക് നീങ്ങിയത്. ആണവായുധ വികസനം തടയുക, ഇറാൻ സൈന്യത്തെ ഇല്ലാതാക്കി രാജ്യത്തിനകത്തെ പ്രക്ഷോഭങ്ങൾ കടുപ്പിച്ചുകൊണ്ട് ഭരണമാറ്റത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആക്രമണങ്ങൾ ആരംഭിച്ചത്. ഇറാനിലെ ആണവ കേന്ദ്രങ്ങൾ, ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ എന്നിവയായിരുന്നു ലക്ഷ്യം. കാലങ്ങളായി ഇറാനു മേൽ കണ്ണുനട്ടിരുന്ന അമേരിക്ക, ആക്രമണങ്ങളുടെ തുടക്കത്തിൽ തന്നെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമെനിയെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിക്കാനായത് വിജയമായി കണക്കാക്കിയിരുന്നു. ഇതോടെ ദിവസങ്ങൾക്കുള്ളിൽ യുദ്ധമവസാനിപ്പിച്ച് ഭരണമാറ്റം സാധ്യമാകുമെന്ന അമേരിക്കയുടെ കണക്കുകൂട്ടലുകൾ പാടെ തിരുത്തിക്കൊണ്ട് ഇറാൻ തിരിച്ചടി ആരംഭിച്ചു.
എലമെന്ററി സ്കൂളിന് നേരെയുള്ള ആക്രമണത്തിൽ 170 ൽ അധികം സ്കൂൾ വിദ്യാർഥികളടക്കം കൊല്ലപ്പെട്ടത് ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ നിലനിന്നിരുന്ന രാജ്യത്തെ ജനങ്ങളെ ബാഹ്യശക്തിക്കെതിരെ ഒന്നിച്ചുനിൽക്കാൻ പ്രേരിപ്പിച്ചു. വളരെപ്പെട്ടെന്നുതന്നെ മുജ്തബ ഹുസൈനി ഖാമേനി ഭരണം ഏറ്റെടുക്കുകയും സൈന്യത്തെ സജ്ജമാക്കുകയും ചെയ്തു. ഇസ്രയേൽ, ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ എന്നിവയെ ഇറാൻ നൂറുകണക്കിന് മിസൈലുകളും ആയിരക്കണക്കിന് ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടി ആഗോള എണ്ണ/ഇന്ധന പ്രതിസന്ധി സൃഷ്ടിച്ചു. ഒപ്പം പ്രോക്സികൾ (ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂത്തികൾ) ആക്രമണങ്ങൾ വർദ്ധിപ്പിച്ചത് പോരാട്ടം വ്യാപിപ്പിക്കുകയും ചെയ്തു.
പാകിസ്ഥാൻറെ മധ്യസ്ഥതയിൽ ഏപ്രിൽ 8 മുതൽ 2 ആഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മൂന്നു രാജ്യങ്ങൾക്കിടയിലും സമാധാനചർച്ചകൾ ഫലം കണ്ടിട്ടില്ല. ഏപ്രിൽ 22 നു ശേഷം യുദ്ധം തുടരുമോ ഇല്ലയോ എന്ന പ്രതിസന്ധി നിലനിൽക്കുകയാണ്. ഇതിനിടെ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള വിലപണിയിൽ ഇന്ധന വിലവർദ്ധന സൃഷ്ടിച്ചിട്ടുണ്ട്.
പലസ്‌തീൻ വംശഹത്യ:
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ഉയർന്നുവന്ന സയണിസ്റ്റ് ആശയങ്ങളും ( ജൂത ദേശീയത) ബ്രിട്ടീഷ് കോളണിയായ പലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം വർധിച്ചതും വളർന്നുകൊണ്ടിരുന്ന അറബ് ദേശീയതയുമായുള്ള ഏറ്റുമുട്ടലുകളുമാണ് നീണ്ടകാലത്തെ ഇസ്രയേൽ പലസ്തീൻ സംഘർഷങ്ങളിലേക്ക് നയിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, 1947-ൽ ഐക്യരാഷ്ട്രസഭ പലസ്തീനിനെ ജൂത, അറബ് രാജ്യങ്ങളായി വിഭജിക്കാൻ നിർദ്ദേശിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. 1948 -ൽ ഇസ്രയേൽ സ്വാതന്ത്രരാജ്യമായി സ്വയം പ്രഖ്യാപിച്ചത് അറബ്-ഇസ്രയേൽ യുദ്ധത്തിന് തുടക്കമിട്ടു. 700,000 പലസ്തീനികളാണ് അന്ന് സ്വന്തം മണ്ണിൽ നിന്നും നാടുകടത്തപ്പെട്ടത്.
പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രയേൽ ആക്രമണത്തിനെതിരെ പലസ്തീനിലെ രാഷ്ട്രീയ-സൈനിക സംഘടനയായ ഹമാസ് തിരിച്ചടികളും ആരംഭിച്ചിരുന്നു. 2023 ഒക്ടോബർ 7 ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 250 ൽ അധികം പേർ ബന്ദികളാക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഇസ്രയേലിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഒക്ടോബർ 7 ലെ ഹമാസ് ആക്രമണം. ഈ കാലയളവിൽ ജീവൻ നഷ്ടമായ പലസ്തീനിയൻ ജനതയുടെ കണക്ക് 1,36,000 ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 56 ലക്ഷം പലസ്തീനികൾ നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒക്ടോബർ 7 ലെ ആക്രമണം ഈ എണ്ണം വർധിപ്പിച്ചു. 2025 അവസാനത്തോടെ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി കുട്ടികളടക്കം 75000 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും അതിലുമധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നീണ്ടകാലം നീണ്ടുനിന്ന വംശഹത്യക്കൊടുക്കം അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖാപിക്കുകയായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ 2025 ഒക്ടോബർ 10 ന് ഇരുരാജ്യങ്ങളും വെടിനിർത്തൽ കാറിൽ ഒപ്പുവെച്ചു. ശേഷിക്കുന്ന ബന്ദികളെ ഹമാസ് വിട്ടയച്ചു. യുദ്ധത്തിൽ നിന്നും ഇസ്രയേൽ ഭാഗികമായി പിൻവാങ്ങി. ഇപ്പോഴും ഗാസയുടെ 53 ശതമാനവും നിയന്ത്രിക്കുന്നത് ഇസ്രയേൽ തന്നെയാണ്. തടവുകാരെ വിട്ടയക്കുക, ഹമാസിന്റെ നിരായുധീകരണം, സാങ്കേതികവാദികളായ പലസ്തീൻ ഭരണം, രാജ്യത്തിൻറെ പുനർനിർമ്മാണം എന്നിവയായിരുന്നു കരാർ വ്യവസ്ഥകൾ. എന്നാൽ നിലവിൽ പലസ്തീനിൽ സംഘർഷമോ സമാധാനമോ ഇല്ലാത്ത അവസ്ഥയാണ്. ഇസ്രായേൽ തുടർച്ചയായ ആക്രമണങ്ങൾ തുടരുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷം മാത്രം 700 മുതൽ 750 വരെ ഫലസ്തീനികളെ കൊല്ലുകയും രണ്ടായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കരാർ വ്യവസ്ഥകൾ നിലനിൽക്കെത്തന്നെ 2026 മാർച്ച് 30 ന് ഇസ്രയേൽ പാർലമെന്റ് പലസ്തീനെ തടവുകാരെ തൂക്കിക്കൊല്ലാനുള്ള നിയമവും പാസാക്കിയിരുന്നു.
റഷ്യ യുക്രൈൻ യുദ്ധം :
2014 ഫെബ്രുവരിയിൽ ആരംഭിച്ച യുക്രൈൻ റഷ്യൻ സംഘർഷം 2022 ഫെബ്രുവരിയായപ്പോഴേക്കും പൂർണ്ണമായ റഷ്യൻ അധിനിവേശമായി പരിവർത്തിക്കപ്പെടുകയായിരുന്നു. നാറ്റോ, യൂറോപ്യൻ യൂണിയൻ പോലുള്ള പാശ്ചാത്യ സഖ്യങ്ങളെ എതിർത്താണ് യുക്രൈനുമേൽ റഷ്യ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നത്. നാറ്റോ വ്യാപനത്തിനെതിരെ തങ്ങളുടെ സുരക്ഷയുറപ്പിക്കുക, ഡോൺബാസിലെ വംശഹത്യ തടയുക, റഷ്യയിൽ ഒരു പ്രത്യേക രാഷ്ട്രമായി നിലനിൽക്കാനുള്ള ഉക്രൈന്റെ അവകാശം നിഷേധിക്കുക എന്നീ കാരണങ്ങൾ ഉയർത്തിക്കാട്ടിയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. യുക്രൈന്റെ സൈനികശക്തി ഇല്ലാതാക്കാനും തലസ്ഥാനനഗരമായ കീവ് പിടിച്ചെടുക്കാനും, കിഴക്കു-തെക്കേ പ്രദേശങ്ങൾ നിയന്ത്രണത്തിൽ കൊണ്ടുവരാനുമായിരുന്നു റഷ്യയുടെ ലക്ഷ്യം. എന്നാൽ പശ്ചാത്യരാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്ന യുക്രൈൻ വിദേശ ആയുധങ്ങളും റഷ്യൻ ഉപരോധങ്ങളും ഉപയോഗിച്ച് പ്രതിരോധം സൃഷ്ടിച്ചു.
റഷ്യൻ യുക്രൈൻ സംഘർഷത്തിലെ പ്രധാന സംഭവം റഷ്യ മാരിയുപോൾ പിടിച്ചടക്കിയതായിരുന്നു. 2022 ഫെബ്രുവരിയിൽ അവസാനം തന്ത്രപ്രധാന തുറമുഖ നഗരമായ മാരിയുപോളിനെ ഉപരോധിക്കുകയും പോരാട്ടം കടുപ്പിക്കുകയും ചെയ്തു. 8000 ൽ അധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും വലിയ നാശനഷ്ടമുണ്ടാക്കിയ ആക്രമണത്തിനൊടുവിൽ റഷ്യ മാരിയുപോൾ നിയന്ത്രണത്തിലാക്കി. അതേ വർഷം ഓഗസ്റ്റ് 29 മുതൽ നവംബർ 11 വരെയുള്ള കാലം യുക്രൈൻ റഷ്യയെ തിരിച്ചടിച്ചു. ഖാർകിവിലും ഖേർസണിലും യുക്രൈനിയൻ പ്രത്യാക്രമണങ്ങൾ ഉണ്ടായി. 2022 സെപ്റ്റംബറിൽ, ഖാർകിവിനടുത്ത് യുക്രൈൻ ആരംഭിച്ച അപ്രതീക്ഷിത ആക്രമണത്തിൽ 12,000 കിലോമീറ്ററിലധികം പ്രദേശം മോചിപ്പിക്കുകയും റഷ്യക്കാരെ പിൻവാങ്ങാൻ നിർബന്ധിക്കുകയും ചെയ്തു. തെക്ക് പേഴ്‌സണിൽ നടത്തിയ ആക്രമണത്തിനൊടുക്കം നവംബർ 11 ന് ഖേർസൺ നഗരത്തിൽ നിന്ന് റഷ്യ പിൻവാങ്ങുന്നതിലേക്ക് നയിച്ചു. 2022 ജൂലൈ മുതൽ 2023 മെയ് വരെ, റഷ്യ കിഴക്കൻ നഗരമായ ബഖ്മുട്ടിൽ മാസങ്ങൾ നീണ്ടുനിന്ന ക്രൂരമായ ആക്രമണം നടത്തി. "മീറ്റ് ഗ്രൈൻഡർ" എന്നറിയപ്പെട്ട ആക്രമണത്തിനൊടുക്കം 2023 മെയ് 20 ന് റഷ്യ ബഖ്മുട് നഗരം പിടിച്ചെടുത്തു.
2026 ന്റെ തുടക്കത്തിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം റഷ്യൻ സൈന്യത്തിന് 1.2 ദശലക്ഷം നാശനഷ്ടവും യുക്രൈനിയൻ സൈന്യത്തിനു 600,000ത്തിലധികം നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിനു മനുഷ്യരാണ് സംഘർഷത്തെത്തുടർന്ന് നാടുകടത്തപ്പെട്ടത് 15,000 മുതൽ 56,000 വരെ പേർ കൊല്ലപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതുവരെ ഒരു സമാധാന കരാറും നിലവിൽവരാത്ത യുദ്ധമാണിത്.
സിറിയൻ ആഭ്യന്തരയുദ്ധം :
2011 മാർച്ചിൽ ബഷർ അൽ-അസദിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായി സമാധാനപരമായ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളായിട്ടാണ് സിറിയൻ സംഘർഷം ആരംഭിച്ചത്. എന്നാൽ റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ അസദ് സൈന്യം അക്രമാസക്തമായി തിരിച്ചടിച്ചതോടെ പ്രതിപക്ഷ വിമതരും ഐഎസ്ഐഎസ് പോലുള്ള ഇസ്ലാമിക ഗ്രൂപ്പുകളും കുർദിഷ് സേനയും(എസ്ഡിഎഫ്) തുർക്കി പിന്തുണയുള്ള മിലിഷ്യകളും ചേർന്ന ആഭ്യന്തര യുദ്ധമായി അത് മാറി. പ്രതിഷേധങ്ങൾ സായുധ കലാപമായി. 2013 - 2019 കാലഘട്ടത്തിൽ ഐഎസ്ഐഎസ് യുദ്ധത്തിൽ പങ്കാളിയായതോടെ രാസായുധ ആക്രമണങ്ങൾ, വിദേശ ഇടപെടലുകൾ എന്നിവ ഉൾപ്പെടുന്ന വ്യാപകയുദ്ധമായി മാറി വൻതോതിലുള്ള നാശം വിതച്ചു. ഏകദേശം 5,80,000 പേർ മരിക്കുകയും 13 ദശലക്ഷത്തിലധികം പേരെ നാടുകടത്തുകയും ചെയ്തു.
2024 ഡിസംബറിൽ, ഹയാത്ത് തഹ്‌രിർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള വിമതർ അസദിനെ അട്ടിമറിക്കുകയും, അദ്ദേഹത്തിന് റഷ്യയിലേക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തു. അബു മുഹമ്മദ് അൽ-ജൊലാനി എന്നറിയപ്പെടുന്ന അഹമ്മദ് അൽ-ഷറ (മുൻ എച്ച്ടിഎസ് നേതാവ്)യുടെ നേതൃത്വത്തിലുള്ള ദുർബലമായൊരു സർക്കാർ സംവിധാനമാണ് നിലവിൽ സിറിയ ഭരിക്കുന്നത്. അഞ്ചുവർഷം കാലാവധിയുള്ള ജനാധിപത്യാവസ്ഥ നിലവിൽ കൊണ്ടുവരികയെന്നതായിരുന്നു ലക്ഷ്യം. എന്നാൽ സിറിയയുടെ പല ഭാഗങ്ങളിലുമായി വിഭാഗീയതകളും ആക്രമണങ്ങളും തുടരുകയാണ്. പ്രത്യേകിച്ചും അലവൈറ്റുകൾ ഡ്രൂസുകൾ എന്നീ വിഭാഗങ്ങൾക്കേറ്റക്കിരിയാണ് ആക്രമണങ്ങൾ സംഭവിക്കുന്നത്. വടക്കുകിഴക്കൻ മേഖലയിൽ കുർദിഷ് എസ്ഡിഎഫ് സേനയുമായും ഏറ്റുമുട്ടൽ തുടരുന്നുണ്ട്. ഇതിനിടെ ഇസ്രായേൽ ആക്രമണവും ഉണ്ടായത് കൂടുതൽ അസ്ഥിരത സൃഷ്ടിക്കുകയും പുനർനിർമ്മാണം പ്രതിസന്ധിയിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും നീണ്ടകാലം തുടർന്ന അതിക്രൂരമായ ആക്രമണങ്ങളെ അപേക്ഷിച്ച് പുതിയ സർക്കാർ സംവിധാനങ്ങൾ നിലവിൽ വന്നത് പ്രദേശത്ത് ആപേക്ഷികമായി സമാധാനം സൃഷ്ടിച്ചിട്ടുണ്ട്.
പാക്- അഫ്ഗാൻ സംഘർഷം
പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമിടയിൽ വ്യാപിച്ചുകിയടക്കുന്ന 2,640 കിലോമീറ്റർ ദൂരത്തിലുള്ള അന്താരാഷ്ട്ര അതിർത്തിയാണ് ദുരന്ദ് ലൈൻ. 1893 ൽ ബ്രിട്ടീഷ് ഇന്ത്യയിലെ നയതന്ത്രജ്ഞൻ മോർട്ടിമർ ഡ്യുറന്റും അഫ്ഗാൻ അമീർ അബ്ദുർ റഹ്മാൻ ഖാനും ചേർന്നാണ് റഷ്യൻ അധിനിവേശം തടുക്കാനെന്ന ലക്ഷ്യത്തോടെ ഡ്യുറന്റ് ലൈൻ സ്ഥാപിക്കുന്നത്. എന്നാൽ ഈ അതിർത്തി പൂർണ്ണമായും അംഗീകരിക്കാൻ അഫ്‌ഗാനിസ്ഥാൻ തയ്യാറായിരുന്നില്ല. ഒരു കൊളോണിയൽ അടിച്ചേൽപ്പിക്കലായാണ് രാജ്യം അതിനെ കണക്കാക്കിയത്. തുടർന്ന് നീണ്ടകാലം അതിർത്തിയിൽ നീരസങ്ങളും ഉണ്ടായിട്ടുണ്ട്. നൂറുവർഷത്തെ കാലാവധിയായിരുന്നു കരാറിനുണ്ടായിരുന്നതെന്നും 1993 ൽ കാലാവധി അവസാനിച്ചതിയോടെ ഡ്യുറന്റ് ലൈൻ അതിർത്തിയായി അംഗീകരിക്കാനാവില്ലെന്നുമാണ് അഫ്ഗാനിസ്ഥാന്റെ പക്ഷം.
2021 ൽ താലിബാൻ ഭരണം ഏറ്റെടുത്തതിനുശേഷം പാകി അതിർത്തിയിലെ സംഘർഷങ്ങൾ വർദ്ധിച്ചു. 2025–2026 കാലത്ത് ഏറ്റുമുട്ടലുകൾ രൂക്ഷമായി. ടിടിപി നേതാക്കളെയും താവളങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിലേക്ക് വ്യോമാക്രമണം നടത്തി. 2026 ഫെബ്രുവരിയിൽ, കാബൂളിലും കാണ്ഡഹാറിലുമുള്ള താലിബാൻ സൈനിക കേന്ദ്രങ്ങളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ തുറന്ന യുദ്ധം ആരംഭിക്കാൻ കാരണമായി. അതിർത്തിയിൽ അഫ്ഗാനിസ്ഥാനും തിരിച്ചടിച്ചു.
2022 ഫെബ്രുവരിയിൽ പാകിസ്ഥാനുള്ളിലെ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി, അഫ്ഗാനിസ്ഥാനിലെ നൻഗർഹാർ, പക്തിക, ഖോസ്റ്റ് പ്രവിശ്യകളിലെ തീവ്രവാദി ക്യാമ്പുകൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ വ്യോമാക്രമണം നടത്തി. ദിവസങ്ങൾക്കുള്ളിൽ ഡസൻ കണക്കിന് പാകിസ്ഥാൻ സൈനികരെ കൊല്ലുകയും 15 മുതൽ 19 വരെ സൈനിക പോസ്റ്റുകൾ പിടിച്ചെടുക്കുകയും ചെയ്തതായി അഫ്ഗാനിലെ താലിബാൻ സൈന്യം അവകാശപ്പെട്ടു. തുടർന്നാണ് പാകിസ്ഥാൻ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും ഓപ്പറേഷൻ ഗസാബ് ലിൽ ഹഖ് എന്നപേരിൽ കാബൂൾ, കാണ്ഡഹാർ,തുടങ്ങിയ ഇടങ്ങളിലെ താലിബാൻ സൈന്യത്തിനെതിരെ ആക്രമണത്തിന് മുതിരുകയും ചെയ്തത്. കാബൂളിലെ ഒരു മയക്കുമരുന്ന് പുനരധിവാസ ആശുപത്രിക്കു നേരെ (മാർച്ച് 16) നടന്ന വിവാദമായ പാകിസ്ഥാൻ ആക്രമണത്തിൽ 400-ലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ റിപ്പോർട്ട് ചെയ്തിരുന്നു.
സുഡാനിലെ ആഭ്യന്തരയുദ്ധം :
ജനറൽ അബ്ദുൽ ഫത്താഹ് അൽ-ബുർഹാൻ നയിക്കുന്ന സുഡാനീസ് സായുധ സേനയും (SAF) ജനറൽ മുഹമ്മദ് ഹംദാൻ ദഗലോ (ഹെമദ്തി) നയിക്കുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിലുള്ള അക്രമാസക്തമായ അധികാര പോരാട്ടത്തെത്തുടർന്ന് 2023 ഏപ്രിൽ 15 നാണ് സുഡാൻ സംഘർഷം ആരംഭിച്ചത്. 2021 ലെ സംയുക്ത അട്ടിമറിയെത്തുടർന്ന് ആർഎസ്‌എഫിനെ ദേശീയ സൈന്യത്തിൽ സംയോജിപ്പിക്കുന്നതിനെച്ചൊല്ലി സംഘർഷങ്ങൾ വർദ്ധിച്ചു. സുഡാനീസ് സായുധ സേനയിൽ (SAF) നിന്ന് ആർഎസ്എഫ് നിയന്ത്രണം ഏറ്റെടുത്തതിനെത്തുടർന്ന് സുഡാനിലെ നോർത്ത് ഡാർഫറിന്റെ തലസ്ഥാനമായ എൽ ഫാഷറിൽ കൂട്ടക്കൊല നടന്നു. കഴിഞ്ഞ നാല് വർഷമായി നീളുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളൊന്നും തന്നെ ഫലം കണ്ടില്ല.
കോർഡോഫാൻ മേഖല, ഡാർഫർ, ബ്ലൂ നൈൽ, മധ്യ സുഡാന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത ഏറ്റുമുട്ടലുകളാണ് സംഭവിച്ചത്. ഡ്രോണുകളും പീരങ്കികളുമടക്കം ഉപയോഗിച്ച് കരയിലൂടെയും ആകാശത്തിലൂടെയും ഇരുവിഭാഗങ്ങളും തമ്മിലുള്ള ആക്രമണങ്ങൾ തുടരുന്നുണ്ട്. ജനവാസകേന്ദ്രങ്ങളും ആശുപത്രികളും വ്യാപാരകേന്ദ്രങ്ങളുമടക്കം നശിപ്പിച്ചുകൊണ്ടാണ് രണ്ടു സൈനികശക്തികളും സ്വന്തം രാജ്യത്തിനകത്ത് ഏറ്റുമുട്ടുന്നത്. സംഘർഷത്തെത്തുടർന്ന് പാലായനം ചെയ്യപ്പെട്ടത് 14 ദശലക്ഷം ജനങ്ങളാണ്. 33 ലക്ഷത്തിലധികം പേർ ഗുരുതരമായ പരിക്കുകളോടെ കഴിയുന്നു. കടുത്ത ക്ഷാമവും രാജ്യത്തെ വേട്ടയാടുകയാണ്. 4 ലക്ഷത്തോളം ആളുകളെ കാണാതായിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വ്യാപകമായ ലൈംഗിക അതിക്രമങ്ങളും, വംശീയ കൂട്ടക്കൊലകളും ജനജീവിതം ദുരിതപൂർണ്ണമാക്കുന്നുണ്ട്.
പെറുവിലെ സംഘർഷം:
പൂർണ്ണാർത്ഥത്തിൽ ഒരു ആഭ്യന്തരയുദ്ധമല്ല പെറുവിൽ നിലവിലുള്ളത്. രാഷ്ട്രീയമായ അസ്ഥിരതയും സാമൂഹിക അരാചകത്വവുമാണ് പെറുവിനെ സംഘർഷഭരിതമാക്കുന്നത്. 1980–2000 കാലഘട്ടത്തിൽ ഷൈനിംഗ് പാത്ത് ( പെറുവിലെ മാവോയിസ്റ്റ് ഗറില്ലകൾ) നടത്തിയ ആഭ്യന്തര സായുധ സംഘട്ടനത്തിന്റെ തുടർച്ചയാണത്. അന്ന് നടന്ന സംഘർഷത്തിൽ 70,000 പേർ കൊല്ലപ്പെട്ടിരുന്നു. 2016 മുതൽ കടുത്ത രാഷ്ട്രീയ അരാജകത്വത്തിലൂടെ കടന്നുപോകുന്ന പെറുവിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ 9 പ്രസിഡന്റുമാരാണ് അധികാരത്തിലെത്തിയത്.
തുടർച്ചയായ ഭരണമാറ്റവും അഴിമതിയും രാജ്യത്തിനകത്ത് വലിയ പ്രതിസന്ധിയുണ്ടാക്കി. 2022–2023 കാലഘട്ടത്തിൽ പ്രസിഡന്റ് ദിന ബൊലുവാർട്ടെയെ പുറത്താക്കിയതിനുശേഷം ഉണ്ടായ പ്രതിഷേധങ്ങളിൽ 49 പേർ കൊല്ലപ്പെട്ടു. 2025 ലും പ്രതിഷേധം തുറന്നു. വർദ്ധിച്ചുവരുന്ന സംഘടിത കുറ്റകൃത്യങ്ങൾ, കൊള്ളയടിക്കൽ, അനധികൃത ഖനനം, കൊലപാതകങ്ങൾ എന്നിവ അടിയന്തരാവസ്ഥയിലേക്ക് നയിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates