World

ഗാസ: തടവുകാരുടെ കൈമാറ്റം പുനഃരാരംഭിക്കുന്നു; നാല് ബന്ദികള്‍ക്ക് പകരം 620 തടവുകാരെയും പുതിയ സംഘത്തെയും ഇസ്രയേല്‍ വിട്ടയക്കും?

വിശദാംശങ്ങള്‍ പുറത്തുവിടാതെ ഇസ്രയേലും കൈമാറ്റ കരാര്‍ സ്ഥിരീകരിക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഖാന്‍യൂനിസ്: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ആരംഭിക്കുകയും പിന്നീട് നിര്‍ത്തിവച്ചതുമായി പലസ്തീന്‍ - ഇസ്രയേല്‍ തടവുകാരുടെ കൈമാറ്റം വീണ്ടും ആരംഭിക്കും. കൈമാറ്റം പുനഃരാരംഭിക്കാന്‍ മധ്യസ്ഥരുമായി കരാര്‍ സജ്ജമായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തടവുകാരുടെ ഏഴാമത്തെ ബാച്ചിന്റെ കൈമാറ്റത്തിനാണ് അവസരം ഒരുങ്ങുന്നതെന്ന് ഹമാസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൈമാറ്റ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാതെ ഇസ്രയേലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

620 തടവുകാരെയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന പുതിയ ബാച്ച് തടവുകാരെയും ഇസ്രയേല്‍ കൈമാറിയാല്‍ നാല് ഇസ്രായേല്‍ ബന്ദികളുടെ മൃതദേഹം ഹമാസും കൈമാറുമെന്നാണ് ധാരണ. തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലെ യൂറോപ്യന്‍ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍, കൈമാറ്റ കരാര്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഹമാസ് ഏറ്റവും ഒടുവില്‍ ബന്ദികളെ മോചിപ്പിച്ചത്. ഇതിന് പകരമായി 620 തടവുകാരെ ആയിരുന്നു ഇസ്രയേല്‍ വിട്ടയക്കേണ്ടത്. എന്നാല്‍ ഇസ്രയേല്‍ അവസാന നിമിഷം നടപടിയില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഈ വിഷയത്തില്‍ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ വച്ച് നടന്ന ചര്‍ച്ചയിലാണ് ഇപ്പോഴത്തെ ധാരണ ഉണ്ടായത്. പുതിയ കരാര്‍, ഇസ്രായേല്‍ പാലിക്കുമെന്ന് മധ്യസ്ഥരില്‍ നിന്ന് വ്യക്തമായ ഉറപ്പ് ലഭിച്ചെന്ന് ഹമാസ് വക്താവ് ഹസീം ഖാസിമിനെ ഉദ്ധരിച്ചും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ, ഹമാസ് കൈമാറിയ ഷിരി ഷിബാസിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. പതിനായിരകണക്കിന് പേര്‍ പങ്കെടുത്ത ചടങ്ങില്‍ ആയിരുന്നു സംസ്‌കാരം. 'ഞങ്ങളോട് ക്ഷമിക്കണം' എന്ന് രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളും ഇസ്രയേലി പതാകകളുമായാണ് ജനങ്ങള്‍ ചടങ്ങിനെത്തിയത്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ഈ മാസം ആദ്യം നാല് മൃതദേഹങ്ങള്‍ ഹമാസ് കൈമാറിയത്.

2023 ഒക്ടോബര്‍ 7 ലെ ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കിയവരില്‍ ഏറ്റവും ചെറിയ കുഞ്ഞെന്ന നിലയില്‍ ലോക ശ്രദ്ധ നേടിയ 9 മാസം മാത്രം പ്രായമുള്ള കെഫിര്‍ ബിബാസിന്റെതുള്‍പ്പെടെ നാല് മൃതദേഹങ്ങളായിരുന്നു ഹമാസ് കൈമാറിയത്. എന്നാല്‍, ഇതില്‍ കുട്ടികളുടെ മാതാവ് ഷിരി ഷിബാസിന്റെതെന്ന് വ്യക്തമാക്കി കൈമാറിയ മൃതദേഹം മാറിപ്പോയതും വാര്‍ത്തയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പിശകകുകള്‍ തിരുത്തി യഥാര്‍ത്ഥ മൃതദേഹം കൈമാറുകയും ചെയ്തിരുന്നു. ഇവയാണ് ഇന്ന് സംസ്‌കരിച്ചത്. അതിനിടെ, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയില്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈനിക നടപടി കടുപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അന്‍പതോളം പലസ്തീനികളെയാണ് ഈ മേഖലയില്‍ നിന്ന് കഴിഞ്ഞ മണിക്കൂറുകളില്‍ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ...'; വൈകാരിക കുറിപ്പുമായി അതിജീവിത

ബ്രൂവറി അനുമതി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളുടെ പേരില്‍; സര്‍ക്കാരിന് തിരിച്ചടിയല്ല; എംബി രാജേഷ്

ചോദ്യത്തിന് കോഴ ആരോപണം: മഹുവ മൊയ്ത്രയ്ക്കെതിരായ ലോക്പാല്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പാരഡി ഗാന വിവാദത്തില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍; തുടര്‍ നടപടികള്‍ വേണ്ടെന്ന് നിര്‍ദേശം

'ദീലീപിനെ കുറിച്ച് പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്‍, പരാതി

SCROLL FOR NEXT