ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാനും പഠിക്കാനും ആഗോള സൈനിക ശക്തികൾ. പഹൽഗാമിലെ ഭീകരാക്രമണത്തിന് പതിനഞ്ചാം നാൾ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ തിരിച്ചടിയും അതിന് ശേഷം സങ്കീർണ്ണമായ സാഹചര്യവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ആഗോള സൈനിക ശക്തികൾ കൗതുകത്തോടെയും ഗൗരവത്തോടെയും പഠിക്കുന്നത്.
പ്രധാനമായും ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘർഷ സാഹചര്യത്തിലെ വ്യോമമേഖലയാണ് ആഗോള സൈനിക ശക്തികൾ സൂക്ഷ്മമാമായി നിരീക്ഷിക്കുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പ്രധാന കാരണം ഇരു രാജ്യങ്ങളും ഉപയോഗിക്കുന്ന വ്യോമ വാഹനങ്ങളാണ്. പാകിസ്ഥാൻ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത ജെറ്റുകളും ഇന്ത്യയുടെ റഫാൽ യുദ്ധ വിമാനങ്ങളുടെയും കാര്യത്തിലുള്ള താൽപ്പര്യമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.
വ്യോമമേഖലയിലെ സംഘർഷം പൈലറ്റുമാരുടെ പ്രവർത്തനം, യുദ്ധവിമാനങ്ങളുടെയും എയർ ടു എയർ മിസൈലുകളുടെയും ശേഷി എന്നിവയെ കുറിച്ച് അറിവ് ലഭിക്കുന്നതിനും അവരവരുടെ സ്വന്തം വ്യോമസൈനികശേഷിയെ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്ന സംവിധാനങ്ങൾ രൂപീകരിക്കുന്നതിനും സഹായകമാകും എന്നതിനാലാണ് ഇക്കാര്യത്തിൽ സൂക്ഷ്മമായി നിരീക്ഷണവും പഠനവും നടത്തുന്നത്. ലോകത്തെ മുഴുവൻ സൈനിക ശക്തികളും ആധുനിക ആയുധങ്ങളെ കുറിച്ച് വിശകലനം ചെയ്യാൻ കിട്ടിയ അവസരമായി ഈ സംഘർഷത്തെ വിനിയോഗിക്കുമെന്ന് വിദഗ്ദ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
തായ്‌വാനുമായി ബന്ധപ്പെട്ട് യു എസും ചൈനയും തമ്മിൽ ഉണ്ടായേക്കാമെന്ന് ഭയപ്പെടുന്ന സംഘർഷം മുതൽ ഏഷ്യാ- പസഫിക് മേഖലയിലെ വിവിധ വിഷയങ്ങൾ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. ചൈന, യു എസ്, യൂറോപ്പ് തുടങ്ങി നിരവധി രാജ്യങ്ങളിലുള്ളവർ ഇക്കാര്യത്തിൽ വളരെയധികം താൽപ്പര്യം കാണിക്കുന്നുണ്ടെന്ന് ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിലെ മിലിട്ടറി എയോറോസ്പേസ് സീനിയർ ഫെല്ലോ ഡബ്ലസ് ബാരി അഭിപ്രായപ്പെട്ടു. ഈ സമയത്ത് സ്വീകരിക്കുന്ന തന്ത്രങ്ങൾ, സാങ്കേതികത്വം, നടപടിക്രമങ്ങൾ, എന്തെല്ലാം കിറ്റുകളാണ് ഇതിനായി ഉപയോഗിച്ചത് എന്തെല്ലാം ലക്ഷ്യം കണ്ടു, എന്തൊക്കെ പരാജയപ്പെട്ടു എന്നൊക്കെ അറിയാൻ ഇത് സഹായിക്കും.
ഇതിനൊക്കെ ശേഷം എന്തൊക്കെ ശരിയായ രീതിയിൽ പ്രവർത്തിച്ചു, എന്തൊക്കെ പ്രവർത്തിച്ചില്ല എന്നകാര്യത്തെ കുറിച്ച് തീർച്ചയായും ഓഡിറ്റ് ഉണ്ടാകുമെന്നും വാഷിങ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യുദ്ധകാര്യ വിദഗ്ധനായ ബൈറോൺ കല്ലൻ വാർത്താ ഏജൻസിയോട് അഭിപ്രായപ്പെട്ടു. ആയുധം നൽകിയ രാജ്യങ്ങൾക്കൊക്കെ തന്നെ അവരുടെ ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിച്ചുവെന്നതിൻറെ പ്രതികരണം കിട്ടാൻ താൽപ്പര്യമുണ്ടാകും. യുദ്ധവുമായി ബന്ധപ്പെട്ട് യു എസ് ആയുധകമ്പനികൾക്ക് യുക്രൈനിൽ നിന്നുള്ള പ്രതികരണങ്ങൾ കിട്ടുന്നത് അറിയാം. അതുപോലെ തന്നെ ചൈനയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കുമൊക്കെ ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള അഭിപ്രായങ്ങൾ അറിയാൻ ആഗ്രഹം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates