വാഷിങ്ടണ്‍: ഹമാസ് - ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഗാസയില്‍ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങളില്‍ ഹമാസിന് മുന്നറിയിപ്പുമായി യുഎസ്. ഗാസയില്‍ സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായി കണക്കാക്കും എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക പ്രസ്താവനയിലാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്.
ഗാസയിലെ സിവിലിയന്മാര്‍ക്കെതിരെ ഹമാസ് ആക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്ന 'വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍' തങ്ങളുടെ കൈവശമുണ്ടെന്നാണ് യുഎസ് നിലപാട്. ഇത്തരം നടപടി ഉണ്ടായാല്‍ അത് വെടിനിര്‍ത്തല്‍ കരാറിന്റെ 'നേരിട്ടുള്ളതും ഗുരുതരവുമായ' ലംഘനമാകുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. ഗാസയില്‍ സമാധാനം നിലനില്‍ക്കുന്നു എന്ന് ഉറപ്പാക്കാന്‍ കാരാറിന് മുന്‍കയ്യെടുത്ത ഇടനിലക്കാര്‍ക്ക് ബാധ്യതയുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു.
അക്രമണത്തിന് കോപ്പുകൂട്ടുന്നു എന്ന യുഎസിന്റെ ആരോപണം ഹമാസ് നിഷേധിച്ചു. എന്നാല്‍, ഗാസയിലുള്ള ചില സായുധ സംഘങ്ങളെ ഇസ്രയേല്‍ സഹായിക്കുന്നു എന്നും ഇവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും ഹമാസ് ആരോപിച്ചു. ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങാന്‍ തുടങ്ങിയതിന് പിന്നാവെയാണ് ഹമാസും ചില പ്രാദേശിക സായുധ സംഘടനളും തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്.
ഹമാസ് സായുധ നീക്കങ്ങളുമായി മുന്നോട്ട് പോയാല്‍, ഗാസയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും വെടിനിര്‍ത്തലിന്റെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനും വേണ്ട ഇടപെടുലുകള്‍ യുഎസ് നടത്തുമെന്നും സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പറയുന്നു. ഇതേവിഷയത്തില്‍ നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയില്‍ ഹമാസ് സായുധ നീക്കങ്ങള്‍ തുടര്‍ന്നാല്‍, അവരെ ഇല്ലാതാക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല എന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ ട്രംപ് അറിയിച്ചത്. എന്നാല്‍ ഗാസയിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates