ബെയ്‌റൂട്ട്: ഇറാന്‍ കേന്ദ്രമായ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നതിനിടെ പുരോഗമിക്കെ ലബനനില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ലബനനിലെ സൈദ, നബാത്തിയ ജില്ലകളിലും തെക്കന്‍ മേഖലകളില്‍ ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. മാര്‍ച്ച് 2 ന് ഇസ്രായേല്‍ ആക്രമണം രൂക്ഷമായതിനുശേഷം ലെബനനില്‍ കുറഞ്ഞത് 1,888 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 163 കുട്ടികളും ഉള്‍പ്പെടുന്നു.
ആക്രമണങ്ങളില്‍ ആയിരത്തിലധികം പേര്‍ക്ക് പരുക്കേറ്റതായി ലബനന്‍ സര്‍ക്കാര്‍ പറഞ്ഞു. വ്യോമാക്രമണത്തിന് ഒപ്പം ലബനനിലെ ചില മേഖലകളില്‍ ജനങ്ങളെ നിര്‍ബന്ധമായി ഒഴിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച ഇസ്രായേല്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെടുകയും 1150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു.
യുദ്ധത്തില്‍ 1,400 ഹിസ്ബുള്ള അംഗങ്ങളെ 'ഉന്മൂലനം' ചെയ്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഹിസ്ബുള്ളയ്ക്ക് എതിരായ സൈനിക നടപടി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ ആകെ 4,300 ഹിസ്ബുള്ള കേന്ദ്രങ്ങള്‍ നശിപ്പിച്ചതായും 1,400 അംഗങ്ങളെ വധിച്ചെന്നുണ് ഇസ്രയേലിന്റെ അവകാശവാദം. 'ഉന്മൂലനം' ചെയ്തതായും ഇസ്രായേല്‍ സൈന്യം പറയുന്നു.
അതേസമയം, സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്കായി ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം യുഎസിലേക്ക് പോകും. നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ഇസ്രയേല്‍ താത്പര്യം പ്രകടിപ്പിച്ചതാണ് ഈ നയതന്ത്ര നീക്കത്തിന് വഴിയൊരുക്കിയത്. ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നാണ് ലെബനന്റെ ആവശ്യം. എന്നാല്‍, ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിനുള്ള സൈനിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇസ്രയേല്‍ അമേരിക്കയോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ചകള്‍ക്കിടയിലും സൈനിക നടപടി തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, ലെബനനിലെ ഉയര്‍ന്ന തോതിലുള്ള മരണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ രംഗത്തെത്തി. ലെബനനില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്ക രേഖപ്പെടുത്തുന്നതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ലെബനനിലെ ഐക്യരാഷ്ട്ര സഭയുടെ ഇടക്കാല സേനയിലേക്ക് സൈനികരെ സംഭാവന ചെയ്യുന്ന ഒരു രാഷ്ട്രമെന്ന നിലയില്‍ നിലവിലെ സ്ഥിതിഗതി വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇന്ത്യ എപ്പോളും പൗരന്മാരുടെ സംരക്ഷണത്തിന് പ്രധമ പരിഗണന നല്‍കിയിട്ടുണ്ട്. മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates