വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയും പ്രമുഖ സാങ്കേതിക കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജയശ്രീ ഉള്ളാള്‍ അമേരിക്കയിലെ ഏറ്റവും സമ്പന്നരായ സ്വയം നിര്‍മിത വനിതകളുടെ പട്ടികയില്‍ ഇടം നേടി.
അമേരിക്കന്‍ ബിസിനസ് മാസികയായ ഫോബ്‌സ് പുറത്തുവിട്ട 2026-ലെ 'അമേരിക്കയുടെ സമ്പന്ന സ്വയം നിര്‍മിത വനിതകള്‍' എന്ന പട്ടികയിലാണ് ജയശ്രീ ഉള്ളാളിന്റെ പേര് ഉള്‍പ്പെട്ടിരിക്കുന്നത്. സാങ്കേതിക രംഗത്ത് സ്വന്തം കഴിവും നേതൃത്വപാടവവും ഉപയോഗിച്ച് ഉയരങ്ങൾ കീഴടക്കിയ വനിതകളില്‍ ഒരാളായി ശ്രദ്ധ നേടുകയാണ് ജയശ്രീ.
നെറ്റ്‌വര്‍ക്കിങ്, ക്ലൗഡ് കമ്പ്യൂട്ടിങ് സാങ്കേതികവിദ്യകളില്‍ ആഗോളതലത്തില്‍ ശ്രദ്ധേ നേടിയ കമ്പനിയായ അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിന്റെ സിഇഒയും പ്രസിഡന്റുമാണ് ജയശ്രീ ഉള്ളാള്‍. 2008-ലാണ് അവര്‍ കമ്പനിയുടെ നേതൃത്വത്തിലെത്തിയത്. അന്ന് താരതമ്യേന ചെറിയ സ്ഥാപനമായിരുന്ന അരിസ്റ്റയെ ലോകത്തിലെ പ്രമുഖ നെറ്റ്‌വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളിലൊന്നാക്കി മാറ്റുന്നതില്‍ അവരുടെ പങ്ക് നിര്‍ണായകമായിരുന്നു.
ജയശ്രീയുടെ നേതൃത്വത്തില്‍ അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സ് വന്‍ വളര്‍ച്ച കൈവരിച്ചു. ക്ലൗഡ് സേവന ദാതാക്കള്‍ക്കും ഡാറ്റാ സെന്ററുകള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍ക്കും ആവശ്യമായ അത്യാധുനിക നെറ്റ്‌വര്‍ക്കിങ് ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ കമ്പനി സാങ്കേതിക മേഖലയിലെ പ്രധാന ശക്തിയായി മാറി. മൈക്രോസോഫ്റ്റ്, മെറ്റ, ഗൂഗിള്‍ തുടങ്ങിയ സാങ്കേതിക ഭീമന്മാര്‍ അടക്കമുള്ള സ്ഥാപനങ്ങളാണ് അരിസ്റ്റയുടെ പ്രധാന ഉപഭോക്താക്കള്‍.
ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ജയശ്രീ ഉള്ളാളിന്റെ ആസ്തി ഏകദേശം 4.8 ബില്യണ്‍ ഡോളറാണ്. കമ്പനിയിലെ ഓഹരി പങ്കാളിത്തവും ദീര്‍ഘകാല നിക്ഷേപങ്ങളുമാണ് സമ്പത്തിന്റെ പ്രധാന ഉറവിടം. സ്വയം പടുത്ത സാമ്രാജ്യത്തിലൂടെ അമേരിക്കയിലെ ഏറ്റവും വിജയകരമായ വനിതാ സംരംഭക നേതാക്കളില്‍ ഒരാളായി അവര്‍ വിലയിരുത്തപ്പെടുന്നു. സുന്ദര്‍ പിച്ചൈ, സത്യ നദെല്ല, അര്‍വിന്ദ് കൃഷ്ണ തുടങ്ങിയ ഇന്ത്യന്‍ വംശജര്‍ ആഗോള സാങ്കേതിക സ്ഥാപനങ്ങളെ നയിക്കുന്ന കാലത്തെ ജയശ്രീ ഉള്ളാളിന്റെ നേട്ടം ശ്രദ്ധേയമാണ്.
ലണ്ടനില്‍ ജനിച്ച ജയശ്രീ ഉള്ളാളിന്റെ കുടുംബവേരുകള്‍ ഇന്ത്യയിലാണ്. ചുരുങ്ങിയകാലം ഇന്ത്യയില്‍ ചെലവഴിച്ച അവര്‍ ഉന്നത വിദ്യാഭ്യാസത്തിനായാണ് അമേരിക്കയിലെത്തിയത്. സാന്‍ ഫ്രാന്‍സിസ്‌കോ സ്റ്റേറ്റ് സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം സാങ്കേതിക മേഖലയിലെ വിവിധ പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചാണ് അവര്‍ കോര്‍പ്പറേറ്റ് ലോകത്ത് ശ്രദ്ധേയയായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates