ടെഹ്റാൻ: സമാധാന കരാറിന് തയ്യാറാകണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി തള്ളി ഇറാൻ. ഭീഷണിപ്പെടുത്തി ചര്‍ച്ച നടത്താമെന്ന് ആരും കരുതേണ്ട. ഭീഷണിയുടെ നിഴലില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധരല്ലെന്നും ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗർ ഖാലിബഫ് പറഞ്ഞു. ഉപരോധം ഏര്‍പ്പെടുത്തിയും വെടിനിര്‍ത്തല്‍ ലംഘിച്ചും ചര്‍ച്ചാമേശയെ ട്രംപ് കീഴടങ്ങല്‍ മേശയാക്കാന്‍ നീക്കം നടത്തിയെന്നും ആദ്യ ചര്‍ച്ചയ്ക്ക് നേതൃത്വം വഹിച്ച ഖാലിബഫ് പറഞ്ഞു.
വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പാക്കാനുള്ള രണ്ടാംവട്ട ചര്‍ച്ച അനിശ്ചിതത്വത്തിലാണ്. ഹോര്‍മൂസില്‍ ഇറാനിയന്‍ കപ്പല്‍ യുഎസ് സേന പിടിച്ചെടുത്തതാണ് സമാധാന നീക്കങ്ങളെ തകിടം മറിച്ചത്. വെടിനിര്‍ത്തലിന് ഇടയിലും ഇറാന്റെ കപ്പലുകള്‍ക്ക് അമേരിക്ക നാവിക ഉപരോധം ഏര്‍പ്പെടുത്തിയതും ഇറാനെ ചൊടിപ്പിച്ചിട്ടുണ്ട്. ഉപരോധം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്.
സമാധാന കരാറിന് ഇറാന്‍ ഉടന്‍ തയ്യാറാകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ നാവിക ഉപരോധം അവസാനിപ്പിക്കില്ല. ഉപരോധം ഇറാനെ തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനുമായി കരാറില്‍ ഏര്‍പ്പെടാന്‍ തന്റെ മേല്‍ യാതൊരുവിധ സമ്മർദ്ദവുമില്ല. ഇറാനുമായുള്ള യുദ്ധത്തില്‍ വലിയ വിജയത്തിലേക്ക് അമേരിക്ക നീങ്ങുകയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
ഏപ്രിൽ 22 നാണ് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാർ അവസാനിക്കുന്നത്. രണ്ടാം വട്ട സമാധാന ചര്‍ച്ചയ്ക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇസ്ലാമാബാദിലേക്ക് തിരിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ചർച്ചകൾക്കായി പാകിസ്ഥാനിലേക്ക് പ്രതിനിധിയെ അയക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ചര്‍ച്ചകള്‍ നടക്കില്ലെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഇറാനെ അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ നടക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates