വാഷിങ്ടണ്‍: ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാര്‍ഷിക ഫണ്ടിങ് ബില്ലുകള്‍ യുഎസ് കോണ്‍ഗ്രസില്‍ പാസാകാത്ത സാഹചര്യത്തില്‍ അമേരിക്ക ഭരണ സ്തംഭനത്തിലേക്ക് നീങ്ങുമ്പോള്‍ കൂട്ടപ്പിരിച്ചുവിടല്‍ ആസന്നമെന്ന് റിപ്പോര്‍ട്ട്. പുതിയ ചെലവ് പദ്ധതിയില്‍ ഒരു ധാരണയിലെത്താന്‍ കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പ്രതിനിധികള്‍ക്ക് കഴിയാത്ത സാഹചര്യമാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നത്. ഈ നില തുടര്‍ന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ യുഎസ് ഫെഡറല്‍ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
യുഎസ് കോണ്‍ഗ്രസില്‍ വാര്‍ഷിക ഫണ്ടിങ് ബില്ലുകള്‍ പാസാക്കുന്നത് സംബന്ധിച്ച് ഡെമോക്രാറ്റുകളും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള വാക്കുതര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ വന്നതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. ഒക്ടോബര്‍ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കാനിരിക്കേ, സര്‍ക്കാരിന് ധനസഹായം നല്‍കുന്നതില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തമ്മില്‍ സമവായത്തില്‍ എത്തിയില്ലെന്നതാണ് ആറ് വര്‍ഷത്തിനിടയിലെ ആദ്യത്തെ അടച്ചുപൂട്ടലിലേക്ക് അമേരിക്കന്‍ സര്‍ക്കാരിനെ നയിക്കുന്നത്.
ബുധനാഴ്ച വൈകീട്ട് മാധ്യമങ്ങളെ കണ്ട വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് എന്നിവരും പിരിച്ചുവിടലിന്റെ ശക്തമായ സൂചനകളാണ് നല്‍കിയത്. ചിലപ്പോള്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യേണ്ടിവരും എന്ന മുന്നറിയിപ്പോടെ ആയിരുന്നു തൊഴില്‍ വെട്ടിച്ചുരുക്കല്‍ സംബന്ധിച്ച കരോലിന്‍ ലെവിറ്റിന്റെ പ്രതികരണം. ഡെമോക്രാറ്റ് പ്രതിനിധികള്‍ രാഷ്ട്രീയ നാടകം കളിക്കുന്നു എന്നായിരുന്നു ജെ ഡി വാന്‍സ് നടത്തിയ പ്രതികരണം.
പിരിച്ചുവിടലില്‍ രാഷ്ട്രീയ സ്വാധീനം പ്രകടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ജെ ഡി വാന്‍സ് തള്ളി. എന്നാല്‍ പിരിച്ചുവിടേണ്ടവര്‍ ആരെന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ചില തൊഴിലാളികളെ എന്തുചെയ്യണമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല, പക്ഷേ പ്രതിസന്ധി കൂടുതല്‍ കാലം നീണ്ടുനിന്നാല്‍ അസാധാരണമായ നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കാം എന്നാണ് പറയുന്നതെന്നും ജെ ഡി വാന്‍സ് പ്രതികരിച്ചു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഏകദേശം 750,000 ഫെഡറല്‍ ജീവനക്കാരെ ഫര്‍ലോ എന്ന് വിളിക്കുന്ന നിര്‍ബന്ധിത അവധിയിലേക്ക് മാറ്റും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലിയില്‍ നിന്ന് പുറത്തിരിക്കുന്ന കാലമത്രയും വേതനം ലഭിക്കില്ല. സൈനിക, അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലുള്ള അവശ്യ തൊഴിലാളികളുടെ ഗണത്തില്‍പ്പെടുന്നവര്‍ ശമ്പളമില്ലാതെ ജോലി ചെയ്യാനും നിര്‍ബന്ധിതരാകാം. പലര്‍ക്കും വരുന്ന ആഴ്ചയില്‍ ശമ്പളം ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates