നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം AP
World

നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം, മരണം 95 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാനില്ല; 77 കൈലാസ തീര്‍ത്ഥാടകരെക്കുറിച്ചും വിവരമില്ല, തിരച്ചിൽ

അപകടസ്ഥലത്ത് കുടുങ്ങിപ്പോയ മലയാളി വിനോദസഞ്ചാരി സംഘം സുരക്ഷിതരാണെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ച മിന്നല്‍ പ്രളയത്തില്‍ മരണം 95 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 105 ഇന്ത്യാക്കാരും 37 പ്രവാസി ഇന്ത്യാക്കാരും ഉള്‍പ്പെടെ 400 ഓളം പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. പ്രളയത്തില്‍ കുടുങ്ങിയ 250 ഓളം പേരെ രക്ഷപ്പെടുത്തിയതായി നേപ്പാള്‍ പ്രധാനമന്ത്രി ബലേന്‍ ഷാ അറിയിച്ചു. അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

നേപ്പാള്‍ സൈന്യം, നേപ്പാള്‍ അംഡ് പൊലീസ് ഫോഴ്‌സ്, നേപ്പാള്‍ പൊലീസ് തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലേക്ക് മാറ്റുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബീര്‍ ഹോസ്പിറ്റല്‍, നാഷണല്‍ ട്രോമ സെന്റര്‍ എന്നിവിടങ്ങളില്‍ 100 ലേറെ കിടക്കകള്‍ പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്കായി മാറ്റിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കുടിവെള്ളം, മരുന്നുകള്‍, ഇടക്കാല താമസസ്ഥലം എന്നിവ ഒരുക്കും. തകര്‍ന്ന പാലങ്ങള്‍, വൈദ്യുതി വിതരണം, കുടിവെള്ള ശൃംഖലകള്‍ എന്നിവ പുനഃസ്ഥാപിക്കാന്‍ മുന്‍ഗണന നല്‍കുമെന്നും പ്രധാനമന്ത്രി ബലേന്‍ ഷാ അറിയിച്ചു. ടിബറ്റിനോട് ചേര്‍ന്നുള്ള റസുവ ജില്ലയിലാണ് വന്‍ നാശം വിതച്ച് മിന്നല്‍ പ്രളയമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, വീടുകള്‍, പാലങ്ങള്‍ തുടങ്ങിയ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി.

ഭോട്ടെ കോശി നദിയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെയാണ് മിന്നല്‍ പ്രളയമുണ്ടായത്. നുവാകോട്ട്, ധാഡിങ് ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടായി. 291 വിദേശികളും 93 നേപ്പാളി പൗരന്മാരും അടക്കം 384 സഞ്ചാരികളെ കാണാതായതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചു. കൈലാസ് യാത്രയ്ക്ക് പോയ 77 തീര്‍ത്ഥാടകരെ കാണാനില്ലെന്ന് ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനും ആത്മീയഗുരുവുമായ ജഗ്ഗി വാസുദേവ് അറിയിച്ചു. കൈലാസ യാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ കൈലാസ തീര്‍ത്ഥാടന ഗ്രൂപ്പുകളിലൊന്നില്‍ നിന്നുള്ള 77 തീര്‍ത്ഥാടകര്‍ ടിബറ്റിലെ ഗൈറോങ്ങിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ നില്‍ക്കെയാണ് പ്രളയജലം ഇരച്ചെത്തിയത്. വെള്ളപ്പൊക്കത്തില്‍ ഇമിഗ്രേഷന്‍ കെട്ടിടത്തിന്റെ ഭൂരിഭാഗവും മുങ്ങിയതായാണ് വിവരമെന്നും ജഗ്ഗി വാസുദേവ് അറിയിച്ചു. അതേസമയം, അപകടസ്ഥലത്ത് കുടുങ്ങിപ്പോയ മലയാളി വിനോദസഞ്ചാരി സംഘം സുരക്ഷിതരാണെന്നാണ് സൂചന. ഗലാച്ചിയിലാണ് കാസര്‍കോടു നിന്നുള്ള 36 അംഗ ടൂറിസ്റ്റ് സംഘം കുടുങ്ങിയത്.

ഭോട്ടെ കോശി നദിയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെയാണ് മിന്നല്‍ പ്രളയം ഉണ്ടായത്. ടിബറ്റന്‍ മേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഇരച്ചെത്തി. നിരവധി മരങ്ങളും വീടുകളും പാലങ്ങളും വെള്ളപ്പാച്ചിലില്‍ തകര്‍ന്നു. നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയി. മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് കുതിച്ചെത്തുന്ന വെള്ളം ഗ്രാമങ്ങളെ തുടച്ചുനീക്കി മുന്നോട്ടുപോകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭോട്ടെ കോശി നദിയുടെ തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കാനും, ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Nepal Flash floods: Over 400 people including 105 Indians are missing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാള്‍ പ്രളയം: അടിയന്തര സഹായത്തിന് ഹെല്‍പ് ഡെസ്‌ക് തുടങ്ങി നോര്‍ക്ക

'ശബരീനാഥന്‍ മന്ത്രി ആകണമെന്ന് ആഗ്രഹമുണ്ടോ?'; ദിവ്യ എസ് അയ്യരുടെ മറുപടി ഇങ്ങനെ

റോബോട്ടില്‍ ഒളിപ്പിച്ച് മയക്കു മരുന്ന് കടത്ത്; 20.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ 50 ലേറെ മരണം, 105 ഇന്ത്യക്കാരെ കാണാതായി, കുടുങ്ങിയവരില്‍ മലയാളി സംഘവും, ഇന്ന് തീവ്രമഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

29-ാം വയസ്സില്‍ വിരമിച്ച് സ്വന്തമായി കൃഷി തുടങ്ങി; യുവതിയുടെ നാലുഘട്ട 'ഫാം ലൈഫ്' മാതൃക ചര്‍ച്ചയാകുന്നു