ജനീവ: ഏറെ വ്യാപനശേഷിയുള്ള കോവിഡ് വകഭേദം ഒമൈക്രോണിന്റെ ഉപവകഭേദങ്ങള്‍ ലോകത്ത് 57 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ലോകത്ത് അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന, യഥാര്‍ത്ഥ കൊറോണ വൈറസിനേക്കാള്‍ അതിവ്യാപനശേഷിയുള്ള വകഭേദമാണ് ഒമൈക്രോണ്‍. അതിന്റെ ഉപവകഭേദങ്ങളാണ് കണ്ടെത്തിയത്.
ബിഎ1, ബിഎ1.1, ബിഎ2, ബിഎ3 എന്നീ ഉപവകഭേദങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ബിഎ2 ഉപവകഭേദമാണ് കൂടുതല്‍ വ്യാപകമായി കണ്ടു വരുന്നത്. ആദ്യ കൊറോണ വൈറസില്‍ നിന്നും നിരവധി മ്യൂട്ടേഷന്‍ ( പരിവര്‍ത്തനം) സംഭവിച്ചവയാണ് ബിഎ2 ഉപവകഭേദം. മനുഷ്യശരീരത്തിലേക്ക് കടന്നുകയറുന്ന സ്‌പൈക്ക് പ്രോട്ടീനില്‍ അടക്കം മാറ്റമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന
ഏറെ വ്യാപനശേഷിയുള്ള ബിഎ2 ഉപവകഭേദം ഇതുവരെ 57 രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. ചില രാജ്യങ്ങളില്‍ ഈ ഉപവകഭേദങ്ങളുടെ ഉള്‍പ്പിരിവുകളും കാണുന്നുണ്ട്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒമൈക്രോണിനേക്കാള്‍ തീവ്രവ്യാപനശേഷിയുള്ളതാണ് ബിഎ2 ഉപവകഭേദം എന്നും, അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലും ബിഎ2 ഉപവകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
പുതിയ ഉപവകഭേദങ്ങളുടെ സ്വഭാവം, വ്യാപനശേഷി, പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിവയെക്കുറിച്ചെല്ലാം പഠനം നടക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയിലെ ഗവേഷക മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. കൊറോണ വൈറസിന്റെ മുന്‍ കവഭേദമായ ഡെല്‍റ്റയെ അപേക്ഷിച്ച് ഒമൈക്രോണ്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നില്ലെന്നാണ് പൊതുവായ വിലയിരുത്തല്‍.
അതേസമയം കോവിഡ് ഇപ്പോഴും അപകടകാരിയായി തുടരുകയാണ്. വൈറസ് എല്ലായിടത്തും വ്യാപിക്കുന്നുണ്ട്. നിരന്തരം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയുമാണ്. അതിനാല്‍ വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ ജനങ്ങള്‍ പരമാവധി സുരക്ഷിതത്വം പാലിക്കുകയാണ് ഉത്തമമെന്നും മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.
ഒമൈക്രോണ്‍ പലരാജ്യങ്ങളിലും മൂര്‍ധന്യാവസ്ഥയിലേക്ക് എത്തിയിട്ടില്ല
ഒമൈക്രോണ്‍ വകഭേദം പലരാജ്യങ്ങളിലും മൂര്‍ധന്യാവസ്ഥയിലേക്ക് എത്തിയിട്ടില്ല. അതുകൊണ്ടു തന്നെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്നതില്‍ ധൃതി വേണ്ടെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. വളരെ സൂക്ഷിച്ചും കരുതലോടെയും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്താവൂ. പല രാജ്യങ്ങളിലും ഇനിയും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടില്ല.
പ്രായമായവരും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവരുമായ നിരവധി പേര്‍ക്ക് ഇനിയും വാക്‌സിന്‍ പരിരക്ഷ കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. വൈറസ് വ്യാപനം ഇപ്പോഴും ശക്തമാണ്. ധൃതിപിടിച്ച് ഇളവുകള്‍ അനുവദിച്ചാല്‍ സ്ഥിതി സ്‌ഫോടനാത്മകമാകുമെന്നും മരിയ വാന്‍ കെര്‍ഖോവ് മുന്നറിയിപ്പ് നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates