വെല്ലിങ്ടൺ: രാജ്യത്ത് ഒമ്പത് പേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ തന്റെ വിവാഹം മാറ്റിവെച്ചതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. ഏറെ നാളായി പങ്കാളികളായി കഴിയുന്ന ജസീന്തയും ക്ലാർക്ക് ഗേയ്‌ഫോഡും ഏതാനും ആഴ്ചകൾക്കുള്ളിൽ വിവഹിതരാകുമെന്ന് അറിയിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെയാണ് തീരുമാനം മാറ്റിയത്.
ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ന്യൂസിലൻഡ്. ചടങ്ങുകളിൽ പൂർണമായും വാക്സിൻ എടുത്ത 100 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളു. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ രണ്ട് നഗരങ്ങൾക്കിടയിൽ യാത്ര ചെയ്ത കുടുംബത്തിലെ ഒമ്പത് അംഗങ്ങൾക്കാണ് രോഗബാധ കണ്ടെത്തിയത്.
പൊതുഗതാഗതത്തിലും കടകളിലും മാസ്ക് ധരിക്കൽ നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ ഫെബ്രുവരി അവസാനം വരെ തുടരും. നിയന്ത്രണങ്ങൾ അറിയിച്ചതിന് പിന്നാലെയാണ് തന്റെ വിവാഹം മാറ്റിവച്ചതായി ജസീന്ത അറിയിച്ചത്. 'മഹാമാരി കാരണം ഇത്തരമൊരു അനുഭവം ഉണ്ടായ മറ്റ് നിരവധി ന്യൂസിലൻഡുകാർക്കൊപ്പം ഞാൻ പങ്കുചേരുന്നു. ആ സാഹചര്യത്തിൽ കുടുങ്ങിയ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു', ജസീന്ത പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates