ഹജ്ജ് തീര്‍ത്ഥാടകർ മക്കയില്‍ Hajj pilgrimage  എക്സ്
World

കൊടും ചൂടിനെ കരുതണം, കുട്ടികള്‍ക്ക് അനുമതിയില്ല; ഹജ്ജ് തീര്‍ത്ഥാടനത്തില്‍ ഇത്തവണ ശ്രദ്ധിക്കേണ്ടത്

12 വയസില്‍ താഴെയുള്ള കുട്ടികള്‍ ഹജ്ജ് ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങളാണ് ഇത്തവണ നിലവിലുള്ളത്

സമകാലിക മലയാളം ഡെസ്ക്

റിയാദ് : ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ നഗരം മക്ക ഹജ്ജ് തീര്‍ത്ഥാടകരുടെ പ്രവാഹത്തിന് ഒരുങ്ങിക്കഴിഞ്ഞു. 1400 വര്‍ഷത്തെ പാരമ്പര്യമുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിന് (Hajj pilgrimage) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ സൗദി അറേബ്യയില്‍ എത്തും. കൊടും ചൂട് ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വിഷയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ അതീവ കരുതലോടെയാണ് രാജ്യം ഹജ്ജ് തീര്‍ത്ഥാനത്തിന്റെ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ ഹജ്ജ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഇത്തവണ നിലവിലുള്ളത്.

ഈ വര്‍ഷത്തെ ഹജ്ജിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

സൗദി മരുഭൂമിയിലെ ചൂട് കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടകര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു, കടുത്ത വെയിലും ഉയര്‍ന്ന താപനിലയുമായിരുന്നു പ്രധാന വെല്ലുവിളി. ഇക്കാലയളവില്‍ 47 ഡിഗ്രി സെല്‍ഷ്യസില്‍ അധികമായിരുന്നു മേഖലയില്‍ അനുഭവപ്പെട്ട താപനില. കാലാവസ്ഥ ഉള്‍പ്പെടെ പ്രതികൂലമായതോടെ 1300 ല്‍ അധികം ആളുകളാണ് കഴിഞ്ഞ ഹജ്ജ് തീര്‍ത്ഥാടനകാലത്ത് മരിച്ചത്. ഈ സാഹചര്യത്തിലാണ് സൗദി ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ നേരിട്ട് വെയില്‍ ഏര്‍ക്കാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കണം എന്നാണ് പ്രധാന നിര്‍ദേശം. പകല്‍സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം, ആചാരപരമായി കാര്യങ്ങള്‍ക്ക് ഒഴികെ തലമറയ്ക്കാതെ പുറത്തിറങ്ങരുത് എന്നും നിര്‍ദേശിക്കുന്നു. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍, കുടകള്‍, നിര്‍ജ്ജലീകരണം, ചൂട്, ക്ഷീണം എന്നിവ തിരിച്ചറിയുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ സുരക്ഷാ കിറ്റും സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനുള്ള വിപുലമായ പദ്ധതിയും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

12 വയസില്‍ താഴെയുള്ള കുട്ടികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അനുവദിക്കുന്നില്ലെന്നതാണ് ഇത്തവണത്തെ ഏറ്റവും പ്രകടമായ മാറ്റം. തീര്‍ത്ഥാടന വേളയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് നിരോധനം ചൂണ്ടിക്കാട്ടുന്നത്. വലിയ ജനക്കൂട്ടത്തില്‍ കുട്ടികളുടെ സുരക്ഷ വെല്ലുവിളിയാണെന്നാണ് അധികൃതരുടെ വാദം.

ഇതിന് പുറമെ അനധികൃത ഹജ്ജ് തീര്‍ത്ഥാടനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഇന്‍ബൗണ്ട് യാത്ര നിയന്ത്രിക്കുന്നതിനുള്ള നടപടികളും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അള്‍ജീരിയ, സുഡാന്‍, എത്യോപ്യ, ടുണീഷ്യ, യെമന്‍, മൊറോക്കോ എന്നീ 14 രാജ്യങ്ങള്‍ക്കുള്ള ഹ്രസ്വകാല വിസകളുടെ വിതരണം ഏപ്രിലില്‍ സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

ഹ്രസ്വകാല വിസകളില്‍ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുകയും ഹജ്ജിനായി ഔദ്യോഗിക അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നീക്കം. കഴിഞ്ഞ വര്‍ഷം കൊടുചൂടില്‍ മരിച്ച തീര്‍ത്ഥാടകരില്‍ പലരും ഹജ്ജ് തീര്‍ത്ഥാടകരായി രജിസ്റ്റര്‍ ചെയ്യാത്തവരും ശീതീകരിച്ച തീര്‍ത്ഥാടക സൗകര്യങ്ങള്‍ ലഭ്യമാകാത്തവരുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

തീര്‍ത്ഥാടകര്‍ക്കുള്ള മതിയായ വിസയില്ലാതെ ഹജ്ജ് വേളയില്‍ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 20,000 റിയാല്‍ മുതല്‍ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT