
വാഷിങ്ടണ്‍: 2300 ആകുമ്പോഴേക്കും ലോക ജനസംഖ്യ ( World Population) 10 കോടിയായി ചുരുങ്ങുമെന്ന് പ്രവചനം. നിലവിലുള്ള 800 കോടി ജനസംഖ്യയില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വ്യാപനം മൂലമാണ് ഭാവിയില്‍ ഇത് സംഭവിക്കാന്‍ പോകുന്നതെന്നും അമേരിക്ക ആസ്ഥാനമായുള്ള സാങ്കേതിക വിദഗ്ദ്ധന്‍ മുന്നറിയിപ്പ് നല്‍കി.
ഒക്ലഹോമ സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുന്ന സുഭാഷ് കാക്ക് ആണ് ആശങ്കപ്പെടുത്തുന്ന പ്രവചനം നടത്തിയത്. ജനസംഖ്യാ തകര്‍ച്ച ടെര്‍മിനേറ്റര്‍ ശൈലിയിലുള്ള ന്യൂക്ലിയര്‍ ഹോളോകോസ്റ്റ് മൂലം മാത്രമായിരിക്കില്ല, മറിച്ച് ജോലികള്‍ വെട്ടിക്കുറയ്ക്കുന്ന എഐ വഴി ഭാവിയില്‍ സംഭവിക്കാമെന്നാണ് സുഭാഷ് കാക്കിന്റെ അവകാശവാദം.'ഇത് സമൂഹത്തിനും ലോക സമൂഹത്തിനും വിനാശകരമായിരിക്കും. ആളുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു സൂചനയും ഇല്ലെന്ന് ഞാന്‍ കരുതുന്നു. കമ്പ്യൂട്ടറുകളോ റോബോട്ടുകളോ ഒരിക്കലും ബോധമുള്ളവരായിരിക്കില്ല, പക്ഷേ നമ്മള്‍ ചെയ്യുന്നതെല്ലാം അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ചെയ്യും. കാരണം നമ്മുടെ ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന മിക്ക കാര്യങ്ങളും മാറ്റിസ്ഥാപിക്കാന്‍ കഴിയും'- സുഭാഷ് കാക്കിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'കൃത്രിമബുദ്ധിയുടെ യുഗം' എന്ന കൃതിയുടെ രചയിതാവ് ആണ് സുഭാഷ്. 'എഐ സര്‍വ്വവ്യാപിയാകുന്നതോടെ ആളുകളുടെ തൊഴില്‍ നഷ്ടപ്പെടും. വരുമാനം ഇല്ലാതെയാകുന്നതോടെ കുട്ടികളെ ജനിപ്പിക്കാന്‍ ആളുകള്‍ മടിക്കും. ജനനനിരക്ക് കുറയുന്നതിന് ഇത് കാരണമാകും. കുഞ്ഞുങ്ങള്‍ ജനിക്കാതെ വരുന്നതോടെ, ആഗോള ജനസംഖ്യ വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരും. ഇതിന്റെ ഫലമായി 2300ലോ 2380ലോ ഭൂമിയിലെ ജനസംഖ്യ കുത്തനെ കുറഞ്ഞ് 10 കോടിയായി ചുരുങ്ങും. ലോകജനസംഖ്യയില്‍ ഉണ്ടാവാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ജനസംഖ്യാശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്'- സുഭാഷ് കാക്ക് തുടര്‍ന്നു.
സമീപകാലത്ത് യൂറോപ്പ്, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ജനസംഖ്യാ കുറവ് പ്രകടമാണ്. ഇത് ഉദാഹരമായി ചൂണ്ടിക്കാണിച്ചാണ് തന്റെ വാദത്തെ സുഭാഷ് കാക്ക് ന്യായീകരിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ജോലികള്‍ ഇല്ലാതാക്കുമെന്ന കാക്കിന്റെ വാദത്തിന് സമാനമായ മുന്നറിയിപ്പ് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡിയും നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ശതമാനം എന്‍ട്രി ലെവല്‍ വൈറ്റ് കോളര്‍ ജോലികള്‍ എഐയ്ക്ക് ഇല്ലാതാക്കാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. 'ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഈ ഭീഷണിയെ നിസ്സാരമായി കാണുകയാണ്. ഇത് സംഭവിക്കാന്‍ പോകുകയാണെന്ന് ഭൂരിഭാഗത്തിനും അറിയില്ല. ഇത് ഭ്രാന്താണെന്നാണ് അവര്‍ തെറ്റിദ്ധരിക്കുന്നത്. അതിനാല്‍ ആളുകള്‍ അത് വിശ്വസിക്കുന്നില്ല'- ഡാരിയോ അമോഡി പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ