സ്‌റ്റോറ്റ്‌ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ജപ്പാനിലെ നിഹോങ് ഹിഡാന്‍ക്യോ എന്ന സംഘടനയ്ക്ക്. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് സ്‌ഫോടനങ്ങളെ അതിജീവിച്ചവരെ പ്രതിനിധീകരിക്കുന്ന ജപ്പാന്‍ സംഘടയാണ് നിഹോങ് ഹിഡാന്‍ക്യോ. ആണവ രഹിത ലോകത്തിന് വേണ്ടി വാദിക്കുന്നതിനും അതിന്റെ ഭീകരതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുമുള്ള ആദരവായാണ് ഈ സംഘടനയ്ക്ക് ഇത്തവണ നൊബേല്‍ സമ്മാനിച്ചത്.
1956ലാണ് ഈ സംഘടന രൂപീകൃതമായത്. ആണവായുധങ്ങളുടെ വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആഗോള ബോധവല്‍ക്കരണം നടത്തുക എന്നതാണ് സംഘടനയുടെ ദൗത്യം. 1945 ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതിനെത്തുടര്‍ന്ന് നിരവധി ആളുകള്‍ അതിന്റെ ദുരിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നു. അത്തരത്തിലുള്ളവരുടെ അനുഭവ കഥകള്‍ ലോകത്തോട് ഈ സംഘടന വഴി പങ്കുവെക്കാന്‍ കഴിഞ്ഞതിലൂടെ ആണവായുധങ്ങളുടെ ഉപയോഗത്തിന്റെ തിക്ത ഫലങ്ങള്‍ എന്താണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു.
ആണവായുധങ്ങള്‍ക്കെതിരായ ആഗോള എതിര്‍പ്പ് സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ നൊബേല്‍ കമ്മിറ്റി പ്രശംസിച്ചു. വിവരിക്കാന്‍ കഴിയാത്തത് വിവരിക്കാനും ചിന്തിക്കാന്‍ കഴിയാത്തത് ചിന്തിക്കാനും ഈ സംഘടന സഹായകരമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. അണുബോംബ് വര്‍ഷിച്ച് 80 വര്‍ഷം കഴിഞ്ഞിട്ടും ആണവായുധങ്ങള്‍ ആഗോള ഭീഷണിയായി തുടരുകയാണ്. രാജ്യങ്ങള്‍ ആയുധശേഖരം നവീകരിക്കുകയും പുതിയ ഭീഷണികള്‍ ഉയര്‍ന്നു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ആണവ നിരോധനം എന്നത് സമ്മര്‍ദത്തിലാണെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചിട്ട് അടുത്ത വര്‍ഷം 80 വര്‍ഷം പൂര്‍ത്തിയാകും. ഈ സാഹചര്യത്തില്‍ ഇവരുടെ പ്രവര്‍ത്തനം വാക്കുകള്‍ക്ക് അതീതമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates