ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ജയിലിലേക്ക് മാറ്റി. ഇസ്ലാമാബാദിലെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ തിരികെ അദിയാല ജയിലിലേക്ക് കൊണ്ടുപോയത്.
തുടര്‍ച്ചയായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇമ്രാന്‍ ഖാന് വിദഗ്ധ ചികിത്സ നല്‍കാന്‍ പാകിസ്ഥാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇമ്രാൻ ഖാൻ 'ലെവൽ ത്രീ പ്ലസ്' ആൻക്സൈറ്റി അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. രണ്ടു ദിവസത്തിനകം ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ദ്ധ ചികിത്സ നൽകണമെന്ന് ഓഗസ്റ്റ് 18ന് പാക് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അര്‍ധരാത്രിയോടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ജയിലിലെ സാഹചര്യങ്ങള്‍ കാരണം അദ്ദേഹത്തിന്റെ കാഴ്ചശക്തിയില്‍ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നേരത്തെ ആരോപിച്ചിരുന്നു.
ദൈനംദിന കാര്യങ്ങളെപ്പോലും ബാധിക്കുന്ന വിധത്തിൽ ഉണ്ടാകുന്ന മാനസിക-ശാരീരിക അസ്വസ്ഥതകളെയാണ് 'ലെവൽ ത്രീ പ്ലസ്' ആൻക്സൈറ്റി എന്നതുകൊണ്ട് മെഡിക്കൽ വിഭാഗം സൂചിപ്പിക്കുന്നത്. അഴിമതിക്കേസുകൾ ഉൾപ്പെടെ വിവിധ ആരോപണങ്ങളെ തുടർന്ന് 2023 ഓഗസ്റ്റ് 5ന് അറസ്റ്റിലായതു മുതൽ ഇമ്രാൻ ഖാൻ അദിയാല ജയിലിൽ തടവിലായിരുന്നു.
അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനെതിരെ ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ജയിലില്‍ കഴിയുന്ന തടവുകാരെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് ചികിത്സിക്കേണ്ടതെന്നും, സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുമെന്നും കോടതിയെ ധിക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.
തനിക്കെതിരെയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇമ്രാൻ ഖാന്റെ നിലപാട്. എന്നാല്‍, സര്‍ക്കാര്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇമ്രാന്‍ ഖാനെ ജയിലിലേക്ക് തിരിച്ചെത്തിച്ചത്. ആശുപത്രിയില്‍ വെച്ച് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ സെല്ലിലേക്ക് മാറ്റിയതായി പിടിഐ പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates