Pakistan flustered by Operation Sindoor movie, army reacts at 2am 
World

ഓപ്പറേഷന്‍ സിന്ദൂര്‍ ഡോക്യുമെന്ററിയില്‍ അസ്വസ്ഥരായി പാകിസ്ഥാന്‍; പുലര്‍ച്ചെ രണ്ടിന് പ്രതികരണവുമായി സൈന്യം

യഥാര്‍ഥ സംഭവങ്ങളെ വളച്ചൊടിക്കുകയാണ് ചെയ്യുന്നതെന്ന് പാകിസ്ഥാന്‍ സൈനിക വക്താവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ഡോക്യുമെന്ററിയുമായില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് പാകിസ്ഥാന്‍ സൈന്യം. ഓഗസ്റ്റ് 15ന് ഡിസ്‌കവറിയില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയെ, പാകിസ്ഥാന്‍ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് 'ദുരന്തവും തമാശയും' എന്നാണ് വിശേഷിപ്പിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ഉന്നത സൈനിക നേതൃത്വത്തിന്റെ പ്രതികരണം ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററിക്ക് യാതൊരു ഗൗരവവുമില്ലെന്ന് പാക് സൈനിക വക്താവ് ആരോപിച്ചു. തെരഞ്ഞെടുത്ത അഭിമുഖങ്ങളും നാടകീയ ആഖ്യാനങ്ങളും ഉപയോഗിച്ച് യഥാര്‍ഥ സംഭവങ്ങളെ വളച്ചൊടിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം എക്‌സിലെ കുറിപ്പില്‍ ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം മെയ് 7-ന് നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചത്. ഏപ്രില്‍ 22ന് പഹല്‍ഗാമിലെ ബൈസരനില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തയ്ബയുടെ ഉപവിഭാഗമായ ദി റെസിസ്റ്റന്‍സ് ഫോഴ്‌സാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

അതേസമയം, പാകിസ്ഥാന്‍ സൈന്യം തങ്ങളുടെ ഭാഗം ന്യായീകരിച്ചുകൊണ്ട്, ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയപ്പെട്ട സൈനിക നീക്കമാണെന്നും, ഇന്ത്യ സംഭവങ്ങളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും അവകാശപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള സൈനിക അതിക്രമങ്ങള്‍ ഉണ്ടായാല്‍ ശക്തവും ഉചിതവുമായ തിരിച്ചടി നല്‍കാന്‍ പാകിസ്ഥാന്‍ സജ്ജമാണെന്നും സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കി.

എക്‌സിലെ കുറിപ്പിന്റെ പൂര്‍ണരൂപം

മാര്‍ക്ക-ഇ-ഹഖ് കഴിഞ്ഞ് ഒരു വര്‍ഷത്തിലേറെയായിട്ടും ഇന്ത്യ കയ്‌പേറിയ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നു. പരാജയം സമ്മതിക്കുന്നതിന് പകരം, തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് ചരിത്രത്തെ വളച്ചൊടിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് വിളിക്കപ്പെടുന്ന സംഭവത്തെക്കുറിച്ച് നാടകീയതയും തെറ്റായ വിവരങ്ങളും നിറഞ്ഞ ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നു. ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ-സൈനിക നേതൃത്വത്തെ ഉള്‍പ്പെടുത്തിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സൂക്ഷ്മതക്കറവും ഗൗരവക്കുറവും കാരണം ഈ ഡോക്യുമെന്ററിയെ ഒരേസമയം ഒരു ദുരന്തമായും കോമഡിയായും വിശേഷിപ്പിക്കാം. വസ്തുതകള്‍ വളച്ചൊടിക്കുന്നതിനും സൈനിക നടപടിയുടെ ഫലം മാറ്റിയെഴുതുന്നതിനും വേണ്ടി, തിരഞ്ഞെടുത്ത അഭിമുഖങ്ങളും വൈകാരിക വിവരണങ്ങളും ബോളിവുഡ് ശൈലിയിലുള്ള പുനര്‍നിര്‍മ്മാണവുമാണ് നടത്തിയിരിക്കുന്നത്.

ഈ ഡോക്യുമെന്ററിയിലെ വിവരണങ്ങളില്‍ അടിസ്ഥാനപരമായ വൈരുദ്ധ്യങ്ങളുണ്ട്. രാജ്യത്തിനകത്ത് സ്വീകാര്യമായ രീതിയില്‍ സംഭവങ്ങളെ മാറ്റിയെഴുതാനുള്ള ശ്രമമാണ് ഇത് വെളിപ്പെടുത്തുന്നത്. പാകിസ്ഥാന്‍ ആര്‍മി സ്റ്റാഫിന്റെ 2025 ഏപ്രില്‍ 16ലെ പ്രസംഗവും 2025 ഏപ്രില്‍ 22ലെ പഹല്‍ഗാം സംഭവവും തമ്മില്‍ ബോധപൂര്‍വ്വമായ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ഈ ഡോക്യുമെന്ററി ശ്രമിക്കുന്നു. അങ്ങനെ യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു ഗൂഢാലോചന സിദ്ധാന്തം അവര്‍ മെനഞ്ഞെടുക്കുന്നു. പ്രധാനമായും, പഹല്‍ഗാമിലെ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞ് വധിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന് 82 ദിവസത്തിന് ശേഷം 2025 ജൂലൈ 28നാണെന്ന് ഇന്ത്യ പിന്നീട് അവകാശപ്പെട്ടു. എന്നിട്ടും പഹല്‍ഗാം സംഭവത്തിന് കാരണക്കാരായവര്‍ക്കുള്ള ശിക്ഷയായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്. പ്രതികളെ ജൂലൈ 28ന് വധിച്ചെങ്കില്‍, 2025 മെയ് 7ന് ആരെയാണ് ശിക്ഷിച്ചതെന്ന് ഇന്ത്യ വ്യക്തമാക്കേണ്ടതുണ്ട്.

നൂറുശതമാനം വിജയമെന്ന അവകാശവാദവും സൈനിക രേഖകളില്‍ നിന്ന് വളരെ അകലെയാണ്. മാര്‍ക്ക-ഇ-ഹഖ് സമയത്ത്, പാകിസ്ഥാന്‍ സായുധ സേന ഇന്ത്യന്‍ ആക്രമണത്തെ വിജയകരമായി ചെറുക്കുകയും 8 സൈനിക വിമാനങ്ങള്‍ വെടിവെച്ചിടുകയും ചെയ്തു. പാകിസ്ഥാന്‍ പൗരന്മാരെ ലക്ഷ്യമിടാന്‍ ഉപയോഗിച്ച സൗകര്യങ്ങളും പാകിസ്ഥാനെതിരെ ഭീകരത വളര്‍ത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളും ഉള്‍പ്പെടെ 26 സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ പിന്നീട് 'ഓപ്പറേഷന്‍ ബുന്യാനും മാര്‍സൂസ്' നടത്തി.

ഇന്ത്യയുടെ വ്യക്തമായ മേധാവിത്വം എന്ന അവകാശവാദത്തെ ഈ ഡോക്യുമെന്ററി തന്നെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. പാകിസ്ഥാന്റെ മിസൈല്‍, ഡ്രോണ്‍, വ്യോമാക്രമണങ്ങള്‍ എന്നിവയും നിയന്ത്രണരേഖയിലുള്ള ശക്തമായ ഏറ്റുമുട്ടലുകളും ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പ്രവര്‍ത്തനവും ഇന്ത്യന്‍ സൈനിക നേതൃത്വം അംഗീകരിക്കുന്നുണ്ട്. പാകിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടു എന്ന അവരുടെ ആവര്‍ത്തിച്ചുള്ള വാദവുമായി ഇത്തരം സമ്മതിക്കലുകള്‍ പൊരുത്തപ്പെടുന്നില്ല.

സംഘര്‍ഷം അവസാനിപ്പിച്ചതിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ വിവരണവും ഒട്ടും വ്യത്യസ്തമല്ല. ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ തമ്മിലുള്ള ആശയവിനിമയത്തിലൂടെയും പരസ്പര സമ്മതത്തോടെയുമാണ് സംഘര്‍ഷം അവസാനിപ്പിച്ചത് എന്ന് വിവരണത്തില്‍ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ ഏകപക്ഷീയമായ സൈനിക വിജയമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമത്തെ ഇത് ഖണ്ഡിക്കുന്നു. അമേരിക്കയുടെ സഹായത്തോടെ സംഘര്‍ഷം അവസാനിപ്പിച്ചതിനെ പിന്നീട് ഉപാധികളില്ലാത്ത വിജയത്തിന്റെ തെളിവായി അവതരിപ്പിക്കാന്‍ കഴിയില്ല.

പട്ടാള നീക്കങ്ങളെക്കുറിച്ചും ഡോക്യുമെന്ററി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. അത് അത്ഭുതം, കൃത്യത, ആഴത്തിലുള്ള ആക്രമണങ്ങള്‍, ആധിപത്യം എന്നിവ ആവര്‍ത്തിച്ച് പറയുന്നു, അതേസമയം തന്നെ ഇന്ത്യ ബോധപൂര്‍വ്വം സംഘര്‍ഷം പരിമിതപ്പെടുത്തുകയും പാകിസ്ഥാന് 'എക്‌സിറ്റ് വിന്‍ഡോ' നല്‍കുകയും ചെയ്തു എന്നും അവകാശപ്പെടുന്നു. ഈ പരസ്പരവിരുദ്ധമായ അവകാശവാദങ്ങള്‍ വ്യക്തമാക്കുന്നത്, ഇതൊരു വസ്തുതാപരമായ സൈനിക വിവരണം എന്നതിലുപരി രാജ്യത്തിനകത്ത് പ്രചരിപ്പിക്കാനായി തയ്യാറാക്കിയ ഒരു തിരക്കഥ മാത്രമാണെന്നാണ്.

ഇന്ത്യ സത്യം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയിട്ടില്ല. ഒരു സൈനിക പരാജയത്തെ വിജയകരമായ ഉദ്യമമായി ചിത്രീകരിക്കാന്‍ അവര്‍ ഒരു പ്രൊപ്പഗാന്‍ഡ വീഡിയോ ഉണ്ടാക്കിവെച്ചിരിക്കുകയാണ്. എത്ര സിനിമാറ്റിക് പുനര്‍നിര്‍മ്മാണങ്ങള്‍ നടത്തിയാലും കാലഗണന മാറ്റാനോ, വിമാന നഷ്ടങ്ങള്‍ മായ്ക്കാനോ, സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടത് മറച്ചുവെക്കാനോ, യഥാര്‍ഥത്തില്‍ നടന്ന സൈനിക ഏറ്റുമുട്ടലുകളെ മാറ്റിയെഴുതാനോ, ഒരു യുദ്ധഭൂമിയിലെ പരാജയത്തെ സ്വയം പ്രഖ്യാപിത വിജയമാക്കി മാറ്റാനോ കഴിയില്ല. മാര്‍ക്ക-ഇ-ഹഖിനെക്കുറിച്ച് പാകിസ്ഥാന് വ്യാജകഥ നിര്‍മ്മിക്കേണ്ട ആവശ്യമില്ല. സൈനിക രേഖകളും, യുദ്ധഭൂമിയിലെ തെളിവുകളും, നയതന്ത്ര ചര്‍ച്ചകളും, ഇന്ത്യയുടെ സ്വന്തം പ്രസ്താവനകളും എല്ലാം സ്വയം സംസാരിക്കുന്നുണ്ട്. അന്താരാഷ്ട്ര സമൂഹം അവ വ്യാപകമായി അംഗീകരിച്ചിട്ടുള്ളതുമാണ്.

പ്രദേശത്ത് സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണ്. അതേസമയം, രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ദേശീയ താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ സായുധ സേന പൂര്‍ണ സജ്ജവും കഴിവുള്ളതുമാണ്. ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള സൈനിക സാഹസങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ശക്തവും ഉചിതവുമായ മറുപടി നല്‍കും. അതിനുശേഷം ഇന്ത്യയെ രക്ഷിക്കാന്‍ ഒരു സിനിമാറ്റിക് നുണകള്‍ക്കും കഴിയില്ല.

Pakistan flustered by Operation Sindoor movie, army reacts at 2am: 'Tragedy and comedy'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഡിഎഫിന് തിരിച്ചടി, പാലായിൽ കോൺ​ഗ്രസ് വിമത മായാ രാഹുല്‍ അധ്യക്ഷ; പിന്തുണച്ച് എല്‍ഡിഎഫ്

നിങ്ങള്‍ക്ക് പ്രായം 30 വയസാണോ?, ദിവസവും 274 രൂപ മാറ്റിവെച്ചാല്‍ കോടീശ്വരനാകാം; പിപിഎഫ് സ്ട്രാറ്റജി

'നിങ്ങള്‍ പാറ്റകളല്ലെന്ന് ഉറക്കെ പറയൂ...'; ഒരക്ഷരം മിണ്ടാതെ കുട്ടികള്‍, വേദിയില്‍ അപഹാസ്യനായി കേരള വിസി - വിഡിയോ

മലമ്പുഴ ഉദ്യാന നവീകരണം: അടുത്ത പുതുവർഷം വരെയുള്ള സമയം തരില്ല; വേണ്ടത് പ്രതിദിന റിപ്പോർട്ട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി

മഹാബലിയുടെ മറ്റു പേരുകള്‍ ഏതെല്ലാം?, വാമനന്‍ ധരിച്ച രൂപമെത്?, അറിയാം ഐതിഹ്യം