മോസ്‌കോ/ കീവ്: യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ. മൂന്ന് ഘട്ടങ്ങളുള്ള വെടിനിര്‍ത്തല്‍ പദ്ധതി ഇന്ത്യ സമര്‍പ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. ഇന്ത്യന്‍ സമാധാന നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. വിഷയം പരിഹരിക്കുന്നതില്‍ പ്രായോഗിക പങ്കുവഹിക്കാന്‍ ഇന്ത്യ തയ്യാറായതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു.
റഷ്യയുമായി വെടിനിര്‍ത്തലിനായി സമര്‍പ്പിക്കപ്പെട്ട നാല് നിര്‍ദേശങ്ങളില്‍ ഏറ്റവും വിശദവും സമഗ്രവുമായത് ഇന്ത്യയുടേതാണെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ നേരത്തെ പ്രതികരിച്ചിരുന്നു. ഇന്ത്യക്ക് പുറമെ തുര്‍ക്കി, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളാണ് വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഊര്‍ജ്ജ നിലയങ്ങള്‍ക്കും കരിങ്കടല്‍ മേഖലക്കും നേരെയുള്ള ആക്രമണങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്ന് സിബിഹ അറിയിച്ചു.
കഴിഞ്ഞയാഴ്ച നടന്ന വാല്‍ദായ് ഇന്റര്‍നാഷണല്‍ ഡിസ്‌കഷന്‍ ക്ലബ്ബിന്റെ യോഗത്തില്‍, സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വളരെ മികച്ച ആശയങ്ങളുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സൗഹാര്‍ദപരമായ ബന്ധമാണുള്ളതെന്നും എല്ലാ കൂടിക്കാഴ്ചകളിലും യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത മോദി ചൂണ്ടിക്കാട്ടാറുണ്ടെന്നും പുടിന്‍ പറഞ്ഞിരുന്നു. അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ഥികളാകുകയും ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates