മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ റഷ്യന്‍ സൈനിക ജനറല്‍ കൊല്ലപ്പെട്ടു. റഷ്യന്‍ സായുധസേനയുടെ ഓപ്പറേഷണല്‍ ട്രെയ്‌നിങ് ഡയറക്ടറേറ്റിന്റെ മേധാവി ലഫ്. ജനറല്‍ ഫാനല്‍ സര്‍വറോവാണു കൊല്ലപ്പെട്ടത്.
മോസ്‌കോയിലെ യസീനേവ സ്ട്രീറ്റില്‍ പാര്‍ക്കിങ് ഏരിയയില്‍ രാവിലെ ഏഴിനാണു കാര്‍ പൊട്ടിത്തെറിച്ചത്. കാറിനടിയില്‍ ഘടിപ്പിച്ച ബോംബാണു പൊട്ടിയതെന്ന് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഫാനല്‍ സര്‍വറോവിന്റെ മരണം സ്ഥിരീകരിച്ച റഷ്യ, യുക്രൈന്‍ ചാരസംഘടനയാണു കൊലയ്ക്കു പിന്നിലെന്ന് സംശയം പ്രകടിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കുറ്റകൃത്യം യുക്രൈന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആസൂത്രണം ചെയ്തതാകാം എന്നാണ് റഷ്യയുടെ രഹസ്യാന്വേഷണ കമ്മിറ്റി വക്താവ് സ്വെറ്റ്‌ലാന പെട്രെന്‍കോ പറയുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടക്കുന്ന സമാനമായ മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ റഷ്യന്‍ സേനയുടെ ആണവ, രാസായുധ വിഭാഗം മേധാവി ലഫ്. ജനറല്‍ ഇഗോര്‍ കിറിലോവ് സമാനമായ രീതിയിലാണു കൊല്ലപ്പെട്ടത്. കിറിലോവിന്റെ വസതിക്കു മുന്നില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ വച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. യുക്രൈന്‍ സെക്യൂരിറ്റി സര്‍വീസ് ഇതിന്റെ ഉത്തരവാദിത്തമേറ്റിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍, റഷ്യന്‍ സൈന്യത്തിലെ ഓപ്പറേഷനല്‍ വകുപ്പിന്റെ ഉപമേധാവിയായിരുന്ന ലഫ്. ജനറല്‍ യാരോസ്ലാവ് മോസ്‌കാലിക്, അദ്ദേഹത്തിന്റെ താമസസ്ഥലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates