കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കിലെ ചില ഭാഗങ്ങള്‍ കണ്ടാല്‍ 'ഇസ്ലാമാബാദിന്റെ ഒരു പ്രാന്തപ്രദേശം' പോലെയാണ് തോന്നുന്നതെന്നും ബാങ്ക് വിളി നിരോധിക്കണമെന്നും ഇമിഗ്രേഷന്‍ മന്ത്രി മോര്‍ട്ടന്‍ ബോഡ്‌സ്‌കോവ്. ഡെന്‍മാര്‍ക്കിലെ പൊതുവിടങ്ങള്‍ പതുക്കെ ഇസ്ലാമികവല്‍ക്കരിക്കപ്പെടുകയാണെന്ന് ബോഡ്സ്‌കോവ് ആരോപിച്ചു. ബാങ്ക് വിളി ഡാനിഷ് മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ കേള്‍ക്കരുതെന്നും ഡെന്‍മാര്‍ക്കിലൂടെ നടക്കുമ്പോള്‍ തങ്ങള്‍ ഇസ്ലാമാബാദില്‍ എത്തിപ്പെട്ടതായി ആര്‍ക്കും തോന്നരുതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് വിളി ഡാനിഷ് മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ കേള്‍ക്കാന്‍ പാടില്ല. അതിന് ഡെന്‍മാര്‍ക്കില്‍ സ്ഥാനമില്ല. ഡെന്‍മാര്‍ക്കിലൂടെ നടക്കുമ്പോള്‍ ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശത്ത് എത്തിപ്പെട്ടെന്നു തോന്നരുത്- അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക ആചാരങ്ങള്‍ നിരോധിക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ ഡെന്‍മാര്‍ക്ക് പാസാക്കുന്നത് ഇതാദ്യമായല്ല. ഇതേ വര്‍ഷം ആദ്യം, പൊതുസ്ഥലങ്ങളില്‍ മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന നിഖാബ് നിരോധിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പ്രത്യേക പ്രാര്‍ത്ഥനാ മുറികള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശവും ഈ നിയമനിര്‍മാണത്തിന്റെ ഭാഗമായിരുന്നു.
ഉച്ചഭാഷിണിയിലൂടെയുള്ള പരസ്യമായ ഇസ്ലാമിക പ്രാര്‍ത്ഥനാ വിളിക്ക് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്ന് ഡെന്‍മാര്‍ക്ക് പരിശോധിച്ചുവരികയാണ്. മതസ്വാതന്ത്ര്യത്തിനായുള്ള രാജ്യത്തിന്റെ ഭരണഘടനാപരമായ പരിരക്ഷകളെ മാനിച്ചുകൊണ്ട് തന്നെ ഈ നിയന്ത്രണം എങ്ങനെ നടപ്പാക്കാമെന്ന് സര്‍ക്കാര്‍ അന്വേഷിച്ചുവരികയാണെന്ന് ബോഡ്സ്‌കോവ് വ്യക്തമാക്കി.
2023-ല്‍ ഡെന്‍മാര്‍ക്കിലെ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെ എംബസികള്‍ക്ക് മുന്നില്‍ വെച്ച് ഖുറാന്‍ പ്രതികള്‍ കത്തിച്ചത് ആഗോളതലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പൊതുവിടങ്ങളിലെ മതപരമായ ആവിഷ്‌കാരങ്ങളേക്കാള്‍ 'ജനാധിപത്യത്തിനാണ് മുന്‍ഗണന' എന്ന് പറഞ്ഞുകൊണ്ട് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ കഴിഞ്ഞ വര്‍ഷം ഈ നിയമനിര്‍മാണത്തെ ന്യായീകരിച്ചിരുന്നു. സര്‍വ്വകലാശാലകളിലെ പ്രാര്‍ത്ഥനാ മുറികള്‍ സാമൂഹിക നിയന്ത്രണത്തിനും അടിച്ചമര്‍ത്തലിനും ഉപയോഗിച്ചേക്കാമെന്ന് ഫ്രെഡറിക്‌സണ്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates