വാഷിങ്ടൺ: തങ്ങൾ നിർമിച്ച കോവിഡ് വാക്സിൻ 100 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി മൊഡേണ. അമേരിക്കയിലും യൂറോപ്പിലും വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുമതി തേടി അധികൃതരെ സമീപിക്കുമെന്നും നിർമാതാക്കളായ മൊഡേണ വ്യക്തമാക്കി. അനുമതി തേടി ഇന്ന് തന്നെ അപേക്ഷ നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
അവസാനഘട്ട പരീക്ഷണത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ വാക്‌സിൻ 94 ശതമാനവും ഫലപ്രദമാണെന്നാണ് വ്യക്തമാക്കുന്നത്. ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മൊഡേണ അവകാശപ്പെടുന്നു. ഗുരുതര രോഗബാധ തടയുന്നതിൽ വാക്‌സിൻ 100 ശതമാനവും ഫലപ്രദമാണെന്നും മൊഡേണ വ്യക്തമാക്കിയിട്ടുണ്ട്.
30,000 പേരിൽ നടത്തിയ പരീക്ഷണത്തിനിടെ വാക്‌സിൻ സ്വീകരിച്ച 11 പേർക്കും മറ്റു വസ്തു നൽകിയ 185 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ഗുരുതര രോഗം ബാധിച്ച 30 പേരും വാക്‌സിന് പകരം മറ്റു വസ്തുക്കൾ നൽകിയ വിഭാഗത്തിൽപ്പെട്ടവർ ആയിരുന്നു. ഇതിൽ നിന്നാണ് ഗുരുതര രോഗബാധ തടയുന്നതിൽ വാക്‌സിൻ 100 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തിയത് എന്നാണ് മൊഡേണ വ്യക്തമാക്കിയത്.
അമേരിക്കയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്‌സിനായിരിക്കും മൊഡേണയുടേത്. കോവിഡ് വാക്‌സിൻ ഫലപ്രദമാണെന്ന് തെളിയിക്കാൻ കഴിയുന്ന എല്ലാ വിവരങ്ങളും കൈവശമുണ്ടെന്നാണ് മോഡേണ അവകാശപ്പെടുന്നത്.
കോവിഡ് വ്യാപനം തടയുന്നതിൽ തങ്ങൾക്ക് സുപ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മൊഡേണയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടാൽ സാക്‌സ് പറഞ്ഞു. കോവിഡ് വാക്സിൻ 94 ശതമാനം ഫലപ്രദമാണെന്ന് വ്യക്തമായതോടെ താൻ വികാരാധീനനായെന്ന് അദ്ദേഹം പറഞ്ഞു. ഫലപ്രാപ്തി തെളിഞ്ഞതോടെ താൻ കരഞ്ഞു പോയെന്നും സാക്‌സ് പറയുന്നു.
തങ്ങളുടെ വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്ന് അമേരിക്കൻ കമ്പനിയായ ഫൈസറും ജർമൻ പങ്കാളിയായ ബയോൻടെക്കും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസർ ഒരാഴ്ച മുമ്പുതന്നെ അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി യൂറോപ്യൻ അധികൃതരെയും സമീപിക്കുമെന്നാണ് മോഡേണ വ്യക്തമാക്കിയിട്ടുള്ളത്.
മൊഡേണയുടെ വാക്‌സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന് ആയിരുന്നു നവംബർ 16 ന് പുറത്തുവന്ന ഇടക്കാല പരീക്ഷണ ഫലങ്ങൾ വ്യക്തമാക്കിയിരുന്നത്. അതേക്കാൾ അൽപ്പം ഫലപ്രാപ്തി കുറവാണെന്ന് വ്യക്തമാക്കുന്നതാണ് ഒടുവിൽ പുറത്തുവന്ന അന്തിമ ഫലങ്ങൾ. എന്നാൽ അതിൽ ആശങ്ക വേണ്ടെന്നാണ് മോഡേണ പറയുന്നത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ നിശ്ചയിച്ചിട്ടുള്ള ഗുണനിലവാരത്തെക്കാൾ അധികമാണ് ഫൈസറിന്റെയും മോഡേണയുടെയും വാക്‌സിനുകളുടെ ഫലപ്രാപ്തിയെന്നാണ് വ്യക്തമായിട്ടുള്ളത്.
മൊഡേണയുടെ പരീക്ഷണ ഫലം വിലയിരുത്താൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ഡിസംബർ 17 ന് യോഗം ചേരുന്നുണ്ട്. ഡിസംബർ പത്തിനാണ് ഫൈസറിന്റെ പരീക്ഷണ ഫലം വിലയിരുത്താനുള്ള യോഗം. അടിയന്തര അനുമതി ലഭിച്ചാലുടൻ മൊഡേണയുടെ വാക്‌സിൻ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി അയയ്ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates