റോം: ഇറ്റലിയിലെ വെനീസ് നഗരത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം അവിടുത്തെ കനാലുകളും യാത്രാ വള്ളങ്ങളായ ഗൊണ്ടോളകളുമാണ്. വേണ്ടത്ര മഴ ലഭിക്കാത്തതിനെ തുടർന്ന് ഈ കനാൽ വറ്റിയതാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വ്യപകമായാണ് പ്രചരിക്കുന്നത്.
മൂന്ന് വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് വെനീസിലെ കനാൽ വരണ്ട നിലയിൽ ആകുന്നത്. ഗൊണ്ടോളകൾ വെള്ളമില്ലാത്തതിനെ തുടർന്ന് ഉപയോഗശൂന്യമായി കിടക്കുന്നതും ചിത്രങ്ങളിലും വീഡിയോയിലും കാണാം.
വേലിയിറക്കവും മഴ ലഭിക്കാത്തതുമാണ് കനാലുകൾ വരളാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 19 അടി താഴ്ചയിലാണ് ഇപ്പോൾ വെനീസിലെ ജലനിരപ്പ്. വരും ദിവസങ്ങളിലും വേലിയിറക്കം കൂടുതൽ ശക്തമാകാനാണ് സാധ്യതയെന്ന് വിദഗ്ധർ വ്യക്തമാക്കി.
ഫെബ്രുവരിയിൽ പൂർണചന്ദ്രൻ ദൃശ്യമായതിനു ശേഷമാണ് സമുദ്രത്തിലെ ജലനിരപ്പിൽ കാര്യമായ മാറ്റം ഉണ്ടായിരിക്കുന്നത്. ഇറ്റലിയിൽ ഉടനീളം അനുഭവപ്പെടുന്ന അന്തരീക്ഷത്തിലെ ഉയർന്ന മർദ്ദവും ജലനിരപ്പ് താഴാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉയർന്ന മർദ്ദമുള്ള അവസ്ഥയിൽ മഴ മേഘങ്ങൾ രൂപപ്പെടാത്തതു മൂലമാണ് വേണ്ടത്ര മഴ ലഭിക്കാത്തത്.
ഇതിനു മുൻപ് 2018 ലും കരയിലെ ജലനിരപ്പ് 23 ഇഞ്ച് വരെ താഴ്ന്നിരുന്നു. എന്നാൽ 2008ലാണ് ജലനിരപ്പ് റെക്കോർഡ് നിലയിലേക്ക് താഴ്ന്നത്. 33 ഇഞ്ചുവരെ അന്ന് ജലനിരപ്പ് താഴ്ന്നതായി രേഖപ്പെടുത്തിയിരുന്നു. വേലിയേറ്റവും വേലിയിറക്കവും ഏറ്റവുമധികം ബാധിക്കുന്ന മേഖലകളിലൊന്നാണ് വെനീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates