ഷാറി ബലോച്/ട്വിറ്റര്‍ 
World

മുപ്പതു വയസ്സ്; രണ്ടു കുട്ടികളുടെ അമ്മ; ഉന്നത ബിരുദധാരി, അധ്യാപിക: കറാച്ചിയില്‍ പൊട്ടിത്തെറിച്ച യുവതിയുടെ വിവരങ്ങള്‍ പുറത്ത്

രണ്ട് ചെറിയ കുട്ടികളുള്ളതിനാല്‍ സംഘത്തില്‍നിന്ന് വിട്ടുപോകാന്‍ ഷാറിയ്ക്ക് അവസരം നല്‍കിയിരുന്നെങ്കിലും ഇവര്‍ സ്‌ക്വാഡില്‍ തുടരുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ നാല് പേര്‍ കൊല്ലപ്പെട്ട ബോംബ് സ്ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച യുവതിയുടെ വിവരങ്ങള്‍ പുറത്ത്. ബലൂചിസ്ഥാനിലെ തര്‍ബാത് നിയാസര്‍ അബാദ് സ്വദേശിയായ ഷാറി ബലോച് (30) ആണ് ചാവേര്‍ ബോംബാക്രമണം നടത്തിയതെന്നാണ് വിവരം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

30 വയസ്സുകാരിയായ ഷാറി ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണെന്നാണ് റിപ്പോര്‍ട്ട്. എം ഫില്‍ ഗവേഷകയായിരുന്ന ഇവര്‍, ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. ഭര്‍ത്താവ് ദന്തഡോക്ടറാണ്. എട്ടും നാലും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.

ഭാര്യ ഇത്തരമൊരു ആക്രമണം നടത്തിയത് ഞെട്ടിച്ചെങ്കിലും അവര്‍ ചെയ്ത കാര്യത്തില്‍ അഭിമാനമുണ്ടെന്ന് ഷാരിയുടെ ഭര്‍ത്താവ് ഹബിതാന്‍ ബഷിര്‍ ബലോച് പ്രതികരിച്ചു. നിലവില്‍ രഹസ്യ സങ്കേതത്തിലാണ് ഹബിതാന്‍ ഉള്ളത്. 

രണ്ടുവര്‍ഷം മുമ്പാണ് ഷാറി ബിഎല്‍എയുടെ മജീദ് ബ്രിഗേഡില്‍ അംഗമായതെന്നാണ് വിവരം. മജീദ് ബ്രിഗേഡിലെ ചാവേറുകളുടെ പ്രത്യേക സ്‌ക്വാഡിലായിരുന്നു ഷാറിയുടെ പ്രവര്‍ത്തനം. രണ്ട് ചെറിയ കുട്ടികളുള്ളതിനാല്‍ സംഘത്തില്‍നിന്ന് വിട്ടുപോകാന്‍ ഷാറിയ്ക്ക് അവസരം നല്‍കിയിരുന്നെങ്കിലും ഇവര്‍ സ്‌ക്വാഡില്‍ തുടരുകയായിരുന്നുവെന്നാണ് ബിഎല്‍എ പറയുന്നത്.

രണ്ടുവര്‍ഷത്തിനിടെ മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളില്‍ ഷാറി പ്രവര്‍ത്തിച്ചു. ഇതിനിടെ, ചാവേര്‍ സംഘത്തില്‍ അംഗമാകാനുള്ള തീരുമാനത്തെക്കുറിച്ച് പുനര്‍ചിന്തിക്കാനും ബ്രിഗേഡ് ഷാറിക്ക് സമയം നല്‍കിയെന്നാണ് സംഘടന പറയുന്നത്. എന്നാല്‍ ആറുമാസം മുമ്പ് തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി യുവതി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതിനുശേഷം തങ്ങളുടെ ദൗത്യത്തില്‍ യുവതിയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നതായാണ് ബിഎല്‍എ അവകാശപ്പെടുന്നത്.

സ്ഫോടനത്തില്‍ മൂന്ന് ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. സര്‍വകലാശാലയിലെ കണ്‍ഫ്യൂഷസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡറക്ടര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിന് മുന്നിലായിരുന്നു സ്ഫോടനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെയാണ് ഇതൊരു ചാവേര്‍ ആക്രമണാണെന്ന് കണ്ടെത്തിയത്. ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീ സ്ഥാപനത്തിന്റെ കവാടത്തിന് സമീപം നില്‍ക്കുന്നതും സ്ഥാപനത്തിലേക്കുള്ള വാഹനം ഇവരുടെ സമീപത്ത് എത്തുമ്പോള്‍ സ്ഫോടനമുണ്ടാകുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.

ചൈനയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിധ്യം ബലൂചിസ്ഥാനില്‍ അനുവദിക്കാന്‍ പറ്റില്ല എന്നതാണ് കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറെയും മറ്റുള്ളവരെയും ലക്ഷ്യമിട്ടതു വഴി ഉദ്ദേശിച്ചത്. കാരണം, അത് ചൈനയുടെ സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ വിപുലീകരണത്തിന്റെ പ്രതീകമാണ്''  ബിഎല്‍എ വക്താവ് ജീയാന്ത് ബലോച് പറഞ്ഞു

ഷാറിയുടെ പിതാവിനെയും സഹോദരനെയും പാക് സൈന്യം വധിച്ചതാണെന്നും ചില ചൈനീസ് പദ്ധതികള്‍ക്ക് വേണ്ടി ഇവരുടെ ഭൂമി ബലമായി ഏറ്റെടുക്കുകയായിരുന്നുവെന്നും പാക് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT