ഡോണള്‍ഡ് ട്രംപ് AP
World

ഇറാന്റെ വധഭീഷണി: രഹസ്യമായി വിമാനം മാറിക്കയറി, സ്ഥിരീകരിച്ച് ട്രംപ്

ശ്രദ്ധതിരിക്കാന്‍ എയര്‍ ഫോഴ്‌സ് വണ്‍ ഉപയോഗിച്ചതായും സ്ഥിരീകരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

അങ്കാറ/വാഷിങ്ടന്‍: ഇറാന്റെ വധഭീഷണിയെത്തുടര്‍ന്ന്, നാറ്റോ ഉച്ചകോടിക്ക് ശേഷം തുര്‍ക്കിയില്‍ നിന്ന് മടങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതീവ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറി. സുരക്ഷാ കാരണങ്ങളാല്‍ ട്രംപ് സഞ്ചരിച്ച പ്രധാന വിമാനം ശത്രുക്കളുടെ ശ്രദ്ധ തിരിക്കാനുള്ള ഡെക്കോയ് ആയി ഉപയോഗിക്കുകയും, ട്രംപിനെ വിമാനത്താവളത്തിലെ കാറ്ററിങ് ട്രക്കില്‍ ഒളിച്ച് മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറ്റുകയുമാണുണ്ടായത്. വിമാനം മാറ്റിയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ട്രംപ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ജൂലൈയില്‍ അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ട്രംപ് തുര്‍ക്കിയിലെത്തിയത്. ഖത്തര്‍ സമ്മാനമായി നല്‍കിയ അത്യാധുനിക സൗകര്യങ്ങളുള്ള ബോയിങ് വിമാനത്തിലാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്. എന്നാല്‍ അയല്‍രാജ്യമായ ഇറാനുമായി നിലനില്‍ക്കുന്ന യുദ്ധസമാന സാഹചര്യങ്ങള്‍ക്കിടയില്‍, ട്രംപിനെയോ അദ്ദേഹത്തിന്റെ വിമാനത്തെയോ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് അമേരിക്കന്‍-ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഖത്തര്‍ നല്‍കിയ വിമാനത്തിന് പഴയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനങ്ങളേക്കാള്‍ പ്രതിരോധ ശേഷി കുറവാണെന്ന ആശങ്കയും ഇതോടൊപ്പം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് ട്രംപിന്റെ മടക്കയാത്രയ്ക്ക് യുഎസ് സീക്രട്ട് സര്‍വീസും സൈന്യവും അടിയന്തര സുരക്ഷാ പദ്ധതി തയ്യാറാക്കി. ക്യാമറകള്‍ക്ക് മുന്നില്‍ വച്ച് ട്രംപ് പഴയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറി. എന്നാല്‍ വിമാനത്തിനുള്ളില്‍ പ്രവേശിച്ച ശേഷം, വിമാനത്താവളത്തിലെ ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്ന കാറ്ററിങ് ട്രക്കിലേക്ക് അതീവ രഹസ്യമായി അദ്ദേഹത്തെ മാറ്റി. ഈ ട്രക്കില്‍ വച്ചാണ് അദ്ദേഹത്തെ ബോയിംഗ് സി-32എ എന്ന ചെറിയ സൈനിക വിമാനത്തിലേക്ക് എത്തിച്ചത്.

പ്രസിഡന്റ് തങ്ങളോടൊപ്പമുണ്ടെന്ന ധാരണയില്‍ മാധ്യമപ്രവര്‍ത്തകരും ചില വൈറ്റ് ഹൗസ് ജീവനക്കാരും ഡെക്കോയ് ആയി ഉപയോഗിച്ച എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ തന്നെ യാത്ര തുടര്‍ന്നു. ട്രംപിന്റെ യഥാര്‍ഥ ലൊക്കേഷന്‍ ശത്രുക്കള്‍ക്ക് മനസ്സിലാകാതിരിക്കാനാണ് ഈ സുരക്ഷാ തന്ത്രം പ്രയോഗിച്ചത്. ഇരുവിമാനങ്ങളും ബ്രിട്ടനിലെ ആര്‍എഎഫ് മില്‍ഡന്‍ഹാളിലാണ് ഇറങ്ങിയത്. ട്രംപ് സഞ്ചരിച്ച ചെറുവിമാനം രാത്രി 10:20 ഓടെയും, തൊട്ടുപിന്നാലെ എയര്‍ ഫോഴ്‌സ് വണ്ണും അവിടെ ലാന്‍ഡ് ചെയ്തു.

താന്‍ സീക്രട്ട് സര്‍വീസിന്റെയും സൈന്യത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുകയായിരുന്നു എന്നാണ് വിമാനമാറ്റത്തെക്കുറിച്ച് ട്രംപ് പറഞ്ഞത്. ഭീഷണിയുടെ വിശദാംശങ്ങള്‍ ചോദിച്ചില്ലെന്നും, തനിക്ക് ധാരാളം ഭീഷണികള്‍ വരാറുണ്ടെന്നും ട്രംപ് പറഞ്ഞു.

'പ്രാധാന്യമുള്ള ഏത് പ്രസിഡന്റിനും ഇത്തരം നിരവധി ഭീഷണികള്‍ നേരിടേണ്ടി വരും. പ്രാധാന്യമില്ലാത്ത പ്രസിഡന്റുമാര്‍ക്ക് ഭീഷണികളുണ്ടാകാറില്ല. ഞാന്‍ ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള പ്രസിഡന്റായിരിക്കാം' ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി താന്‍ സഞ്ചരിച്ച ചെറിയ സൈനിക വിമാനം കൂടുതല്‍ അപകടസാധ്യതയുള്ളതാണെന്നാണ് ട്രംപ് വിശ്വസിക്കുന്നത്. ശത്രുക്കള്‍ പ്രധാനമായും ലക്ഷ്യമിടാന്‍ സാധ്യതയുള്ളത് തന്നെയായതുകൊണ്ട് ആ ചെറിയ വിമാനത്തിലായിരുന്നു കൂടുതല്‍ അപകടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, വധഭീഷണിയെക്കുറിച്ച് യാതൊരു വിവരവും നല്‍കാതെ മാധ്യമപ്രവര്‍ത്തകരെയും ജീവനക്കാരെയും ഡെക്കോയ് വിമാനത്തില്‍ യാത്ര ചെയ്യിച്ചതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇത് അവരുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടിയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവ് ച്യുങ്, പ്രസിഡന്റിന്റെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് സാധ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് വ്യക്തമാക്കി.

Trump confirms jet swap during Turkey exit, says he gets a lot of threats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിതൃമോക്ഷ പുണ്യം തേടി, ഇന്ന് കര്‍ക്കടക വാവുബലി; ബലിതര്‍പ്പണത്തിന് വന്‍ തിരക്ക്

മൂന്ന് പേരും തകർത്തു! മെസിക്കൊപ്പം കളി ചിരികളുമായി വിസ്മയയും ആശിഷും; വിഡിയോ വൈറൽ

പിതൃസ്മരണയില്‍ ഇന്ന് ബലിതര്‍പ്പണം; ക്രിസ്റ്റ്യാനോ വിവാഹിതനായി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പത്തുവര്‍ഷം നീണ്ട പ്രണയം, റൊണാള്‍ഡോ വിവാഹിതനായി; ചിത്രങ്ങള്‍

ഓണത്തിന് നാട്ടിലെത്താന്‍ ചെന്നൈയില്‍ നിന്ന് ഒന്നല്ല, മൂന്ന് പ്രത്യേക ട്രെയിനുകള്‍