Russian President Vladimir Putin, left, Chinese President Xi Jinping, center, and U.S. President Donald Trump attend a trilateral meeting at Kylin Villa in Shenzhen, southern China's Guangdong province, Thursday, Nov. 19, 2026 Photo | AP
World

'ആണവായുധം മനുഷ്യരാശിക്കു മേല്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസിന്റെ വാള്‍'; സംയുക്ത പ്രസ്താവന പുറത്തിറക്കി ട്രംപും പുടിനും ഷിയും

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ പരാമര്‍ശം; യുക്രെയ്ന്‍, ഇറാന്‍ സംഘര്‍ഷങ്ങളും ചര്‍ച്ചയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ബെയ്ജിങ്: ആഗോള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന മൂന്ന് രാജ്യങ്ങളുടെ നേതാക്കള്‍ ഒരുമിച്ചിരുന്ന് നടത്തിയ ചരിത്രപരമായ ചര്‍ച്ചകള്‍ക്ക് പിന്നാലെ സംയുക്ത പ്രഖ്യാപനം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ പങ്കെടുത്ത ത്രികക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമേരിക്കയും റഷ്യയും ചൈനയും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. തന്ത്രപ്രധാനമായ സ്ഥിരതയും അന്താരാഷ്ട്ര സുരക്ഷയും നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് മൂന്ന് നേതാക്കളും പ്രഖ്യാപിച്ചു. ആണവായുധങ്ങളുടെ ഭീഷണി കുറയ്ക്കുക, ആണവവ്യാപനം തടയുക, ഊര്‍ജസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും ധാരണയിലെത്തിയത്.

ആണവയുദ്ധം ആര്‍ക്കും വിജയിക്കാനാവാത്തതും ഒരിക്കലും നടക്കാന്‍ പാടില്ലാത്തതുമാണെന്ന് മൂന്ന് നേതാക്കളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ആണവായുധങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ആണവവ്യാപനം തടയുന്നതിനുമുള്ള ചര്‍ച്ചകള്‍ തുടരുമെന്നും അറിയിച്ചു. ആണവായുധങ്ങളെ മനുഷ്യരാശിക്കു മേല്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസിന്റെ വാളിനോടാണ് ഷി ജിന്‍പിങ് ഉപമിച്ചത്. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനും ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കുന്നതിനും മൂന്ന് രാജ്യങ്ങളും പദ്ധതിയിടുന്നതായി സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ഊര്‍ജപ്രവാഹം സ്ഥിരമായി നിലനിര്‍ത്താനും ധാരണയായിട്ടുണ്ട്. ആഗോള ഊര്‍ജവിപണിയിലെ അനിശ്ചിതത്വങ്ങളും ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷത്തെ തുടര്‍ന്നുള്ള വിതരണ തടസ്സങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ പരാമര്‍ശം

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അധികാരപരിധിയും രാജ്യങ്ങളിലെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന നിയമപരമായ പരിരക്ഷയും സംയുക്ത പ്രഖ്യാപനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും സമാനമായ മറ്റ് സ്ഥാപനങ്ങളും തങ്ങളുടെ അധികാരപരിധി ദുരുപയോഗം ചെയ്യരുതെന്ന് മൂന്ന് നേതാക്കളും അഭിപ്രായപ്പെട്ടു. രാജ്യങ്ങളുടെ പരമാധികാരവും ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരുടെ നിയമപരമായ പരിരക്ഷയും സംബന്ധിച്ച നിലപാടാണ് ഇതിലൂടെ മുന്നോട്ടുവച്ചത്.

യുക്രെയ്ന്‍, ഇറാന്‍ സംഘര്‍ഷങ്ങളും ചര്‍ച്ചയില്‍

യുക്രെയ്ന്‍ യുദ്ധവും ഇറാനുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുമാണ് കൂടിക്കാഴ്ചയിലെ മറ്റ് പ്രധാന വിഷയങ്ങള്‍. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് പുടിനും ട്രംപും ഷിയും ഒരുമിച്ചിരിക്കുന്നത്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയെയോ യൂറോപ്യന്‍ പ്രതിനിധികളെയോ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

അമേരിക്കയും ഇസ്രയേലും ഇറാനും ഉള്‍പ്പെട്ട സംഘര്‍ഷവും ചര്‍ച്ചയില്‍ വിഷയമായി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ, വാതക വിതരണം തടസ്സപ്പെടുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയുന്നതിലും മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിലും ചൈനയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ താത്പര്യമുണ്ടെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും മൂന്ന് നേതാക്കളും ഒരുമിച്ച് സംയുക്ത പ്രഖ്യാപനം നടത്തിയെന്നത് നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. ആണവായുധ ഭീഷണി കുറയ്ക്കുന്നതിനും ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സ്ഥിരത നിലനിര്‍ത്തുന്നതിനും മുന്നോട്ടുള്ള ചര്‍ച്ചകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ യുക്രെയ്ന്‍, ഇറാന്‍ സംഘര്‍ഷങ്ങളില്‍ പ്രായോഗിക പരിഹാരം കണ്ടെത്തുന്നതില്‍ ഈ പ്രഖ്യാപനം എത്രത്തോളം സ്വാധീനം ചെലുത്തുമെന്നത് കണ്ടറിയണം.

Trump, Putin and Xi Issue Joint Declaration on Nuclear Arms, Energy Security and Global Peace

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

'അന്ന് അമ്പലത്തിൽ പോയി ഞാൻ കരഞ്ഞ ഒരു കരച്ചിലുണ്ട്, എന്നെങ്കിലും ആ വ്യക്തിയുടെ തലയിൽ അത് വീഴും'; ​ഗൗരി കൃഷ്ണൻ പറയുന്നു

റിലീസിന് മണിക്കൂറുകള്‍ മാത്രം; കേരളത്തിലും 'ആകാശത്തിൽ ഒരു താരക'ത്തിന് പ്രീമിയർ ഷോകൾ

വേണ്ടി വന്നത് വെറും 12 റണ്‍സ്! ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

കൈയില്‍ പുതിയ വാഹനമാണോ?, മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ പുതുക്കിയാല്‍ മതി; പുക സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയില്‍ മാറ്റം