വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന് നാവിക ഉപരോധം ഏര്‍പ്പെടുത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സുരക്ഷിത യാത്രയ്ക്കായി കാര്‍ഗോ കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് സംരക്ഷണം നല്‍കുന്ന കാവല്‍ മാലാഖയായി അമേരിക്ക മാറുമെന്നും, ഇതിനായി മറ്റ് രാജ്യങ്ങള്‍ പ്രതിഫലം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
'ഹോര്‍മുസ് കടലിടുക്ക് തുറന്നു. ഇനിയങ്ങോട്ട് തുറന്നുതന്നെ ഇരിക്കും. അത് ഇറാന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും. ഞങ്ങള്‍ ഇറാന് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുകയാണ്. മറ്റ് എല്ലാരാജ്യങ്ങള്‍ക്കും ഈ കടലിടുക്ക് ന്യായമായും സ്വതന്ത്രമായും ഉപയോഗിക്കാം'. അമേരിക്കയും ഇറാനും തമ്മില്‍ ഗള്‍ഫ് മേഖലയില്‍ സൈനിക നീക്കങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന.
'ഞങ്ങള്‍ കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കും, മിക്കവാറും അത് ഞങ്ങള്‍ തന്നെ പ്രവര്‍ത്തിപ്പിക്കും. ഞങ്ങള്‍ അവിടുത്തെ കാവല്‍ക്കാരായി മാറും. ഒരുപക്ഷേ ഇതിനെ കടലിടുക്കിന്റെ 'കാവല്‍ മാലാഖ' എന്ന് വിളിക്കാം. ഈ സംരക്ഷണത്തിന് ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കണം,' ട്രംപ് പറഞ്ഞു. അതേസമയം തങ്ങളുടെ അനുവാദമില്ലാതെ യുഎസ് സേന ഈ പാതയിലൂടെ കടന്നുപോകാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. അമേരിക്കയുമായി സഹകരിക്കുന്ന പ്രാദേശിക രാജ്യങ്ങളുടെ നീക്കം ഇറാനെതിരായ യുദ്ധമായി കണക്കാക്കുമെന്നും ഇതിന്റെ പ്രത്യാഘാതം മേഖലയിലാകെ പടരുമെന്നും ടെഹ്‌റാന്‍ വ്യക്തമാക്കി.
ലോകത്തിലെ മൊത്തം എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോര്‍മുസ്. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് ആഗോള തലത്തില്‍ എണ്ണവില ഉയരാനും നിരവധി രാജ്യങ്ങളില്‍ ഊര്‍ജ്ജപ്രതിസന്ധിക്കും കാരണമായിരുന്നു. ഇടക്കാലത്തെ വെടിനിര്‍ത്തലിന് ശേഷം അമേരിക്കയും ഇറാനും പരസ്പരം ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുന്നതിനിടെ ഹോര്‍മുസിലൂടെയുള്ള ഗതാഗതം വീണ്ടും താറുമായിരിക്കുകയാണ്. കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates