ലണ്ടൻ: ബ്രിട്ടനിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീതിക്കിടെ, വെള്ളിയാഴ്ച 93,045 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെ്യതത്. 111 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി.
ഒമൈക്രോൺ രാജ്യത്തെ സ്ഥിതി രൂക്ഷമാക്കുകയാണ്. ഈ വർഷാവസാനത്തിന് മുൻപു കഴിയുന്നത്ര ആളുകൾക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിനായി ബ്രിട്ടൻ ബൂസ്റ്റർ ഡ്രൈവ് ആരംഭിച്ചിരുന്നു. ഇതിലൂടെ യൂറോപ്പിൽ ഏറ്റവും വേഗത്തിലുള്ള വാക്‌സിനേഷനൊപ്പം ഒമൈക്രോണിന്റെ ദോഷകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ ബോറിസ് ജോൺസണിന് മേൽ സമ്മർദ്ദമുണ്ട്.
ഡിസംബർ 26 ന് ശേഷം രാജ്യത്തെ നിശാ ക്ലബുകൾ അടച്ചുപൂട്ടുമെന്നും കടകളിലും ജോലി സ്ഥലങ്ങളിലും സാമൂഹിക അകലം പുനരാരംഭിക്കുമെന്നും വെയ്ൽസിലെ ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു. ഒമൈക്രോൺ തങ്ങളെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് സ്‌കോട്ട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജനും വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates