വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് ലീഡ്. ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങള്‍ ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസും വിജയിച്ചു. ആദ്യ റിപ്പോര്‍ട്ട് പ്രകാരം പത്ത് സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചിരിക്കുന്നത്.
ഒക്‌ലഹോമ, മിസിസിപ്പി, അലബാമ, കെന്റക്കി, ടെന്നസി, ഇന്‍ഡ്യാന, വെസ്റ്റ് വെര്‍ജീനിയ, സൗത്ത് കരോലിന, ഫ്‌ലോറിഡ, അര്‍കന്‍സാസ് എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചത്. മസാച്ചുസെറ്റ്‌സ്, ന്യൂജേഴ്‌സി, വെര്‍മോണ്ട്, മേരിലാന്‍ഡ്, കണക്ടികട്ട്, ഇല്ലിനോയ്‌സ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കമല ഹാരിസ് നേടിയിട്ടുണ്ട്.
സ്വിങ്ങ് സ്റ്റേറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, നോര്‍ത്ത് കരോലിന, ജോര്‍ജിയ, അരിസോണ, നെവാഡ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്നത്. യുഎസില്‍ 538 ഇലക്ടറല്‍ കോളജ് വോട്ടുകളാണ് ഉള്ളത്. ഇതില്‍ 270 ലേറെ ഇലക്ടറല്‍ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥിയാണ് വിജയിക്കുക.
മാസങ്ങൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത ഇന്നലെ വിധിയെഴുതിയത്. ആകെ വോട്ടർമാർ 16 കോടിയാണ്. കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കിയിട്ടുള്ളത്. കമല ഹാരിസ് (60) ജയിച്ചാൽ അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റാകും. ഡോണൾഡ് ട്രംപ് (78) വീണ്ടും പ്രസിഡന്റായാൽ അതും പുതിയ ചരിത്രമാകും. 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates