വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ സ്വീകരിച്ചിരുന്ന നിലപാടില്‍ അയവ് വരുത്തി അമേരിക്ക. കടലില്‍ കപ്പലുകളില്‍ കെട്ടിക്കിടക്കുന്ന എണ്ണ വാങ്ങാന്‍ ലോക രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചതായി ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് അറിയിച്ചു. 30 ദിവസത്തേക്കാണ് ഇളവ് അനുവദിച്ചത്. രാജ്യാന്തര ക്രൂഡ് ഓയില്‍ വില യുദ്ധപശ്ചാത്തലത്തില്‍ കുതിച്ചുകയറിയതോടെയാണ് യുഎസിന്റെ നിലപാട് മാറ്റം, എന്നാല്‍ തീരുമാനം താല്‍ക്കാലിക ഇളവുമാത്രമാണെന്നും യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു.
നേരത്തേ കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്കും ഒരുമാസത്തെ ഇളവ് അമേരിക്ക നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയുടെ ആഘാതം ആഗോള എണ്ണ വിതരണ ശൃംഖലകളെ സാരമായി ബാധിച്ചുതുടങ്ങിയ സാഹചര്യത്തില്‍ കൂടിയാണ് അമേരിക്കയുടെ ഇടപെടല്‍. നിലവില്‍ 30 ലൊക്കേഷനുകളിലായി ഏതാണ്ട് 124 മില്യന്‍ ബാരല്‍ റഷ്യന്‍ എണ്ണ കപ്പലുകളില്‍ ഉണ്ടെന്നാണ് കണക്ക്.
കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി അമേരിക്ക തങ്ങളുടെ പെട്രോളിയം റിസര്‍വില്‍ നിന്ന് 172 ദശലക്ഷം ബാരല്‍ എണ്ണ പുറത്തുവിടുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 400 ദശലക്ഷം ബാരല്‍ എണ്ണ പുറത്തുവിടാനുള്ള 32 രാജ്യങ്ങള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ ഇടപെടലിന്റെ ഭാഗമായാണ് തീരുമാനം. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ പിന്നിട്ടിരുന്നു. ബ്രെന്റ് ക്രൂഡ് വ്യാഴാഴ്ച ബാരലിന് 100.66 ഡോളറിലെത്തി. 0.20 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
അതിനിടെ, റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുമതി നല്‍കുന്ന യുഎസ് പ്രഖ്യാപനത്തിന് പിന്നാലെ ബ്രെന്റ് ക്രൂഡ് വിലയില്‍ നേരിയ ഇടിവ് പ്രകടമായി. ബാരലിന് 100 ഡോളറും കടന്നു മുന്നേറിയ ക്രൂഡ് ഓയില്‍ വില 99 ഡോളര്‍ എന്ന നിലവാരത്തിലേക്ക് താഴ്ന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates