വത്തിക്കാന്‍ സിറ്റി: അസുഖബാധിതനായി മാര്‍പാപ്പ കിടപ്പിലായാല്‍ സഭയുടെ ഭരണം എങ്ങനെ നിര്‍വഹിക്കും? ഫ്രാന്‍സിസ് മാര്‍പാപ്പ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലായി പത്തു ദിവസം പിന്നിടുമ്പോള്‍ വിശ്വാസികള്‍ക്കിടയില്‍ ഈ ചോദ്യം ചര്‍ച്ചയാവുകയാണ്.
നിലവിലുള്ള മാര്‍പാപ്പ അന്തരിക്കുകയോ രാജിവെക്കുകയോ ചെയ്താല്‍ അധികാര കൈമാറ്റം ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട അനന്തര നടപടികളും ആചാരങ്ങളും സംബന്ധിച്ച് കത്തോലിക്ക സഭ വ്യക്തമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍പാപ്പ രോഗാതുരനാകുകയോ അബോധാവസ്ഥയിലാകുകയോ ചെയ്താല്‍ അവ ബാധകമല്ല. പോപ്പ് പൂര്‍ണമായും പ്രവര്‍ത്തന നിരതനല്ലാത്ത നില വന്നാല്‍ കത്തോലിക്ക സഭാ നേതൃത്വത്തില്‍ എന്തു ചെയ്യണമെന്ന് വിശദീകരിക്കുന്ന വ്യക്തമായ മാനദണ്ഡങ്ങളില്ല.
ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം അദ്ദേഹം ഇപ്പോഴും സഭയുടെ തലവനാണ്, പോപ്പ് എന്ന നിലയില്‍ അദ്ദേഹത്തിന് വളരെയധികം ഉത്തരവാദിത്തങ്ങളുമുണ്ട്. രോഗം മൂര്‍ച്ഛിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ദീര്‍ഘകാലം അബോധാവസ്ഥയിലാകുന്ന അവസ്ഥ വന്നാല്‍ എന്തു നടപടി സ്വീകരിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
സഭയെ നയിക്കാനുള്ള ശേഷിയില്ലെന്ന് വ്യക്തമായാല്‍ മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനെപ്പോലെ, ഫ്രാന്‍സിസ് മാര്‍പാപ്പ രാജിവെക്കുമോയെന്ന ചോദ്യവും ഉയരുന്നു. 88 വയസ്സുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയിലായിട്ട് 10 ദിവസം പിന്നിട്ടു. 2021 ല്‍ കുടലിലെ ശസ്ത്രക്രിയയ്ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ 10 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. പ്രായാധിക്യവും നീണ്ട രോഗാവസ്ഥയും മൂലം, പരിശുദ്ധ സിംഹാസനത്തില്‍ മാര്‍പ്പാപ്പയുടെ അധികാരം എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമായിട്ടുണ്ട്.
ഒരു പോപ്പ് രോഗബാധിതനോ, ഭരണം നടത്താന്‍ കഴിയാത്ത നില വരികയോ ചെയ്താല്‍, വത്തിക്കാന്‍ ക്യൂരിയയ്ക്ക് താല്‍ക്കാലിക ഭരണ ചുമതല വഹിക്കാന്‍ കഴിയും. അതേസമയം വത്തിക്കാന്റെയും സഭയുടെയും ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പോപ്പ് ഫ്രാന്‍സിസ് ഒരു പ്രതിനിധി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. താന്‍ വത്തിക്കാന്‍ കൊട്ടാരത്തില്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഈ സംഘമാകും ഭരണം നിര്‍വഹിക്കുക. സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ ആണ് സംഘത്തിന്റെ പ്രധാന ചുമതല.
ഒരു ബിഷപ്പിന് അസുഖം വന്ന് തന്റെ രൂപത നടത്താന്‍ കഴിയാത്തപ്പോള്‍ അതിനുള്ള വ്യവസ്ഥകള്‍ കാനോന്‍ നിയമത്തിലുണ്ട്, പക്ഷേ ഒരു പോപ്പിന് അങ്ങനെയൊന്നില്ല. ഒരു രൂപതയുടെ ബിഷപ്പിന് തന്റെ അജപാലന ധര്‍മ്മങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍, ആ രൂപത 'പ്രതിബന്ധം' നേരിട്ടതായി പ്രഖ്യാപിക്കാമെന്ന് കാനോന്‍ 412 പറയുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, രൂപതയുടെ ദൈനംദിന നടത്തിപ്പ് സഹായ ബിഷപ്പ്, വികാരി ജനറല്‍ തുടങ്ങിയ ആര്‍ക്കെങ്കിലും കൈമാറുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ ബിഷപ്പാണെങ്കിലും, സമാനമായ 'പ്രതിബന്ധം' നേരിട്ടാല്‍ പോപ്പിന് വ്യക്തമായ വ്യവസ്ഥ നിലവിലില്ല. കാനോന്‍ 335 പ്രഖ്യാപിക്കുന്നത് പരിശുദ്ധ സിംഹാസനം 'ഒഴിവുള്ളതോ പൂര്‍ണ്ണമായും തടസ്സപ്പെട്ടതോ' ആയിരിക്കുമ്പോഴല്ലാതെ, സഭാ ഭരണത്തില്‍ ഒന്നും മാറ്റാന്‍ കഴിയില്ല എന്നാണ്. എന്നാല്‍ പരിശുദ്ധ സിംഹാസനം 'പൂര്‍ണ്ണമായും തടസ്സപ്പെടുക' എന്നതിന്റെ അര്‍ത്ഥമെന്താണെന്നോ അത് എപ്പോഴെങ്കിലും സംഭവിച്ചാല്‍ ഏതൊക്കെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുമെന്നോ വ്യക്തമാക്കുന്നില്ല.
ഈ നിയമപരമായ ആശയക്കുഴപ്പത്തിന് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ, പുതിയ സഭാനിയമം രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കാനോന്‍ അഭിഭാഷകരുടെ നേതൃത്വത്തില്‍, 2021 ല്‍ ഒരു കനോനിക്കല്‍ ക്ലൗഡ്‌സോഴ്‌സിങിന് തുടക്കം കുറിച്ചിരുന്നു. പോപ്പിന് താല്‍ക്കാലികമോ, സ്ഥിരമോ ആയി ഭരണനിര്‍വഹണം ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ എന്തു ചെയ്യണം എന്നതായിരുന്നു പ്രധാന വിഷയം. പൂര്‍ണമായും ഭരണനിര്‍വഹണം കഴിയാത്ത അവസ്ഥയെങ്കില്‍, സഭയുടെ ഭരണം കാര്‍ഡിനല്‍ കോളജിന് കൈമാറമെന്ന് അതില്‍ നിര്‍ദേശം ഉയര്‍ന്നു. താല്‍ക്കാലികമായ പ്രതിബന്ധം ആണെങ്കില്‍, ഒരു കമ്മീഷനെ വെച്ച് ഭരണം നടത്താമെന്നും ആറു മാസം കൂടുമ്പോള്‍ പോപ്പിന്റെ ആരോഗ്യനില പരിശോധിക്കണമെന്നും നിര്‍ദേശിക്കുന്നു.
പോപ്പിന് ഭരിക്കാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലാണെന്ന് ആരാണ് പ്രഖ്യാപിക്കുന്നത് എന്നതായിരുന്നു ഉയര്‍ന്നു വന്ന മറ്റൊരു പ്രശ്‌നം. മാര്‍പാപ്പയുടെ അവസ്ഥ മാറ്റാനാവാത്തതാണോ എന്ന് നിര്‍ണ്ണയിക്കാന്‍ മെഡിക്കല്‍ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന നിര്‍ദേശത്തോട് ഏറെ യോജിപ്പുയര്‍ന്നു. അവര്‍ അത് സ്ഥിരീകരിച്ചാല്‍, പോപ്പിന് ഭരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കാന്‍ റോം ആസ്ഥാനമായുള്ള കര്‍ദ്ദിനാള്‍മാരെ വിളിച്ചുവരുത്തും. ഇത് ഒരു കോണ്‍ക്ലേവിന് സമാനമാകും. ഒരു മാര്‍പാപ്പ രാജിവെച്ചാല്‍ തന്നെ 'സ്വതന്ത്രമായും ശരിയായ രീതിയിലും തയ്യാറാക്കിയത് ' ആണെന്ന് ഉറപ്പാക്കണമെന്നും കാനോന്‍ നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates