1925 മുതൽ 1945 വരെ ഇറ്റലിയെ ഭരിച്ച ഫാസിസ്റ്റ് ഏകാധിപതി ബെനിറ്റോ മുസോളിനിക്ക് ശേഷം തീവ്ര വലതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിലെത്തുകയാണ്. ചരിത്രത്തിൽ ആദ്യമായി, രാജ്യത്ത് നാൽപത്തിയഞ്ചുകാരിയായ ജോർജിയ മെലോണിയിലൂടെ ഒരു വനിത, പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നു.
15-ാം വയസ്സിൽ രാഷ്ട്രീയത്തിലേക്ക്, 31-ാം വയസ്സിൽ മന്ത്രി
1977 ജനുവരി 15നാണ് മെലോണി ജനിച്ചത്. പിതാവുപേക്ഷിച്ച മെലോണിയെ അമ്മ ഒറ്റയ്ക്കാണ് വളർത്തിയത്. 15-ാം വയസ്സിൽ മുസോളിനി അനുയായികൾ രൂപവത്കരിച്ച ഇറ്റാലിയൻ സോഷ്യൽ മൂവ്മെന്റിന്റെ യുവജനവിഭാഗത്തിൽ അംഗമായാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. 21-ാം വയസ്സിൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ വിജയിച്ച് രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി ചിവടുവച്ചു. 2008-ൽ ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി മെലോണി. അന്ന് 31-ാം വയസ്സായിരുന്നു പ്രായം.
മെലോണിയുടെ സ്വന്തം ബ്രദേഴ്സ് ഓഫ് ഇറ്റലി
2012ലാണ് മെലോണി സ്വന്തം പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുണ്ടാക്കിയത്.
1945 ഏപ്രിൽ 28ന് കമ്യൂണിസ്റ്റ് ഗറില്ലകൾ മുസോളിനിയെ കൊന്ന് മൃതദേഹം മിലാനടുത്ത് തെരുവിൽ തലകീഴായി കെട്ടിത്തൂക്കി. നഗരത്തിലെ ശ്മശാനങ്ങളിലൊന്നിൽ രഹസ്യമായി സംസ്കരിച്ച മൃതദേഹം ഒരു അനുയായി കണ്ടെത്തി, പിന്നീട് ഒരു ദശകത്തോളം പലയിടത്തായി ഒളിപ്പിച്ച മൃതദേഹം ഒടുവിൽ കുടുംബത്തിന് വിട്ടുനൽകി. മുസോളിനിയുടെ സ്വദേശമായ വടക്കൻ ഇറ്റലിയിലെ പ്രിഡാപ്പിയോയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു. ഈ ശവകുടീരത്തിൽ ഇറ്റാലിയൻ പതായകയ്ക്കൊപ്പം ഒരിക്കലും അണയാത്ത ഒരു ദീപമുണ്ട്. മുസോളിനിയുടെ ശവകുടീരത്തിലെ നാളം ഓർമിപ്പിക്കുന്നതു പോലെ ഇറ്റാലിയൻ പതാകയിലെ പച്ച, വെള്ള, ചുവപ്പ് നിറങ്ങൾ ഒരു ദീപത്തിന്റെ ആകൃതിയിൽ നിൽക്കുന്നതാണ് മെലോനിയുടെ പാർട്ടിയുടെ ചിഹ്നം.
ആരാണ് ജോർജിയ മെലോണി?
"ഞാൻ ജോർജിയ, ഞാൻ ഒരു സ്ത്രീയാണ്, ഞാൻ ഒരു അമ്മയാണ്, ഞാൻ ഇറ്റാലിയൻ ആണ്, ഞാൻ ഒരു ക്രിസ്ത്യാനിയാണ്, നിങ്ങൾക്കത് എന്നിൽ നിന്ന് എടുത്തുകളയാനാവില്ല", മെലോണിയെ നിർവചിക്കാൻ 2019 അവർ നടത്തിയ ഈ പ്രസംഗം മതി. കുടിയേറ്റക്കാരോടുള്ള വിരോധവും ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും ഗർഭച്ഛിദ്രത്തോടുള്ള എതിർപ്പുമെല്ലാം നിറഞ്ഞതാണ് തികഞ്ഞ കത്തോലിക്കാ യാഥാസ്ഥിതികയായ മെലോണിയുടെ പ്രത്യയശാസ്ത്രം.
ഇറ്റലിയിലേക്ക് കുടിയേറുന്നവർക്കുണ്ടാകുന്ന കുട്ടികൾക്ക് പൗരത്വം കൊടുക്കാൻ പാടില്ലെന്നാണ് മെലോണിയുടെ പക്ഷം. എൽജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിർപ്പ് തുറന്നുപ്രകടിപ്പിക്കുന്ന മെലോണി താൻ നോർമൽ കുടുംബങ്ങളെ മാത്രമാണ് പിന്തുണയ്ക്കുകയെന്നാണ് പറഞ്ഞിട്ടുള്ളത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates