കീവ് : ലോകചരിത്രത്തിലെ ഏറ്റവും വലിയ ആണവ അപകടം സംഭവിച്ച് നാലുപതിറ്റാണ്ട് പിന്നിടുമ്പോഴും മനുഷ്യവാസയോഗ്യമല്ലാതെ തുടരുകയാണ് ചെര്‍ണോബില്‍. എന്നാല്‍ ദുരന്തത്തിന്റെ അവശേഷിപ്പുകള്‍ ബാക്കിനില്‍ക്കുന്ന വനങ്ങളില്‍ ചെന്നായകള്‍ പെരുകുന്നതായി പുതിയ റിപ്പോര്‍ട്ട്.
യുക്രെെന്റെ തലസ്ഥാന നഗരമായ കീവില്‍നിന്നും നൂറോളം കിലോമീറ്റര്‍ വടക്കുമാറി ആള്‍താമസമില്ലാത്ത വനമേഖലയിലാണ് ആണവ റിയാക്ടറിന്റെ അവശിഷ്ടങ്ങളുള്ളത്. നിരോധിതമേഖലയായ ഇവിടെ ആണവവികിരണമുള്ള റിയാക്ടര്‍ സംരക്ഷണ കവചമൊരുക്കി സൂക്ഷിച്ചിരിക്കുകയാണ്. ഭീഷണി നിലനില്‍ക്കുന്നതിനാല്‍തന്നെ മനുഷ്യരെത്തിപ്പെടാത്ത ഇടം വാസയോഗ്യമാക്കുകയാണ് വന്യജീവികളെന്ന് സയന്‍സ് മാഗസിനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവിടെ ഏറ്റവുമധികം കണ്ടുവരുന്നത് ഗ്രേ വോള്‍ഫ് എന്നറിയപ്പെടുന്ന ചെന്നായകളെയാണ്. 1986ലെ അപകടത്തിനുശേഷം ഇവയുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ ചെന്നായകളില്‍ നിന്നും ഇവയ്ക്ക് ജനിതക വ്യത്യാസങ്ങളുണ്ടെന്നാണ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ പരിണാമജീവശാസ്ത്രജ്ഞരായ കാര ലവ്, ഷെയ്ന്‍ കാംബെല്‍സ്റ്റാറ്റണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ കണ്ടെത്തല്‍.
വ്യാപകമായ അയോണൈസിങ് വികിരണത്തെ നേരിടാന്‍ സഹായിക്കുന്ന സ്വഭാവവിശേഷങ്ങള്‍ വികസിപ്പിച്ചെടുക്കുന്നുണ്ടാകാമെന്നാണ് അനുമാനം. മറ്റുജീവികളെ ബാധിക്കുന്നതുപോലെതന്നെ ഇവരേയും കാന്‍സര്‍ ബാധിച്ചേക്കാം. എന്നാല്‍ ഈ മേഖലയ്ക്കു പുറത്തുള്ള ജീവികള്‍ക്കുണ്ടാകുന്നതുപോലെ പ്രവൃത്തികളെ ബാധിക്കുന്ന തരത്തില്‍ രോഗബാധയുണ്ടാകുന്നില്ലെന്നാണ് പഠനം പറയുന്നത്.
എന്തുകൊണ്ടാണ് ചെര്‍ണോബിലിലെ ചെന്നായകള്‍ക്കുമാത്രം പ്രതിരോധശേഷി ലഭിച്ചതെന്നത് ഇപ്പോഴും വ്യക്തമല്ല. നിലവില്‍ ചെര്‍ണോബില്‍ വനമേഖലയില്‍ നിരവധി വന്യജീവികള്‍ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ അവയേക്കാള്‍ ഏഴുമടങ്ങ് വര്‍ധനവാണ് ഗ്രേ ചെന്നായകളില്‍ കണ്ടെത്തിയിരിക്കുന്നത്.
2024ല്‍ ഈ മേഖലയില്‍ പ്രവേശിച്ച ഗവേഷകര്‍ നിരവധി ചെന്നായകളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. സാധാരണ ചെന്നായകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെര്‍ണോബില്‍ ചെന്നായകളില്‍ വ്യത്യസ്തമായി പെരുമാറുന്ന 3,180 ജീനുകള്‍ കണ്ടെത്തി. നിരവധി തലമുറകള്‍ നീണ്ടുനിന്ന വികിരണസമ്പര്‍ക്കത്തിലൂടെയാണ് ചെര്‍ണോബില്‍ ചെന്നായ്ക്കളുടെ ജനിതക പ്രൊഫൈല്‍ രൂപപ്പെട്ടതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. റേഡിയോ ആക്ടീവ് പ്രദേശത്തു ജീവിക്കുന്ന ഈ മൃഗങ്ങള്‍ വികിരണ സമ്പര്‍ക്കത്തിന് വിധേയമാകുന്ന സസ്യഭുക്കുകളെയാണ് ഭക്ഷിക്കുന്നത്. ഇതു കാലാകാലങ്ങളായി റേഡിയേഷനുമായി ഇവയ്ക്ക് സമ്പര്‍ക്കമുണ്ടാക്കുന്നുണ്ട്.
"ചെര്‍നോബില്‍ ചെന്നായകളുടെ ജനിതക പ്രൊഫൈല്‍ പ്രായോഗികമായി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമല്ല. ചെന്നായ്ക്കള്‍ക്ക് കാന്‍സര്‍ കുറവായിരിക്കാം, അല്ലെങ്കില്‍ അവയ്ക്ക് മികച്ച കാന്‍സര്‍ അതിജീവന നിരക്ക് ഉണ്ടായിരിക്കാം, അല്ലെങ്കില്‍ രണ്ടും കൂടിച്ചേര്‍ന്നതായിരിക്കാം" എന്നാണ് ഗവേഷകനായ കാംബെല്‍ സ്റ്റാറ്റണ്‍ പ്രതികരിച്ചത്.
"ചെന്നായകളിലെ കാന്‍സര്‍ അതിജീവനത്തിനു സഹായിക്കുന്ന ജനിതകങ്ങളെക്കുറിച്ചു പഠിക്കാനായി കാന്‍സര്‍ ബയോളജിസ്റ്റുകളുമായി സഹകരിക്കുന്നുണ്ട്. ഇത് മനുഷ്യനില്‍ കാന്‍സര്‍ ചികിത്സക്കോ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കോ സഹായകമാകുമോ എന്നാണ് പരിശോധിക്കുന്നത്" എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1986 ഏപ്രില്‍ 26 നാണ് യുക്രെയിനിലെ പ്രിപ്യാറ്റ് നഗരത്തിനടുത്തുള്ള ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ യൂണിറ്റ് ഫോര്‍ റിയാക്ടറില്‍ സ്‌ഫോടനമുണ്ടായത്. ആണവവികിരണങ്ങള്‍ നാലായിരത്തിലധികം ജീവനെടുത്തെന്നാണ് യുഎന്‍ കണക്ക്. എന്നാല്‍ വിവിധ സംഘടനകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത് രണ്ടുലക്ഷത്തിലധികം മരണമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates