ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും. ദിവസങ്ങളായി നീണ്ട നയതന്ത്ര അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ജിന്‍പിങ്ങിന്റെ ഡല്‍ഹി സന്ദര്‍ശനം ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ജിന്‍പിങ് പങ്കെടുക്കുന്നത്.
2020ല്‍ ഗാല്‍വന്‍ താഴ്വരയിലുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനു ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത്. 2019ല്‍ തമിഴ്നാട്ടിലെ മാമല്ലപുരത്ത് പ്രധാനമന്ത്രി മോദിയുമായി നടന്ന അനൗദ്യോഗിക ഉച്ചകോടിക്കായാണ് അദ്ദേഹം അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുരോഗതി ദൃശ്യമായത്.
ഇന്ത്യയും ചൈനയും പരസ്പരം മത്സരിക്കുകയല്ലെന്നും വികസന പങ്കാളികളാണെന്നുമാണ് ഇരു നേതാക്കളുടെയും നിലപാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിന്‍പിങ്ങും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളിലെ സഹകരണം ചര്‍ച്ചയാകും. കഴിഞ്ഞ വര്‍ഷത്തെ ഉഭയകക്ഷി വ്യാപാരം സര്‍വകാല റെക്കോഡായ 155 ബില്യന്‍ ഡോളറില്‍ എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates