12 കൗമാര ഫുട്‌ബോളര്‍മാരും അവരുടെ പരിശീലകനും തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയിട്ട് 15 ദിവസം പിന്നിട്ടിരിക്കുന്നു. അവരെ ഗുഹയ്ക്കുള്ളില്‍ കണ്ടെത്താനായെങ്കിലും എങ്ങനെ പുറത്തെത്തിക്കും എന്നറിയാത്ത അവസ്ഥയായിരുന്നു. ഗുഹയ്ക്കുള്ളില്‍ ഓക്‌സിജന്‍ കിട്ടാതെ രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ മരണപ്പെട്ടതിന് പിന്നാലെ വേഗത്തില്‍ കുട്ടികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. എന്നാല്‍ ഗുഹയില്‍ നിന്ന് കുട്ടികളെ പുറത്തെത്തിക്കാന്‍ രക്ഷാസംഘം നിരവധി പ്രശ്‌നങ്ങളെ തരണം ചെയ്യേണ്ടതായി വരും.
ഇരുട്ടുമൂടി കിടക്കുന്ന ഇടുങ്ങിയ ടണലിലൂടെ വേണം രക്ഷാ പ്രവര്‍ത്തനം നടത്താന്‍. അതിനൊപ്പം കാലാവസ്ഥയും വലിയ പങ്ക് വഹിക്കും. ഞായറാഴ്ച രാവിലെ ആരംഭിച്ച വൈല്‍ഡ് ബോര്‍സിന്റെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാവാന്‍ രണ്ടോ മൂന്നോ ദിവസം എടുക്കുമെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ കാലാവസ്ഥ മോശമായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് എടുക്കുന്ന സമയവും വര്‍ധിക്കും.
11 മുതല്‍ 16 വയസുവരെ പ്രായമുള്ള കുട്ടികളാണ് ഗുഹയില്‍ അകപ്പെട്ടിരിക്കുന്നത്. ഇവരില്‍ ആര്‍ക്കും മുങ്ങി നീന്താന്‍ അറിയില്ല മാത്രമല്ല ചിലര്‍ക്ക് നീന്താന്‍ പോലും അറിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിനുവേണ്ടിയുള്ള പരിശീലനങ്ങള്‍ കുട്ടികള്‍ക്ക് കൊടുത്തു. മുങ്ങല്‍ വസ്ത്രങ്ങള്‍ ധരിച്ച് കുത്തിയൊഴുകുന്ന വെള്ളത്തില്‍ ഇരുട്ടിലൂടെ കുട്ടികള്‍ക്ക് നീന്തേണ്ടി വരും. പരിശീലനം ലഭിച്ച മുങ്ങല്‍ വിദഗ്ധര്‍ക്ക് പോലും ഇത് ദുഷ്‌കരമാണ്. ഓരോ കുട്ടികള്‍ക്കും കോച്ചിനും രണ്ട് ഡൈവേഴ്‌സിന്റെ സഹായമാണ് ലഭ്യമാക്കുക.
കുട്ടികള്‍ തങ്ങിയിരിക്കുന്ന പ്രദേശത്ത് നിന്ന് 1.9 കിലോമീറ്റര്‍ വരെയാണ് ടണല്‍ ആരംഭിക്കുന്ന ടി ജംഗ്ഷനിലേക്കുള്ള ദൂരം. ഇതുവരെയുള്ള പ്രദേശം വരെ യാത്ര കൂടുതല്‍ ദുഷ്‌കരമായിരിക്കും. പാറക്കെട്ടുകള്‍ നിറഞ്ഞതാണ് ഈ പ്രദേശം. യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്ന ടണല്‍ വളരെ ഇടുങ്ങിയതാവും പിന്നീടാണ് ടണല്‍ വിസ്താരമുള്ളതാകുന്നത്. ഇതോടെ നടന്ന് പോരാന്‍ സാധിക്കും.
യാത്ര വളരെ ദൈര്‍ഘ്യമേറിയതാവുമെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്. മുങ്ങല്‍ വിദഗ്ധര്‍ക്ക് കുട്ടികളുടെ അടുത്ത് എത്താന്‍ അഞ്ച് മണിക്കൂര്‍ സമയം എങ്കിലും എടുക്കും. കുട്ടികളെ പുറത്തെത്തിക്കാന്‍ ആറ് മണിക്കൂറും. ഒന്‍പതു ദിവസത്തിന് ശേഷം അവരെ കണ്ടെത്തുമ്പോള്‍ തന്നെ കുട്ടികള്‍ ക്ഷീണിതരായിരുന്നു. അവശ്യമായ ഭക്ഷണവും മരുന്നും ഇവര്‍ക്കായി എത്തിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ ശക്തികുറവ് വലിയ പ്രശ്‌നമാണ്.
ചെളി നിറഞ്ഞതാണ് ഗുഹയില്‍ കെട്ടി നില്‍ക്കുന്ന വെള്ളം. വളഞ്ഞു തിരിഞ്ഞുള്ള മാര്‍ഗങ്ങളും കാണാന്‍ സാധിക്കാത്ത അവസ്ഥയാണ്. കയര്‍, ടോര്‍ച്ച്, എസ്‌കോര്‍ട്ട് എന്നിവയുടെ സഹായത്തോടെ മാത്രമായിരിക്കും ഇവര്‍ക്ക് ഇരുട്ടിനെ മറികടക്കാനാവുക. കാഴ്ചയെ മറയ്ക്കുന്ന അവസ്ഥയാണ് കുട്ടികള്‍ക്ക് ഏറ്റവും വെല്ലുവിളിയാവുക. കുട്ടികളില്‍ നിന്ന് പേടി ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. ഒരാള്‍ പേടിച്ചാല്‍ അത് വലിയ പ്രശ്‌നമാകാനും സാധ്യതയുണ്ട്.
കാലാവസ്ഥ കുറച്ച് മെച്ചപ്പെട്ടതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. ഗുഹയില്‍ നിന്ന് 100 മില്യണ്‍ ലിറ്ററില്‍ അധികം വെള്ളമാണ് പമ്പ് ചെയ്ത് കളഞ്ഞത്. മഴ കുറഞ്ഞതിനാല്‍ ഇപ്പോള്‍ ഗുഹയിലെ വെള്ളം താരതമ്യേന കുറവാണ്. എന്നാല്‍ മഴ ശക്തി പ്രാപിച്ചാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates