ജനീവ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഐക്യരാഷ്ട്രസഭ കഴിയുന്നതെന്ന് വെളിപ്പെടുത്തി സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേര്‍സ്. അംഗരാജ്യങ്ങള്‍ സംഭാവനകള്‍ ഉടന്‍ തന്നെ മുഴുവനായും നല്‍കിയില്ലെങ്കില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനം ബുദ്ധിമുട്ടിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് സാമ്പത്തിക പ്രതിസന്ധിമൂലം യു എന്നിന്റെ പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടിലാകുന്നത് എന്ന് അദ്ദേഹം അംഗരാജ്യങ്ങള്‍ക്ക് എഴുതിയ കത്തില്‍ വെളിപ്പെടുത്തി.
ഐക്യരാഷ്ട്രസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമധികം തുക നല്‍കിയിരുന്നത് യുഎസ് ആയിരുന്നു.ബജറ്റ് വിഹിതത്തിന്റെ 22 ശതമാനവും സമാധാനസംരക്ഷണ ബജറ്റിലേക്കുള്ള28.5 ശതമാനവും യുഎസ് നല്‍കിയിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ വിഹിതം വര്‍ധിപ്പിക്കട്ടെ അതിന് ശേഷം നല്‍കാമെന്നാണ് യുഎസ് പ്രതിനിധി നിക്കി ഹേലി പറയുന്നത്. 25 ശതമാനം മാത്രമേ ഇക്കുറി യുഎസ് ഐക്യരാഷ്ട്രസഭയുടെ ഫണ്ടിലേക്ക് നല്‍കുകയുള്ളുവെന്നും അവര്‍ വ്യക്തമാക്കി.
ഇസ്രയേലിനോടുള്ള യുഎന്നിന്റെ നിലപാടുകള്‍ പക്ഷപാതപരമാണ് എന്നാരോപിച്ചാണ് ഫണ്ട് യുഎസ് വെട്ടിക്കുറച്ചത്. ഫണ്ടുകള്‍ യുഎന്‍ കാര്യക്ഷമമായി ചിലവഴിക്കുന്നില്ലെന്നും അമേരിക്കയ്ക്ക് ഇതില്‍ പ്രയോജനമില്ലെന്നും നിക്കി ഹേലി തുറന്നടിച്ചിരുന്നു. മാത്രമല്ല ഐക്യരാഷ്ട്രസഭയുടെ സമാധാന പ്രവര്‍ത്തനങ്ങള്‍ പരിഹാസ്യമാണെന്നും ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിന് കാരണമായി യുഎസ് ആരോപിച്ചിരുന്നു.
ഇന്ത്യയുള്‍പ്പടെയുള്ള 112 രാജ്യങ്ങള്‍ യുഎന്നിലേക്കുള്ള സംഭാവന ജൂലൈ 26 ന് മുമ്പ് നല്‍കിയിരുന്നു. ഒരുകോടി 79ലക്ഷം ഡോളറാണ് യുഎന്നിലേക്കുള്ള ഇന്ത്യയുടെ വിഹിതം.149 കോടി ഡോളറാണ് അംഗരാജ്യങ്ങളില്‍ നിന്ന് യുഎന്നിലേക്ക് എത്തിച്ചേരേണ്ട തുക. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും, ബ്രസീലും സൗദിയും, യുഎസുമുള്‍പ്പടെ 81 രാജ്യങ്ങളാണ് ഇനിയും യുഎന്നിലേക്കുള്ള വിഹിതം ഇതുവരെയും അടയ്ക്കാത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates