കാഠ്മണ്ഡു: ചൈനയ്ക്ക് പിന്നാലെ അതിര്‍ത്തിപ്രദേശത്തിന്റെ അവകാശത്തെ ചൊല്ലി നേപ്പാളുമായും ഇന്ത്യ സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ സാധ്യത. അതിര്‍ത്തിപ്രദേശത്തിന്റെ അവകാശവാദം നേപ്പാള്‍ ഉന്നയിച്ചതിന് പിന്നില്‍ ചൈനയുടെ പരോക്ഷ പിന്തുണയാണോ എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതിര്‍ത്തിപ്രദേശമായ ഡോക്ലാമില്‍ ചൈന അവകാശവാദമുന്നയിച്ചിരുന്നു. ഇത് മേഖലയില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.
ഇന്ത്യയുടെ അതിര്‍ത്തി പ്രദേശമായ കാലാപാനി നേപ്പാള്‍ അധീനതയിലുള്ള പ്രദേശമാണെന്ന അവകാശവാദവുമായാണ് നേപ്പാള്‍ രംഗത്തുവന്നിരിക്കുന്നത്. ഈ മേഖലയില്‍ നിന്ന് ഇന്ത്യ എത്രയും വേഗം സൈന്യത്തെ പിന്‍വലിക്കണമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ആവശ്യപ്പെട്ടു. ആദ്യമായാണ് കാലാപാനി പ്രദേശത്തിനുള്ള അവകാശവാദം നേപ്പാള്‍ പരസ്യമായി ഉന്നയിക്കുന്നത്.
നേപ്പാളിന്റെ ഒരു ഇഞ്ച് ഭൂമി പോലും കൈവശപ്പെടുത്താന്‍ ഇന്ത്യയെ അനുവദിക്കില്ലെന്നും കെ പി ശര്‍മ ഒലി പറഞ്ഞു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജനവിഭാഗമായ നേപ്പാള്‍ യുവസംഘത്തിന്റെ പരിപാടിയില്‍ പങ്കെടുക്കവെയാണ് നേപ്പാള്‍ പ്രധാനമന്ത്രി കാലാപാനി തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണെന്നു പറഞ്ഞത്.
ജമ്മു കശ്മീര്‍ വിഭജനത്തെ തുടര്‍ന്ന് പുതിയ കേന്ദ്രഭരണപ്രദേശങ്ങളെ അടയാളപ്പെടുത്തി ഇന്ത്യ പരിഷ്‌കരിച്ച ഭൂപടം പുറത്തുവിട്ടിരുന്നു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ രേഖപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഇന്ത്യയുടെ പുതിയ ഔദ്യോഗിക ഭൂപടത്തിനെതിരെ വന്‍പ്രതിഷേധമാണ് നേപ്പാളില്‍ നിന്ന് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് പുതിയ അവകാശവാദവുമായി നേപ്പാള്‍ രംഗത്തുവന്നിരിക്കുന്നത്.
ഭൂപടത്തില്‍ ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയില്‍ കാണിച്ചിട്ടുള്ള കാലാപാനി പ്രദേശം നേപ്പാള്‍ അധീനതയില്‍ ഉള്ളതാണെന്നായിരുന്നു അവകാശവാദം. ഭൂപടത്തില്‍ കാണിച്ചിട്ടുള്ള പ്രദേശം നേപ്പാളിലെ ഡര്‍ച്ചുല ജില്ലയിലെ പ്രദേശമാണെന്നും നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തര്‍ക്കപ്രദേശം ഉള്‍പ്പെടുത്തി പുതിയ ഭൂപടം തയാറാക്കണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശം നേപ്പാള്‍ പ്രധാനമന്ത്രി തള്ളിയിരുന്നു. കാലാപാനിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പുറത്താക്കിയ ശേഷം ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്നായിരുന്നു കെ പി ശര്‍മ ഒലി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.
പ്രദേശത്തുകൂടിയൊഴുകുന്ന മഹാകാളി നദിയാണ് തര്‍ക്കത്തിന്റെ മൂലകാരണം. കാളിനദിയുടെ കിഴക്കന്‍ തീരത്താണ് കാലാപാനി. മഹാകാളിയുടെ എണ്ണമറ്റ കൈവഴികള്‍ ഒന്നുചേരുന്നത് കാലാപാനിയിലാണ്. കൈവഴികളൊന്നിച്ചു ചേര്‍ന്ന് മഹാകാളി നദി രൂപംകൊള്ളുന്നത് കാലാപാനിയുടെ കിഴക്കുഭാഗത്താണ്. എന്നാല്‍, ഈ കൈവഴികളുടെ ഭൂരിഭാഗത്തിന്റെയും ഉറവിടം നേപ്പാളിലെ ലിപു ലേഖ് ചുരമാണെന്നും അതുകൊണ്ട് പ്രദേശവും നദിയും തങ്ങളുടേതാണെന്നുമാണ് നേപ്പാള്‍ അവകാശപ്പെടുന്നത്.
ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരസ്പര ധാരണയിലൂടെ പരിഹരിക്കേണ്ടതുണ്ടെതാണെന്നും ഏകപക്ഷീയമായ ഏത് നീക്കവും നേപ്പാള്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും നേപ്പാള്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ നേപ്പാളിന്റെ ആരോപണം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. ഇന്ത്യ പുറത്തിറക്കിയ ഭൂപടം രാജ്യത്തിന്റെ പരമാധികാരത്തിലുള്ള പ്രദേശങ്ങളെ കൃത്യമായി ചിത്രീകരിക്കുന്നതാന്നായിരുന്നു വിദേശകാര്യ വക്താവ് രവീഷ് കുമാറിന്റെ പ്രതീകരണം.
പുതിയ ഭൂപടത്തില്‍ നേപ്പാളുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി പരിഷ്‌കരിച്ചിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നുമായിരുന്നു ഇന്ത്യന്‍ പ്രതികരണം. കാലാപാനി നേപ്പാളിന്റെതാണെന്ന കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനയെ കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates