World

കൊറോണ; 25 മരണം, 830 പേര്‍ക്ക് വൈറസ് ബാധ; ചൈനയിലുടനീളം അതീവ ജാഗ്രതാ നിര്‍ദേശം

കൊറോണ വൈറസ് ബാധയേറ്റ് 25 പേര്‍ ഇതുവരെ മരിച്ചതായി ചൈനീസ് സര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: കൊറോണ വൈറസ് ബാധയേറ്റ് 25 പേര്‍ ഇതുവരെ മരിച്ചതായി ചൈനീസ് സര്‍ക്കാര്‍. വൈറസ് ബാധയേറ്റവരുടെ എണ്ണം 830ആയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ച വുഹാനില്‍ 1072ല്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് ബാധയില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനീസ് സര്‍ക്കാര്‍ വൈറസ് ബാധിതരുടെ വിവരങ്ങള്‍ പുറത്തു വിട്ടത്.

ഇന്നലെ എട്ട് പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 259 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി. ചികിത്സയിലുള്ള 177 പേരുടെ നില അതീവ ഗുരുതരമാണ്. 34 പേര്‍ ആശുപത്രി വിട്ടു.

ചൈനീസ് പുതുവല്‍സരാഘോഷം ശനിയാഴ്ച തുടങ്ങാനിരിക്കെ ആളുകള്‍ വുഹാനിലടക്കം രാജ്യത്തെ പല നഗരങ്ങളിലും സഞ്ചരിക്കുന്നുണ്ട്. അതിനാല്‍ തന്നെ വൈറസിന്റെ വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് അധികൃതര്‍ വരുത്തുന്നത്. അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദേശങ്ങളുണ്ട്.

വുഹാനിലെ വ്യാപാര സ്ഥാപനങ്ങളിലും വ്യാവസായിക, ഗതാഗത മേഖലകളിലുമെല്ലാം തിരക്കൊഴിഞ്ഞ അവസ്ഥയാണ്. വുഹാനിലെ 11 ലക്ഷം ജനങ്ങളോട് പുറത്തേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍ രോഗം ബാധിച്ച് ഒരാള്‍ മരിച്ചതോടെ വൈറസിന്റെ ഉത്ഭവ സ്ഥാനത്തല്ലാത്ത ആദ്യമരണം കൊറോണ മൂലം ഉണ്ടാവുകയാണ്. വുഹാനില്‍ നിന്ന് ആയിരത്തോളം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ രോഗം സ്ഥരീകരിച്ചതോടെ ചൈനയിലാകെ ആശങ്കയുടെ നിഴല്‍ മൂടുകയാണ്. തുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈനീസ് ഭരണകൂടം കടന്നത്. ഹുഹാന്‍ഗാങ്, ക്‌സിയാന്റോ, എസോ എന്നീ നഗരങ്ങളിലും പൂര്‍ണ യാത്രാ നിരോധനം പ്രഖ്യാപിച്ചു.

തായ്‌ലന്‍ഡ്, ഹോങ്കോങ്, സിങ്കപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, അമേരിക്ക എന്നിവിടങ്ങളിലുള്ളവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ശനിയാഴ്ച തുടങ്ങുന്ന ചൈനീസ് പുതുവല്‍സരാഘോഷത്തില്‍ ആളുകള്‍ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമുണ്ട്. ഡിസംബര്‍ 31ന് ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു ശേഷം രോഗബാധ എങ്ങനെ ഉണ്ടായി എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം