വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് ഉത്തരവിട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആണെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സൗദി ഭരണകൂടത്തിനെതിരെ പരസ്യനിലപാടുകള്‍ പ്രകടിപ്പിച്ചിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഖഷോഗിയെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വച്ചാണ് ദാരുണമായി കൊലപ്പെടുത്തിയത്.
17 സൗദി നയതന്ത്ര ഉദ്യോഗസ്ഥര്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ ഉത്തരവാദികളാണെന്ന് ട്രംപ് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് യുഎസില്‍ സാമ്പത്തിക ഉപരോധവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. യുഎസിലെ കോണ്‍സുലേറ്റ് ചുമതലയുള്ള മൊഹമ്മദ് അല്‍ ഖൊതൈ്വബി, സല്‍മാന്‍ രാജകുമാരന്റെ വിദേശയാത്ര പങ്കാളി മഹേര്‍ മുത്‌റബ് എന്നിവരും വിലക്ക് ബാധകമായവരില്‍ ഉള്‍പ്പെടും. യുഎസില്‍ ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സമ്പാദ്യമോ, വസ്തുക്കളോ ഉണ്ടെങ്കില്‍ അതും മരവിപ്പിക്കാനും ഉത്തരവായിട്ടുണ്ട്. ഈ നടപടികളെല്ലാം സല്‍മാന്‍ രാജകുമാരന് കൊലപാതകത്തിലുള്ള പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഖഷോഗിയുടെ കൊലപാതകത്തില്‍ സല്‍മാന്‍ രാജകുമാരന്റെ പങ്ക് വ്യക്തമാണെന്ന് വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. സൗദി നയതന്ത്രജ്ഞന്‍ ഈ വെളിപ്പെടുത്തല്‍ നിഷേധിച്ചിട്ടുണ്ട്. സൗദിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്നത് യുഎസ് അവസാനിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
11 പ്രതികളാണ് നിലവില്‍ കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നത്. ഖഷോഗി വധത്തെ തുടര്‍ന്ന് സൗദിക്കെതിരെ രാജ്യാന്തര തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പ്രതികള്‍ക്ക് പരമാവധി ശിക്ഷയായി വധശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗി കൊല്ലപ്പെട്ടത്. മൃതദേഹം പോലും ഇതുവരെ കണ്ടെത്താനായില്ല. കോണ്‍സുലേറ്റിലേക്ക് പോയ ഖഷോഗിയെ കാണാതെയായതില്‍ യാതൊരു പങ്കുമില്ലെന്നായിരുന്നു സൗദി ആദ്യം പറഞ്ഞിരുന്നത്. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഖഷോഗി കൊല്ലപ്പെട്ടതായി സൗദി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates