സിഡ്നി: ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യ- ചൈന സംഘര്‍ഷം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ വഴി തുറന്നിരിക്കുന്നത്. സംഘര്‍ഷത്തിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ ചൈനക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയി. ഓസ്‌ട്രേലിയ, വിയറ്റ്‌നാം, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ചൈനയുടെ അതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്.
ചൈനയുടെ സൈബര്‍ ആക്രമണത്തെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് ഓസ്‌ട്രേലിയ നല്‍കുന്നത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ചൈനയുടെ സൈബര്‍ ആക്രമണങ്ങള്‍ കൂടിയതായി പ്രധാനമന്ത്രി പറയുന്നു. ജാഗ്രതയോടെ കാര്യങ്ങള്‍ കാണണമെന്നും മോറിസന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രിയും ചൈനീസ് സൈബര്‍ ആക്രമണങ്ങളുടെ തോത് രാജ്യത്ത് വര്‍ധിച്ചതായി വ്യക്തമാക്കി.
രണ്ട് ചൈനീസ് കപ്പലുകള്‍ വിയറ്റ്‌നാം പൗരന്‍മാരുടെ മത്സ്യ ബന്ധന ബോട്ടിനെ ആക്രമിച്ചതായാണ് വിയറ്റ്‌നാമിന്റെ ആരോപണം. പാര്‍സല്‍ ദ്വീപിന് സമീപത്ത് വച്ചാണ് ചൈനീസ് ആക്രമണമുണ്ടായതെന്നും വിയറ്റ്‌നാം ആരോപിച്ചു.
ജപ്പാനെ ഭീഷണിപ്പെടുത്തുന്നതിനായി ചൈന തങ്ങളുടെ കപ്പലുകള്‍ കിഴക്കന്‍ ചൈനാക്കടലിലെ സെന്‍കാക്കു ദ്വീപുകള്‍ക്ക് സമീപം പിടിച്ചിട്ടതായി ജപ്പാന്‍ വ്യക്തമാക്കി. രണ്ട് മാസത്തോളം കപ്പലുകള്‍ പിടിച്ചിട്ടതായും ജപ്പാന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം നാലോളം ചൈനീസ് സൈനിക കപ്പലുകള്‍ ഉറ്റ്‌സുരി ദ്വീപുകള്‍ക്ക് സമീപം പ്രത്യക്ഷപ്പെട്ടതായും ജപ്പാന്‍ വെളിപ്പെടുത്തി. ഏപ്രില്‍ 14ന് ശേഷം ജപ്പാന്‍ മേഖലകളില്‍ ഇത്തരത്തിലുള്ള ചൈനീസ് കപ്പലുകള്‍ ദിവസവും നിരീക്ഷണം നടത്തുന്നുണ്ടെന്നും സൈനിക അധികൃതര്‍ വ്യക്തമാക്കി.
ജപ്പാന് സമാനമായ ചൈനീസ് ഭീഷണി ഇന്തോനേഷ്യയും നേരിടുന്നുണ്ട്. ചൈനയുടെ അതിര്‍ത്തി ലംഘനം ചൂണ്ടിക്കാട്ടി ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി യുഎന്നിന് കത്തും അയച്ചിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തായ്‌വാനും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നുണ്ട്. ഒന്‍പത് ദിവസത്തിനിടെ ഇരു വിഭാഗങ്ങളും തമ്മില്‍ നാല് തവണയാണ് ഏറ്റുമുട്ടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates