വാഷിങ്ടൻ: വർണവെറിയാൽ ശ്വാസം മുട്ടി മരിച്ച ജോർജ് ഫ്‌ളോയിഡിന് അമേരിക്കൻ ജനത വിട ചൊല്ലി. 8 മിനിറ്റ് 46 സെക്കൻഡ് നിശ്ചലമായി, മൗനമായി അമേരിക്കൻ ജനത ആ മനുഷ്യനോട് മാപ്പ് പറഞ്ഞു. ഫ്ളോയിഡിന്റെ സംസ്‌കാര ചടങ്ങുകൾ നടന്ന വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യുഎസിലെ വിവിധ ഇടങ്ങളിൽ ഒത്തുചേർന്ന ജനങ്ങൾ 8 മിനിറ്റ് 46 സെക്കൻഡ് സമയം മൗനം ആചരിച്ചാണ് ഫ്ളോയിഡിന് വിട നൽകിയത്.
അമേരിക്കൻ പൊലീസുകാരന്റെ കാൽമുട്ടിനടിയിൽ 8 മിനിറ്റ് 46 സെക്കൻഡ് നേരത്തോളം ജോർജ് ഫ്ളോയിഡ് ശ്വാസം കിട്ടാതെ പിടഞ്ഞതിന്റെ ഓർമയ്ക്കായാണ് ഇത്രയും സമയം ജനങ്ങൾ കണ്ണീരോടെ മൗനം ആചരിച്ചത്. വർണവെറിയുടെ ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ളോയിഡിന് ഒരു രാജ്യം ഐക്യത്തോടെ അനുശോചനം അറിയിച്ചു.
'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ജോർജിന്റെ അന്ത്യവാചകത്തെ മുദ്രാവാക്യമാക്കിയാണ് രാജ്യമെമ്പാടും അനുശോചന യോഗങ്ങൾ നടന്നത്. വർണവെറിക്കിരയായി മരിച്ച ജോർജ് ഫ്‌ളോയിഡിന് അമേരിക്കൻ ജനത യാത്രാമൊഴി നൽകിയപ്പോൾ 8 മിനിറ്റ് 46 സെക്കൻഡ് സമയം വർണ വിവേചനത്തിനെതിരായ പോരാട്ടത്തിന്റെയും പ്രതിഷേധത്തിന്റെയും ചരിത്രത്തിന്റെ ഭാഗമായി
ഫ്‌ളോയിഡിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വ്യാഴാഴ്ച മിനിയാപോളിസിലേക്ക് ഒഴുകിയെത്തിയ നൂറു കണക്കിന് ആളുകൾ എട്ട് മിനിറ്റ് സമയം ഫ്‌ളോയിഡിന് അനുശോചനമറിയിച്ച് നിലത്ത് കിടന്നു. ജോർജ് ഫ്‌ളോയിഡിന് നീതി വേണമെന്നും ഇത്തരം അടിച്ചമർത്തലുകൾക്കിടയിൽ ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ലെന്നും ജനക്കൂട്ടം ഉറക്കെ പറഞ്ഞു.
വിവിധ ഇടങ്ങളിൽ ജനങ്ങൾക്കൊപ്പം ഒരു കാലിൽ മുട്ടുകുത്തി ഇരുന്ന് പൊലീസ് ഉദ്യോഗസ്ഥരും എട്ട് മിനിറ്റ് ഫ്‌ളോയിഡിന്റെ ഓർമയ്ക്ക് മുന്നിൽ തലകുനിച്ചു. ഡോക്ടർമാർ, നേഴ്‌സുമാർ തുടങ്ങി വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാരും സമാനമായ രീതിയിൽ ഫ്‌ളോയിഡിന് വിട ചൊല്ലി. ഇതിലൂടെ '8:46' എന്നത് അമേരിക്കയിൽ കറുത്ത വർഗക്കാർക്ക് നേരേയുള്ള ഭരണകൂട ഭീകരതയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ നിമിഷങ്ങളായി അത്.
വർണവെറിയുടെ അടുത്ത ഇരയായി ജോർജ് ഫ്‌ളോയിഡ് ക്രൂരമായി കൊല്ലപ്പെട്ടെങ്കിലും ജനങ്ങളുടെ ഓർമയിൽ ഫ്‌ളോയിഡും അദ്ദേഹത്തിന്റെ സന്ദേശവും എക്കാലവും നിലനിൽക്കുമെന്നും ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങിനായി വ്യാഴാഴ്ച രാത്രി മുതൽ മിന്നെസോട്ടയിലെ പ്രത്യേക കേന്ദ്രത്തിലേക്കെത്തിയ ജനങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു.
മേയ് 25ന് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട ശേഷം കറുത്ത വർഗക്കാർക്ക് നേരേയുള്ള അതിക്രമത്തിനെതിരേ സമീപകാല ചരിത്രത്തിൽ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ പ്രതിഷേധമാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്തുടനീളം നടന്നത്. വൈറ്റ് ഹൗസ് ഉൾപ്പടെയുള്ള തന്ത്രപ്രധാനമായ എല്ലായിടങ്ങളിലും ഫ്‌ളോയിഡിന് നീതിതേടി തെരുവിലിറങ്ങിയ ജനങ്ങൾ പ്രതിഷേധാഗ്നി തീർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates