ദൈവത്തിന്റെ മണവാട്ടികളും വൈദികരും സ്‌കൂളുകളില്‍ അധ്യാപകരാകുന്നതില്‍ യാതൊരു തെറ്റും കാണാനാവില്ല. കാരണം, ഇന്ത്യയില്‍ വിശിഷ്യാ കേരളത്തിന്റെ സാംസ്‌കാരികവിദ്യാഭ്യാസ മേഖലകളില്‍ വൈദികരും കന്യാസ്ത്രീകളുമുള്‍പ്പടെയുള്ള ക്രിസ്ത്യന്‍ സമൂഹം നല്‍കിവന്ന സംഭാവനകളെ വിസ്മരിച്ചുകൊണ്ടൊരു മുന്നോട്ടുപോക്ക് സാധ്യമല്ല എന്നതുതന്നെ. എന്നാല്‍ സ്‌കൂളുകളില്‍ ജോലിയെടുക്കുന്ന ഇവരില്‍ ചിലര്‍ക്കെങ്കിലും ആദായ നികുതി അടയ്ക്കാനാവില്ല എന്ന നിലപാടാണുള്ളത്.
അടുത്തിടെ ഈ വിഷയത്തില്‍ ഒരു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇറക്കിയ സര്‍ക്കുലര്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. സംഗതി വിവാദമായതോടെ അത് പിന്‍വലിക്കുകയുമുണ്ടായി. യഥാര്‍ത്ഥത്തില്‍ ഈ വിഷയത്തില്‍ നിയമത്തിന്റെ വഴി എന്താണ്?
നിയമവും കോടതി വിധികളും അനുശാസിക്കുന്നത് അധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളും വൈദികരും ശമ്പളം വാങ്ങുന്നുണ്ടെങ്കില്‍ അതിന്റേതായ ആദായനികുതി അടയ്ക്കണമെന്നാണ്. ആദായനികുതി എന്നാല്‍ വരുമാനത്തിന്മേലുള്ള നികുതിയാണ് എന്നും കോടതി നിരീക്ഷിച്ചിരുന്നു. മാത്രമല്ല, ആദായ നികുതിയുടെ കാര്യത്തില്‍ ആര്‍ക്കും ഇളവില്ലെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിക്കുന്ന ദിവസം അദ്ദേഹം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.
കേസ് വന്ന വഴി
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന, ക്രിസ്തീയ സഭകളിലെ അംഗങ്ങളായ, സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കാര്യത്തില്‍ നികുതി (Tax Deduction at Source) ഈടാക്കണമെന്ന് 2014ല്‍ ആദായനികുതി വകുപ്പ് ജില്ലാ ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് കേരള ഹൈക്കോടതിയില്‍ നിയമയുദ്ധം ആരംഭിക്കുന്നത്. സിംഗിള്‍ ബെഞ്ച് ആദായ നികുതി വകുപ്പിന്റെ ഈ നിര്‍ദ്ദേശം ശരിവയ്ക്കുകയായിരുന്നു.
കേസ് ഡിവിഷന്‍ ബെഞ്ചിലേക്ക്
ഇടുക്കിയിലെ നിര്‍മ്മലറാണി പ്രൊവിന്‍ഷ്യല്‍ ഹൗസിലെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഉള്‍പ്പെടെ, സഭകള്‍, കന്യാസ്ത്രീകള്‍, പുരോഹിതന്മാര്‍ എന്നിവര്‍ നല്‍കിയ 49 അപ്പീലുകളിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെത്തിയത്. അധ്യാപക ജോലി ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും ലഭിക്കുന്ന ശമ്പളം രൂപതകള്‍ക്കോ സഭാ സമൂഹങ്ങള്‍ക്കോ നല്‍കുന്നുവെന്നായിരുന്നു അപ്പീലിലെ വാദം. ശമ്പളമായി ലഭിക്കുന്ന പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നും അതിനാല്‍ ആദായനികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ടി.ഡി.എസില്‍ നിന്ന് ഇളവ് ലഭിക്കാന്‍ 1944 ലും 1977 ലും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി) പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു. കന്യാസ്ത്രീകള്‍ക്കും പുരോഹിതന്മാര്‍ക്കും വരുമാനമോ സ്വത്തോ കൈവശം വയ്ക്കാന്‍ അര്‍ഹതയില്ല, ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ അവരുടെ എല്ലാ സ്വത്തുക്കളും സഭയുടേതാണെന്നും അവര്‍ വാദിച്ചു.
ആദായ നികുതി വകുപ്പിന്റെ വാദം
1944ലെ സിബിഡിടി സര്‍ക്കുലറും 1977ലെ സിബിഡിടി സര്‍ക്കുലറും 'ഫീസ്' എന്നാണ് 'മിഷനറിമാര്‍' സമ്പാദിക്കുന്ന വരുമാനത്തെ പരാമര്‍ശിക്കുന്നതെന്നും, ഇത് കന്യാസ്ത്രീകളോ പുരോഹിതന്മാരോ നേടുന്ന ശമ്പളത്തിന് തുല്യമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഒരു സാഹചര്യത്തിലും കാനോന്‍ നിയമത്തിന് ആദായനികുതി നിയമത്തെ മറികടക്കാന്‍ കഴിയില്ല. സര്‍ക്കാരില്‍ നിന്ന് ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കണം. അവര്‍ക്ക് മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമായ ശമ്പളം, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി പോലും നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
2021ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ഇങ്ങനെ
കാനോന്‍ നിയമമനുസരിച്ച്, ദാരിദ്ര്യ വ്രതം (perpetual vow of povetry) സ്വീകരിച്ചുകഴിഞ്ഞാല്‍, കന്യാസ്ത്രീയോ പുരോഹിതനോ ലൗകികത (civil death) വെടിയുകയും അതിനുശേഷം അവര്‍ ആക്ടിന് കീഴിലുള്ള 'വ്യക്തികള്‍' അല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. കാനോന്‍ നിയമം മുന്നോട്ടുവയ്ക്കുന്ന 'സിവില്‍ ഡെത്ത്' എന്നത് യഥാര്‍ത്ഥമല്ലെന്ന് കോടതി മറുപടി നല്‍കി. കാനോന്‍ നിയമപ്രകാരമുള്ള പ്രസ്തുത സങ്കല്‍പ്പം, ഒരു കന്യാസ്ത്രീയുടെയോ പുരോഹിതന്റെയോ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ നിബന്ധന ചെയ്യുന്നില്ല. 'ആദായനികുതി നിയമത്തിലെ വ്യവസ്ഥകളൊന്നും സിവില്‍ ഡെത്തിന്റെ ആശയം അംഗീകരിക്കുന്നില്ല എന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
കന്യാസ്ത്രീകളും പുരോഹിതന്മാരും സമൂഹത്തിന്റെ ഭാഗമാണ്. മറ്റേതൊരു വ്യക്തിയെയും പോലെ അവര്‍ക്ക് സ്വതന്ത്രമായി നടക്കാനും സ്വതന്ത്രമായി സംസാരിക്കാനും പതിവ് പ്രവര്‍ത്തനങ്ങളില്‍ മിക്കതിലും നിയന്ത്രണമില്ലാതെ ഏര്‍പ്പെടാനും കഴിയും. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ഉള്‍പ്പെടെ, എല്ലാ അവകാശങ്ങളും അവര്‍ ആസ്വദിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ മാനേജര്‍മാരായി അവര്‍ പ്രവര്‍ത്തിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി അവര്‍ കരാറുകളില്‍ ഏര്‍പ്പെടുന്നു. ഈ മേഖലകളിലെല്ലാം, ജീവിച്ചിരിക്കുന്ന മറ്റ് ഏതൊരു മനുഷ്യനെയും പോലെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. നികുതി ചട്ടങ്ങളുമായി ബന്ധപ്പെട്ട് സിവില്‍ ഡെത്തിനു പ്രസക്തിയില്ല. നികുതി വ്യവസ്ഥകളില്‍ നിന്ന് ഒരു വ്യക്തിയെയോ ഒരു വിഭാഗത്തെയോ ഒഴിവാക്കിക്കൊണ്ട് ഒരു സര്‍ക്കുലറും പുറപ്പെടുവിക്കാന്‍ സിബിഡിടിക്ക് അധികാരമില്ലെന്നുംഹൈക്കോടതി പറഞ്ഞു. 'ശമ്പളം' എന്ന തലക്കെട്ടില്‍ പണമടയ്ക്കുന്ന ഓരോ വകുപ്പും നിശ്ചിത നിരക്കില്‍ നികുതി കുറയ്‌ക്കേണ്ടതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കേസ് സുപ്രീംകോടതിയിലും
സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീകള്‍ ആദായനികുതി അടയ്‌ക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ സുപ്രിം കോടതിയും തീരുമാനിച്ചു. സന്യാസ ജീവിതത്തിന്റെ ഭാഗമായി ഒരു കന്യാസ്ത്രീ ദാരിദ്ര്യത്തിന്റെ പ്രതിജ്ഞയെടുത്തു കഴിഞ്ഞാല്‍, സ്വാഭാവിക കുടുംബവുമായുള്ള അവരുടെ എല്ലാ ബന്ധങ്ങളെയും ഉപേക്ഷിക്കുന്നു. മാതാപിതാക്കള്‍ മരിച്ചാലും അവരുടെ സ്വത്ത് കന്യാസ്ത്രീക്ക് കൈമാറില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ സുപ്രീം കോടതിയും ഈ വാദം അംഗീകരിച്ചില്ല. 93 അപ്പീലുകളാണ് സുപ്രീംകോടതി തള്ളിയത്. വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിനു ടി.ഡി.എസ് ബാധകമാകുമെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരായ ഹര്‍ജികളും അന്ന് സുപ്രീംകോടതി തള്ളിയിരുന്നു. ശമ്പളം ലഭിക്കുന്നുണ്ടെന്നും അതു കൈമാറുന്നുവെന്നത് കൊണ്ട് വരുമാനമില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും 2024 നവംബറില്‍ സുപ്രീംകോടതി വ്യക്തമാക്കി.
ഇനിയെന്ത്?
കേരളത്തിലെയും തമിഴ്‌നാടിലെയും ഹര്‍ജികള്‍ സുപ്രീംകോടതി വരെ തള്ളിയ സാഹചര്യത്തില്‍ ആദായ നികുതി വകുപ്പ് നിര്‍ദ്ദേശങ്ങള്‍ ഈ സംസഥാനങ്ങളില്‍ നടപ്പാക്കേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates