'മുട്ടി'യാല്‍ ഇനി മുട്ടാന്‍ മടിക്കേണ്ട; പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ് നിങ്ങളുടെ അവകാശമാണ്

'മുട്ടി'യാല്‍ ഇനി മുട്ടാന്‍ മടിക്കേണ്ട; പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ് നിങ്ങളുടെ അവകാശമാണ്
Updated on
2 min read

ദീര്‍ഘയാത്രകള്‍ക്കിടയില്‍ ബാത്‌റൂം സൗകര്യത്തെച്ചൊല്ലി ബുദ്ധിമുട്ടനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. സ്ത്രീകളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രയാസം അനുഭവിച്ചിട്ടുണ്ടാവുക. മണിക്കൂറുകള്‍ നീണ്ട യാത്രക്ക് ശേഷം ഒന്ന് വിശ്രമിക്കണമെന്നു കരുതിയാല്‍ ഹൈവേകളിലോ നമ്മുടെ മറ്റു റോഡുകളിലോ സൗകര്യം ഇല്ലെന്നു തന്നെ പറയേണ്ടിവരും. രാത്രികാലമായാല്‍ പറയുകയും വേണ്ട. പലരും ആശ്രയിക്കുന്നത് ഹോട്ടലുകളെയോ പെട്രോള്‍ പമ്പുകളെയോ ഒക്കെയാണ്. എന്നിട്ടോ, ഒന്ന് മൂത്രമൊഴിക്കാന്‍ വേണ്ടി ഒരു കട്ടന്‍ ചായ എങ്കിലും ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യേണ്ടിവരും. ഒരു കട്ടന്‍ചായയ്ക്കുവേണ്ടി ബാത്‌റൂം സൗകര്യം നല്‍കാന്‍ ഹോട്ടലുകാര്‍ക്കാണെങ്കില്‍ മിക്കവാറും മടിയുമാവും. പിന്നെ അടുത്ത ഓപ്ഷനാണ് പെട്രോള്‍ പമ്പ്. പല പെട്രോള്‍ പമ്പുകളിലെയും ടോയ്‌ലെറ്റിന്റെ അവസ്ഥ പറയാതിരിക്കുകയാണ് ഭേ്ദം. ചിലത് താഴിട്ടു പൂട്ടിയിട്ടുണ്ടാവും. എന്നാല്‍ നിയമപ്രകാരം ഈ സൗകര്യം പൊതുജനങ്ങള്‍ക്ക് പെട്രോള്‍ പമ്പുടമകളോ ഏജന്‍സിയോ നല്‍കണമെന്നുണ്ട്; പെട്രോള്‍ അടിച്ചാലും ഇല്ലെങ്കിലും. അത്യാവശ്യ ഘട്ടത്തില്‍ ഈ സൗകര്യം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ പത്തനംതിട്ടയിലെ ഒരു അദ്ധ്യാപിക നിയമപോരാട്ടം നടത്തി വിജയം കണ്ടു. പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ് തുറന്നു തന്നില്ലെങ്കില്‍ നടപടിയെടുക്കും.

കഥയിങ്ങനെ:

2024 മെയ് 8ന് കാസര്‍കോട്ടു നിന്ന് ഏഴംകുളത്തുള്ള തന്റെ വീട്ടിലേക്ക് കാറില്‍ യാത്രചെയ്യുകയായിരിന്നു ജയകുമാരി ടീച്ചര്‍. രാത്രി ഏകദേശം 11 മണിയോടെ പയ്യോളിയിലെ പെട്രോള്‍ പമ്പില്‍ കയറി ഇന്ധനം നിറച്ച ശേഷം കാറില്‍ നിന്ന് ഇറങ്ങി ടോയ്‌ലറ്റിലേക്ക് നടന്നു. ടോയ്‌ലറ്റിന്റെ വാതില്‍ പൂട്ടിയിരിക്കുന്നു. തുടര്‍ന്ന് സ്റ്റാഫിനോട് ടോയ്‌ലറ്റിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്റ്റാഫ് പരുഷഭാഷയിലാണ് പ്രതികരിച്ചത്. താക്കോല്‍ മാനേജരുടെ കൈവശമാണെന്നും അദ്ദേഹം വീട്ടിലേക്ക് പോയെന്നും അറിയിച്ചു. ടോയ്‌ലറ്റ് തകരാറിലാണെന്നും ഉപയോഗശൂന്യമാണെന്നും അവര്‍ ടീച്ചറിനോട് പറഞ്ഞു. അത്യാവശ്യ സാഹചര്യം അറിയിച്ചിട്ടുപോലും, ടോയ്‌ലറ്റ് തുറന്നു കൊടുക്കാന്‍ സ്റ്റാഫ് തയ്യാറായില്ല. അത്രത്തോളം മനുഷ്യത്വരഹിതമായ നിലപാടായിരുന്നു അവരുടെ ഭാഗത്തു നിന്നുണ്ടായതെന്നു ടീച്ചര്‍ പറഞ്ഞു. റോഡിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി തൊട്ടടുത്തുള്ള പമ്പുകളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയതിനാല്‍, പ്രവര്‍ത്തനക്ഷമമായ ടോയ്‌ലറ്റ് സൗകര്യങ്ങളുള്ള ഒരു ബദല്‍ ഇന്ധന സ്‌റ്റേഷന്‍ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു എന്ന വസ്തുത സ്ഥിതി കൂടുതല്‍ വഷളാക്കി. തുടര്‍ന്ന് പൊലീസിന്റെ സഹായത്തിനായി 112 നമ്പറിലേക്കു ടീച്ചര്‍ വിളിച്ചു. പൊലീസിന്റെ സാന്നിധ്യത്തില്‍ പോലും ടോയ്‌ലറ്റ് തുറക്കാന്‍ പമ്പിലെ ജീവനക്കാര്‍ വിസമ്മതിച്ചു. തുടര്‍ന്ന് ബലം പ്രയോഗിച്ച് ടോയ്‌ലറ്റ് തുറക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. പ്രവേശനം ലഭിച്ചപ്പോള്‍, പമ്പ് ജീവനക്കാരുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി, ടോയ്‌ലറ്റ് നല്ലതും ഉപയോഗയോഗ്യവുമായ അവസ്ഥയിലാണെന്ന് വ്യക്തമാവുകയും ചെയ്തു. സ്ത്രീ, സ്‌ട്രെസ് എന്നീ പരിഗണന പോലും നല്‍കാന്‍ തയ്യാറാകാത്ത പമ്പു ജീവനക്കാര്‍ തന്നെ അപമാനിക്കുകയും ചെയ്തു എന്നും ടീച്ചര്‍ പരാതിപ്പെട്ടു.

'മുട്ടി'യാല്‍ ഇനി മുട്ടാന്‍ മടിക്കേണ്ട; പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ് നിങ്ങളുടെ അവകാശമാണ്
Divorce case |ഭര്‍ത്താവ് ഭക്തിമാര്‍ഗത്തില്‍, ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ താത്പര്യമില്ല; കോടതി പറഞ്ഞത്

നിയമം വ്യവസ്ഥ ചെയ്യുന്നത്

എല്ലാ പെട്രോള്‍ പമ്പുകളും സൗജന്യമായി നല്‍കേണ്ട നിര്‍ബന്ധിത സൗകര്യങ്ങളില്‍ ടയര്‍ ഇന്‍ഫ്‌ലേഷന്‍, കുടിവെള്ളം, എണ്ണക്കമ്പനി ജീവനക്കാരുടെ ഫോണ്‍ നമ്പര്‍, പ്രഥമശുശ്രൂഷാ പെട്ടി, ടോയ്‌ലറ്റ്, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. കൂടാതെ നിര്‍ദ്ദേശം/പരാതി പുസ്തകവും സൂക്ഷിക്കേണ്ടതാണ്. ഒരു ഉപഭോക്താവ് എന്ന നിലയില്‍, പെട്രോള്‍ പമ്പിലെ വാഷ്‌റൂം, ടോയ്‌ലറ്റ് ഉപയോഗിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. വൃത്തിയുള്ളതും ഉപയോഗപ്രദവുമായ സൗകര്യങ്ങള്‍ നല്‍കേണ്ടത് പെട്രോള്‍ പമ്പുടമയുടെ കടമയാണ്.

2013 മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് ഹൈവേയ്‌സ് ഇറക്കിയ ഉത്തരവില്‍ (RW/NH-33023/19/99-DOIII) ദേശീയപാതയിലുള്ള പെട്രോള്‍ പമ്പുകളില്‍ കുടിവെള്ള സൗകര്യവും ടോയ്‌ലറ്റും മുഴുവന്‍ സമയവും നിര്‍ബന്ധമാക്കിയിട്ടുണ്ട് . ഈ സൗകര്യങ്ങള്‍ ലഭ്യമാണെന്ന ബോര്‍ഡ് പമ്പുകള്‍ക്ക് മുന്നില്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതില്‍ പമ്പുടമകള്‍ വീഴ്ച വരുത്തിയാല്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നുമുണ്ട്.

ഉപഭോക്തൃ കോടതിയുടെ നിരീക്ഷണം

ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ യാത്രാമാര്‍ഗ്ഗത്തില്‍ പെട്രോള്‍ പമ്പുകളില്‍ സജ്ജീകരിച്ചിരിക്കുന്ന ടോയ്‌ലറ്റ് സൗകര്യത്തെ ആശ്രയിക്കാറുണ്ട്. പെട്രോള്‍ പമ്പിലെ ടോയ്‌ലറ്റ് വൃത്തിയായി പരിപാലിക്കേണ്ടത് പമ്പുടമയുടെ കടമയാണ്. എന്നാല്‍ ഇന്ധനം നിറയ്ക്കാനായി എത്തുന്ന ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബാധ്യസ്ഥനായ ഉടമ, നിലവിലുള്ള ടോയ്‌ലറ്റ് സൗകര്യം പൂട്ടി വയ്ക്കുകയും ഉപയോഗിക്കാന്‍ അപേക്ഷിച്ച പരാതിക്കാരിക്ക് അത് തുറന്നു നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇത് സേവനത്തിലെ ഗുരുതരമായ പോരായ്മയ്ക്കും അന്യായമായ വ്യാപാര രീതിക്കും തുല്യമാണ്. അതിനാല്‍ പമ്പുടമ 1,50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും ചേര്‍ത്ത് 1,65,000 രൂപ ടീച്ചര്‍ക്ക് നല്‍കേണ്ടതാണെന്ന് പത്തനംതിട്ട ഉപഭോക്തൃ കമ്മീഷന്‍ പ്രസിഡന്റ് ജോര്‍ജ് ബേബി, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ഉത്തരവിട്ടു.

വഴിയില്‍ ഇനിയൊരു 'മുട്ടു'ണ്ടാവില്ലെന്നു സാരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com