സദ്യക്ക് പപ്പടം കിട്ടാത്തതിന്റെ പേരില്‍ പൊരിഞ്ഞ തല്ല്! ബിരിയാണിയില്‍ സാലഡ് കുറഞ്ഞു പോയെന്നും പറഞ്ഞ് അതിലും വലിയ അടി. ഇതൊക്കെ നടക്കുന്ന നാട്ടില്‍ പൊറോട്ടയിലെ ഗ്രേവി കേസായില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ!
'രണ്ടു പൊറോട്ട കുറച്ചു ഗ്രേവി..' ഇങ്ങനെ ഓര്‍ഡര്‍ ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല, ഹോട്ടലുകാരുടെ ജീവിതത്തില്‍. ചില ഉടമകള്‍ നല്‍കും, ചിലര്‍ ഗ്രേവി ഇല്ലന്ന് പറയും, അപ്പോള്‍ കഴിക്കാന്‍ വന്ന ആള്‍ എന്തെങ്കിലും കറി ഓര്‍ഡര്‍ ചെയ്യും. ശരിക്കും പൊറോട്ടക്കൊപ്പം ഗ്രേവി നല്‍കേണ്ടതുണ്ടോ? ഉപഭോക്തൃ കോടതി ഈയിടെ ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി തള്ളിക്കളഞ്ഞു. പൊറോട്ടയ്‌ക്കൊപ്പം സൗജന്യമായി ഗ്രേവി (porotta and gravy) നല്‍കിയില്ല എന്നത് സേവനത്തിലെ വീഴ്ച അല്ലെന്നു കോടതി കണ്ടെത്തി.
സംഭവം ഇങ്ങനെ:
എറണാകുളം സ്വദേശിയായ പരാതിക്കാരനും സുഹൃത്തും 2024 നവംബര്‍ മാസത്തിലാണ് കോലഞ്ചേരിയിലെ റസ്‌റ്റോറന്റില്‍ ബീഫ് ഫ്രൈ പൊറോട്ടയും ഓര്‍ഡര്‍ നല്‍കിയത്. പൊറോട്ട കട്ടിയാണെന്നും ഗ്രേവി ഇല്ലാതെ കഴിക്കാനാകില്ലെന്നുമാണു പരാതിക്കാരന്‍ പറയുന്നത്. തുടര്‍ന്ന് കുറച്ചു ഗ്രേവി വേണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. സൗജന്യമായി ഗ്രേവി നല്‍കാനാവില്ലെന്നും ഗ്രേവി നല്‍കിയാല്‍ അത് ഹോട്ടലിന്റെ നയത്തിന് വിരുദ്ധമാകുമെന്നും മാനേജര്‍ അറിയിച്ചു. തുടര്‍ന്ന് പരാതിക്കാര്‍ ഉടമയെ ബന്ധപ്പെട്ടു, ഉടമയും ആവശ്യം അംഗീകരിച്ചില്ല.
ഇതിനെതിരെ, കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്കാണ് ആദ്യം പരാതി നല്‍കിയത്. താലൂക്ക് സപ്ലൈ ഓഫീസറും ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ പോളിസിയിലില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പരാതിക്കാരന്‍ അവര്‍ നേരിട്ട മാനസിക സംഘര്‍ഷത്തിനു 1 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.
കോടതിയുടെ നിരീക്ഷണം
ഭക്ഷണത്തിന്റെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടു പരാതിക്കാര്‍ക്ക് ആക്ഷേപമില്ല. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ലഭ്യമാക്കിയില്ല എന്നതാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. എന്നാല്‍ സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റെസ്‌റ്റോറന്റ് വാഗ്ദാനം നല്‍കുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം സെക്ഷന്‍ 2(11) അനുസരിച്ച് സേവനത്തിലെ ന്യൂനത എന്നാല്‍, നിലവിലുള്ള ഏതെങ്കിലും നിയമ പ്രകാരമോ അല്ലെങ്കില്‍ എതിര്‍ കക്ഷിയുടെ വാഗ്ദാന പ്രകാരമോ നിഷ്‌കര്‍ഷിച്ചിട്ടുള്ള സേവനങ്ങളുടെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയില്‍ സംഭവിച്ചിട്ടുള്ള ന്യൂനതയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.
ഗ്രേവി നല്‍കേണ്ടതിന് എന്തെങ്കിലും നിയമപരമായതോ അല്ലെങ്കില്‍ കരാറിലൂടെയോ ഉള്ള ബാധ്യത ഹോട്ടല്‍ ഉടമയ്ക്ക് ഉണ്ടെന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല. അതിനാല്‍, പൊറോട്ടയും ബീഫും നല്‍കുമ്പോള്‍ ഗ്രേവി സൗജന്യമായി നല്കാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഹോട്ടല്‍ ഉടമ തെറ്റായി വാഗ്ദാനങ്ങള്‍ നല്‍കിയതിനോ വഞ്ചനാപരമായ വ്യാപാര രീതി ഉപയോഗിച്ചതിനോ തെളിവുകളൊന്നുമില്ല. ഓര്‍ഡര്‍ ചെയ്ത വിഭവങ്ങളോടൊപ്പം ഗ്രേവി ഉള്‍പ്പെടുത്തിയതായോ വാഗ്ദാനം ചെയ്തതായോ മെനുവിലോ ബില്ലിലോ സൂചനയില്ല. നിയമപരമായോ കരാര്‍ പ്രകാരമോ ഉള്ള ബാധ്യതയുടെ അഭാവത്തില്‍, അനുബന്ധ വിഭവങ്ങള്‍ സംബന്ധിച്ച ഒരു റെസ്‌റ്റോറന്റിന്റെ നയത്തെ സേവനത്തിലെ പോരായ്മയായി കണക്കാക്കാനാവില്ല എന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഇനി പൊറോട്ടക്കൊപ്പം ഗ്രേവി കിട്ടിയില്ലെങ്കില്‍ അടികൂടാന്‍ പോകരുത് !!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates