ഗണിത ചരിതത്തിലൂടെ ഒരു യാത്ര history of mathematics 
Opinion

അറിയുമോ ചങ്ങമ്പുഴയും മേല്‍പുത്തൂരും എഴുതിയ ഗണിത ഗ്രന്ഥങ്ങള്‍? ഗണിത ചരിതത്തിലൂടെ ഒരു യാത്ര

ഡോ. ശ്രീനിവാസന്‍ പികെ

പുസ്തക പ്രസാധനം പലതരത്തില്‍ സംഭവിക്കുന്നു. അത് സാഹിത്യമാവാം, ചരിത്രമാവാം. ശാസ്ത്രജ്ഞാനം പകര്‍ന്നു നല്‍കുന്ന ഗ്രന്ഥങ്ങളെ വിജ്ഞാനകൃതികളെന്ന ഗണത്തിലാണ് സാധാരണ ഉള്‍പ്പെടുത്താറ്. അതാകട്ടെ അധികവും ഒരാളുടെ മാത്രം രചനയാവാറാണ് പതിവ്. എന്നാല്‍ ഒന്നിലധികം പേര്‍ ചേര്‍ന്നെഴുതിയ പുസ്തകങ്ങളും വിരളമല്ല. ഈയിടെ തൃശൂര്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഗണിത ചരിതം എന്ന പുസ്തകം വായിക്കാനിടയായി. ഇതാകട്ടെ മുപ്പത്തൊമ്പത് ഗവേഷകരുടെ രചനകളുടെ സമാഹാരമായ ഒരു ഗണിത ഗ്രന്ഥമാണ്. പുരാതന കേരളീയ ഗണിതത്തിലെ അതികായരുടെ സംഭാവനകളെ പ്രകാശിപ്പിക്കുന്ന വിജ്ഞാനഭരിതമായ പുസ്തകമാണ് തൃശൂര്‍ ശ്രീ സി. അച്യുത മേനോന്‍ ഗവണ്മെന്റ് കോളജിലെ അധ്യാപകനായ ഡോ. ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട് സമ്പാദകനായി നമുക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ നോളഡ്ജ് സിസ്റ്റത്തിന്റെയും ഇരിഞ്ഞാലക്കുട മാധവഗണിത കേന്ദ്രത്തിന്റെയും സഹകരണത്തോടെ തൃശൂരും എറണാകുളത്തും വെച്ച് നടത്തിയ ഗണിത സെമിനാറുകളുടെ പ്രൊസീഡിംഗ്‌സ് കൂടിയാണീ അപൂര്‍വ ഗ്രന്ഥം.

കേരളത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ഗണിത പാരമ്പര്യത്തെ പരിചയപ്പെടാന്‍ ഈ പുസ്തകം വളരെ ഉപകരിക്കുമെന്നതില്‍ സംശയമില്ല. കേരളീയര്‍ ഒരു വിദ്യാലയത്തിലും പഠിയ്ക്കാനിടയില്ലാത്ത ഹരിദത്തന്‍, സംഗമഗ്രാമ മാധവന്‍, വടശ്ശേരി പരമേശ്വരന്‍, നീലകണ്ഠ സോമയാജി, ജ്യേഷ്ഠദേവന്‍, അച്യുത പിഷാരടി, ശങ്കരവാര്യര്‍, അച്യുത പണിക്കര്‍, പുതുമന ചോമാതിരി, പറങ്ങോട്ട് ജ്യേഷ്ഠദേവന്‍, ദാമോദരന്‍, ചിത്രഭാനു , മേല്പുത്തൂര്‍ നാരായണ ഭട്ടതിരി തുടങ്ങിയ പ്രശസ്തരായ കേരളിയ ഗണിത ശാസ്ത്രജ്ഞരെ ഇനി വരുന്ന തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ ഈ ഗ്രന്ഥം വിജയിച്ചിട്ടുണ്ട്.

ഭാരതത്തിന്റെ ഗണിത ചരിത്രം പരിശോധിച്ചാല്‍ ജ്യോതിശ്ശാസ്ത്രജ്ഞന്മാരാണ് ഏറെയും സംഭാവനകള്‍ നല്‍കിയിട്ടുള്ളതെന്ന് കാണാം. കേരളത്തിന്റെ മാത്രം കാര്യമെടുത്താലും സ്ഥിതി വ്യത്യസ്തമല്ല. കൗതുകവും ജിജ്ഞാസയും ജനിപ്പിക്കുന്ന ആകാശ നിരീക്ഷണം നിളാ നദീ തീരത്ത് നൂറ്റാണ്ടുകളായി നടന്നിരുന്നതിന്റെ ഫലങ്ങള്‍ കേരളീയ ഗണിതത്തിന്റെ നൂതന ആശയങ്ങള്‍ക്ക് അടിസ്ഥാനമായിത്തീര്‍ന്നിട്ടുണ്ടെന്ന് ഗണിത ചരിതം നമ്മെ കാട്ടിത്തരുന്നുണ്ട്.

കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ഡോ. സുവര്‍ണ്ണ നാലപ്പാട്ട്, ഡോ. രാജശേഖര്‍ പി. വൈക്കം, ഡോ. അനില്‍ നാരായണന്‍ എന്‍., ഡോ. പി. സി. മുരളീ മാധവന്‍, ഡോ. കതിരൂ ജയരാമന്‍, ഡോ. ജെ. സിന്ധു റാണി, പ്രൊഫ. ജോര്‍ജ് എസ്. പോള്‍, പ്രൊഫ. ടി. എസ്. ബാലസുബ്രഹ്മണ്യന്‍, വേദഗണിതത്തിലെ പ്രഗത്ഭനായ അജിത് രാജ , ശില്പനിര്‍മ്മാണ രംഗത്തെ പ്രശസ്തനായ നന്ദകുമാര്‍ എളവള്ളി, വാദ്യകലയിലെ പ്രഗത്ഭനായ ഗണിതാധ്യാപകന്‍ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, സംഗീതരംഗത്തെ പ്രശസ്തനായ ഗണിതാധ്യാപകന്‍ നെടുമ്പള്ളി രാംമോഹന്‍, മാധവഗണിത കേന്ദ്രം ഡയറക്ടര്‍ എ. വിനോദ്, ഡോ. ആരിഫ് അലി കൊളത്തേക്കാട്ട് തുടങ്ങിയ അതിപ്രഗത്ഭരാണ് അവരവരുടെ മേഖലയില്‍ ഗണിതത്തെ പരിചയപ്പെടുത്തുന്നത് എന്നത് എടുത്ത് പറയാതിരിക്കാന്‍ കഴിയില്ല. ഇതില്‍ 28 ലേഖനങ്ങള്‍ മലയാളത്തിലും ബാക്കി 11 എണ്ണം ഇംഗ്ലീഷിലുമായാണ് എഴുതിയിരിക്കുന്നത്.

ഗണിതമില്ലെങ്കില്‍ ലോകമില്ലെന്ന് നാം കേട്ട് കേട്ട് പഴകിയിട്ടുണ്ടെങ്കിലും ഗോപീകൃഷ്ണന്‍ മാഷിന്റെ പ്രകൃതിയിലെ ഗണിതം വായിക്കുന്നവരുടെ മനസ്സില്‍ വരച്ചു പോവുന്ന ഗണിത ചിത്രങ്ങള്‍ ഊഹിക്കാവുന്നതിനുമപ്പുറത്താണ്.

ആയുര്‍വേദത്തിലെ ഗണിത രഹസ്യങ്ങള്‍ ഡോ. അനുമോദ് കാക്കശ്ശേരി വെളിപ്പെടുത്തുമ്പോള്‍ നാം ഒറ്റശ്വാസത്തില്‍ എല്ലാം അകത്താക്കാന്‍ ശ്രമിക്കും. പഴയകാല ഓര്‍മ്മകളുടെ കയത്തില്‍ നിന്ന് പൊക്കിയെടുത്തു കൊണ്ടുവന്ന് പ്രസിദ്ധീകരിച്ച നിഴലളന്ന് സമയം കണക്കാക്കുന്ന പട്ടിക കേരളീയ ജ്യോതിഷികളുടെ ഗണിത സാമര്‍ത്ഥ്യത്തെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു.

കേരളീയ വാദ്യകലയുടെ ഗണിതം പ്രതിപാദിക്കുന്ന കലാമണ്ഡലം രതീഷിന്റെയും, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെയും ലേഖനങ്ങള്‍ വിവരണാതീതമാണ്. ചെണ്ടയിലെ താളപ്പെരുക്കങ്ങള്‍ ഗണിത പാറ്റേണുകളിലൂടെ വെളിപ്പെടുത്തുമ്പോള്‍ കരിയന്നൂര്‍ നമുക്ക് മുന്നില്‍ തുറന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ അറിവിനു മുമ്പില്‍ നമസ്‌കരിക്കാതെ തരമില്ല.

ചിത്രകലയിലെ ഗണിതം പറയുന്ന ബാബു വാകയുടെ ലേഖനവും, ചുവര്‍ ചിത്രകലയുടെ ഗണിതം വെളിവാക്കുന്ന നളിന്‍ ബാബുവിന്റെ ലേഖനവും, ആധാരമെഴുത്തിന്റെ ജ്യാമിതീയവും അംശബന്ധവും വ്യക്തമാക്കുന്ന കൃഷ്ണകുമാറിന്റെ ലേഖനവും ഏതൊരാള്‍ക്കും പുതിയ അറിവുകള്‍ നല്‍കും. പരല്‍ പാദം വെയ്ക്കുന്ന കേരളീയ ഗണിത വിജ്ഞാനം അരിയന്നൂര്‍ ഉണ്ണികൃഷ്ണനും രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

മഹേന്ദുവിന്റെ ഫോറന്‍സിക് ഗണിതവും, സുവര്‍ണ്ണ സുരേന്ദ്രന്റെ പുരാതന രസതന്ത്രത്തിന്റെ ഗണിതബന്ധങ്ങളും ആധുനിക തലമുറയവരെ ചിന്തിപ്പിക്കുന്നതായി തോന്നി.

പദ്യരചനയില്‍ വരുന്ന വൃത്തത്തിന്റെ ഗണിതവൃത്താന്തം പറയുന്ന ഡോ. രാജശേഖര്‍ പി. വൈക്കത്തിന്റെ എഴുത്ത് നമ്മെ അതിശയിപ്പിക്കുന്നതാണ്.

അതുകൊണ്ട് ഗണിത ചരിതം എന്ന ഈ പേര് കേട്ട് അത് ചരിത്രം മാത്രം പറയുന്ന ഗ്രന്ഥമാണെന്ന് കരുതിയാല്‍ തെറ്റി. എന്നാലും ഡോ. ടി.പി. റിന്‍സിയുടെ കേരളീയ ഗണിതത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന ഒരു ഗംഭീര ലേഖനം ഉണ്ട് എന്നത് പറയാതെ വയ്യ. ഗണിതത്തിന്റെ പുറമ്പോക്കില്‍ കിടന്നിരുന്ന അറിവുകളെ തേടിപ്പിടിച്ച് അവഗണിക്കപ്പെട്ടു പോയ ഗണിത വിദ്യകളെ പരിചയപ്പെടുത്താന്‍ അതിന്റെ ആന്തരിക വശങ്ങളെ യുവതലമുറയ്ക്ക് സ്വായത്തമാക്കാന്‍ ഉപകരിക്കുന്ന ഒരു ശാസ്ത്ര ഗ്രന്ഥം കൂടിയാണീ കൃതി.

നാരായണീയം എന്ന ഗ്രന്ഥമെഴുതിയ മേല്പുത്തൂര്‍ നാരായണ ഭട്ടതിരിയും, മലയാളത്തിന്റെ പ്രിയ കവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഗണിത ഗ്രന്ഥങ്ങളുടെ കൂടി കര്‍ത്താവാണെന്ന് ഈ ഗ്രന്ഥം കാട്ടിത്തരുന്നു.

ലിപി വിന്യാസവും കെട്ടും മട്ടും എല്ലാം ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് എന്നതും എഡിറ്റര്‍ എന്ന നിലയില്‍ ഡോ. ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട് നമുക്ക് സമ്മാനിച്ച ഈ ഗ്രന്ഥം എല്ലാ നല്ല വായനക്കാരെയും ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല.

(പുറനാട്ടുകര കേന്ദ്രസംസ്‌കൃത സര്‍വകലാശാല അധ്യാപകനാണ് ലേഖകന്‍)

history of mathematics in kerala, book riview

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോവയില്‍ നിശാക്ലബില്‍ തീപിടിത്തം, 23 മരണം

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും; കലാശക്കൊട്ട് കെങ്കേമമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

തോക്കുചൂണ്ടി തട്ടിക്കൊണ്ട് പോവല്‍, പ്രവാസി വ്യവസായിയെ കണ്ടെത്തി; ശരീരമാസകലം മര്‍ദനമേറ്റ പാടുകൾ

ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിഫൈനല്‍: ഇന്ത്യ ഇന്ന് ജര്‍മ്മനിക്കെതിരെ

കൊച്ചിയില്‍ ആളൊഴിഞ്ഞ വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

SCROLL FOR NEXT