Malayalam film songs
സിനിമാപ്പാട്ടുകളിലെ രാമനും സീതയും - Malayalam film songsFile

സിനിമാപ്പാട്ടുകളിലെ രാമനും സീതയും

രാമായണ കഥയുമായി ബന്ധപ്പെട്ട ഒട്ടനവധി ഗാനങ്ങള്‍ മലയാള സിനിമയിലുണ്ടായിട്ടുണ്ട്
Published on

റുപതുകളിലെ എന്റെ ബാല്യകാലം.

കര്‍ക്കടകമാസത്തില്‍ സന്ധ്യാനേരത്ത് നിലവിളക്കിനു മുന്നിലിരുന്ന് അമ്മാമ രാമനാമം ചൊല്ലുമ്പോഴും തൊട്ടപ്പുറത്തുള്ള അമ്പലത്തില്‍നിന്ന് കോളാമ്പി മൈക്കിലൂടെ ഒഴുകിയെത്തുന്ന ഭക്തിഗാനങ്ങള്‍ കേള്‍ക്കുമ്പോഴും മനസ്സില്‍ പതിഞ്ഞ പേരുകളാണ് രാമനും സീതയും രാവണനും.

സിനിമാപ്പാട്ടുകള്‍ക്കായി ചെവിയോര്‍ത്ത് ഒരു ദിവസം റേഡിയോയുടെ മുന്നിലിരിക്കുകയായിരുന്നു ഞാന്‍. അന്നു കേട്ട ഗാനവും അച്ഛനോട് കൗതുകത്തോടെ ചോദിച്ച ചോദ്യവും ഇന്നും ഓര്‍മ്മയിലുണ്ട്. ഗാനമിതാണ്:

'മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു

ദുഷ്ടനാം ദുര്‍വിധി വീണ്ടും - ഇതാ

ദുഷ്ടനാം ദുര്‍വിധി വീണ്ടും.'

കമുകറ പുരുഷോത്തമന്‍ ആലപിച്ച പ്രശസ്ത ഗാനം. സിനിമ: തറവാട്ടമ്മ. എഴുതിയത് പി.ഭാസ്‌കരന്‍. ഈണം പകര്‍ന്നത് ബാബുരാജ്. വര്‍ഷം: 1966.

'വേറെ ഏത് സീതയെയാണ് കാട്ടിലേക്കയച്ചത്?' എന്ന എന്റെ ചോദ്യം കേട്ട് അച്ഛന്‍ ചിരിച്ചു. ഗാനത്തിലെ 'മറ്റൊരു സീത'യാണ് എന്നെക്കൊണ്ട് ഈ ചോദ്യം ചോദിപ്പിച്ചതെന്ന് അച്ഛന് മനസ്സിലായി.

('മറ്റൊരു സീത' എന്ന പേരില്‍ പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത സിനിമയുമുണ്ട്). ദശരഥരാജാവിനെക്കുറിച്ചും രാമനെക്കുറിച്ചും സീതയ്ക്ക് കാട്ടിലേക്ക് പോകേണ്ടിവന്ന ദുരവസ്ഥയെക്കുറിച്ചുമെല്ലാം അച്ഛന്‍ പറഞ്ഞുതന്നു. സംക്ഷിപ്ത രൂപത്തിലുള്ള കുട്ടികളുടെ രാമായണം വായിക്കാനും തന്നു.

Malayalam film songs
'ആടിടുതേ വിളയാടിടുതേ...'; ഫീൽ​ഗുഡിലൂടെ കടന്ന് ത്രില്ലറിലേക്ക് പോകുന്ന 'മാരീസൻ'- റിവ്യൂ

രാമായണ കഥയുമായി ബന്ധപ്പെട്ട ഒട്ടനവധി ഗാനങ്ങള്‍ മലയാള സിനിമയിലുണ്ടായിട്ടുണ്ട്.

ഭക്തഹനുമാന്‍, സീതാരാമ കല്യാണം, സീതാ സ്വയംവരം , രാമരാജ്യം, ശ്രീ സീതാരാമ ഹനുമാന്‍ തുടങ്ങി രാമായണകഥയെ ആധാരമാക്കി ഒട്ടേറെ മൊഴിമാറ്റ ചിത്രങ്ങളുണ്ടെങ്കിലും രണ്ടു ചലച്ചിത്രങ്ങളാണ് മലയാളത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. ഉദയാ സ്റ്റുഡിയോ നിര്‍മ്മിച്ച 'സീത'യും മെറിലാന്റ് സ്റ്റുഡിയോ നിര്‍മ്മിച്ച 'ശ്രീരാമ പട്ടാഭിഷേക'വും.

'സീത'യില്‍ ശ്രീരാമന്റെ പട്ടാഭിഷേകം കഴിഞ്ഞുള്ള കഥയാണുള്ളത്. അതുകൊണ്ടാകാം 'ശ്രീരാമ പട്ടാഭിഷേക'ത്തില്‍ ശ്രീരാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള ഭാഗം ഉള്‍പ്പെടുത്തിയത്! രണ്ടു സിനിമകളിലും ശ്രീരാമനായി അഭിനയിച്ചത് പ്രേംനസീര്‍. രാമന്റെ സഹോദരനായ ലക്ഷ്മണനായി അഭിനയിച്ചതാകട്ടെ പ്രേംനസീറിന്റെ സഹോദരനായ പ്രേംനവാസും!

ദശാവതാരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ഗാനമുണ്ട് സീതയില്‍. പി.ബി. ശ്രീനിവാസ് പാടുകയാണ്:

'കാണ്മൂ ഞാന്‍ നിന്റെ ദശാവതാരങ്ങള്‍

എന്നുമെന്നും കണ്മുന്നില്‍

ആനന്ദരാമാ ശ്രീരാമാ...

നീയല്ലേ രാമാ ബഹുരൂപം പൂണ്ടു

കാണ്മതെല്ലാം നീയല്ലേ രാമാ'

(ഗാനരചന : അഭയദേവ്, സംഗീതം : വി. ദക്ഷിണാമൂര്‍ത്തി, വര്‍ഷം: 1960)

സീതയുടെ മംഗല്യസമയത്ത് പാടുന്ന,

'മംഗളം നേരുക സീതാ ദേവിക്ക്

മംഗളം നേരുക നാം ( ജാനകിയും സംഘവും), 'ശ്രീരാമാ... രാമാ...രാമരാമ പാഹിമാം മുകുന്ദരാമ പാഹിമാം' (എ.എം. രാജയും സംഘവും) 'സീതേ... ലോകമാതേ...

മണ്ണില്‍ മറഞ്ഞോ നീ - ദേവീ

മണ്ണിന്‍ മകള്‍ നീ ' (പി.ബി ശ്രീനിവാസ് ), ഇവയെല്ലാം രാമനെയും സീതയെയും കുറിച്ചുള്ള 'സീത' യിലെ ഗാനങ്ങളാണ്. പി. സുശീലയുടെ ആദ്യഗാനമായ 'പാട്ടു പാടിയുറക്കാം താമരപ്പൂംപൈതലേ' മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ താരാട്ടുപാട്ടായി മാറി.

Malayalam film songs
'പത്രങ്ങളിലെല്ലാം വാര്‍ത്ത, ആ ഒറ്റക്കാരണം കൊണ്ട് ഹിറ്റായി, പക്ഷെ മോശം സിനിമ'; അടൂര്‍ പറഞ്ഞ ചിത്രം ഏത്?

1962 ല്‍ റിലീസ് ചെയ്ത 'ശ്രീരാമപട്ടാഭിഷേക' ത്തിലെ ഗാനങ്ങള്‍ എഴുതിയത് തിരുനായിനാര്‍കുറിച്ചി മാധവന്‍നായര്‍. ഈണമൊരുക്കിയത് ബ്രദര്‍ ലക്ഷ്മണ്‍. അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ല ഇതിലെ ഗാനങ്ങള്‍. രാമന്‍ പതിനാല് വര്‍ഷം വനവാസത്തിനായി കൊട്ടാരത്തില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള , 'പോകുന്നിതാ നിന്‍ പ്രിയരാമന്‍ വനാന്തേ / കേഴുകയെന്‍ നാടേ'(പി.ബി. ശ്രീനിവാസ് ), രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയതിനു ശേഷം രാമലക്ഷ്മണന്മാര്‍ സീതയെ തേടിനടക്കുമ്പോഴുള്ള പശ്ചാത്തല ഗാനമാണ്, 'മമതരുണി സീതേ പുനരെവിടെ നീ പോയി'(കമുകറ പുരുഷോത്തമന്‍), ചേട്ടനായ രാമനെ കാണാന്‍ ഭരതന്‍ കാട്ടിലൂടെ നടക്കുമ്പോഴുള്ള ' നിന്നെ പിരിയിയുകിലാമോ ഇഹ മന്നിതിലുയിര്‍ വാഴാന്‍ രാമാ...(പി.ബി. ശ്രീനിവാസ്), വാനരസംഘം ലങ്കയിലേക്കുള്ള ചിറകെട്ടുന്ന സമയത്തുള്ള 'രാമ രാമ സീതാരാമാ...(യേശുദാസും സംഘവും) എന്നിവ സിനിമയിലെ പതിനഞ്ച് ഗാനങ്ങളില്‍ ചിലതു മാത്രം.

പി. ഭാസ്‌കരന്‍ സംവിധാനം നിര്‍വഹിച്ച 'തറവാട്ടമ്മ'യില 'മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നു' എന്ന ഗാനത്തിലേക്ക് തിരിച്ചുവരുകയാണ്.

തന്റെ അച്ഛന്റെ രണ്ടാം ഭാര്യയെ സ്വന്തം അമ്മയെ പോലെ കരുതി സ്‌നേഹിക്കുന്ന കഥാപാത്രമാണ് സത്യന്റേത്. പക്ഷേ, അവര്‍ക്ക് ആ മകനോട് ഒട്ടും സ്‌നേഹമില്ല. അതിനാല്‍ മകന്റെ ഭാര്യയായ രാധയെ(ഷീല)ക്കുറിച്ച് അപവാദങ്ങള്‍ സത്യന്റെ ചെവിയിലോതിയോതി, മരുമകളുടെ കൂടെ ഒരേ വീട്ടില്‍ കഴിയാന്‍ തനിക്ക് പ്രയാസമാണെന്നും അവര്‍ തീര്‍ത്തുപറഞ്ഞു. രണ്ടാനമ്മയെ വിഷമിപ്പിക്കരുത് എന്ന് മരണക്കിടക്കയില്‍ അച്ഛന് കൊടുത്ത വാക്കു പാലിക്കാനായി, ഗര്‍ഭിണിയായ ഭാര്യയെ അവളുടെ സ്വന്തം വീട്ടിലേക്ക് മടക്കി അയക്കുന്ന സന്ദര്‍ഭത്തിലാണ് 'മറ്റൊരു സീതയെ...' എന്ന ഗാനം നാം കേള്‍ക്കുന്നത്. രാമനും രാജാവും ഒന്നുമല്ലാത്ത ഒരു മനുഷ്യന്റെ, മകന്റെ, ഭര്‍ത്താവിന്റെ ധര്‍മ്മസങ്കടം ഈ രംഗങ്ങളില്‍ സത്യനില്‍ കാണാം..

ഇതുപോലെ, ഒരു തെറ്റും ചെയ്തില്ലെങ്കിലും പലവിധത്തില്‍ അഗ്‌നിപരീക്ഷ നേരിടേണ്ടി വരുന്ന കഥാപാത്രങ്ങളെ ഷീല തുടര്‍ന്നും അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ പലതിലും രാമായണത്തിലെ സന്ദര്‍ഭങ്ങളെ കൂട്ടിയിണക്കിയ ഗാനങ്ങളുണ്ട്.

പി. ഭാസ്‌കരന്റെ തന്നെ 'കള്ളിച്ചെല്ലമ്മ'യിലെ 'അശോകവനത്തിലെ സീതമ്മ /അവളുടെ ശ്രീരാമന്‍ ആരമ്മ, നീ ചൊല്ലമ്മ' എന്ന ഗാനരംഗ പശ്ചാത്തലം നോക്കുക. തന്റേടിയായ ചെല്ലമ്മ (ഷീല)യുടെ ഹൃദയം കവര്‍ന്ന കുഞ്ഞച്ചന്‍(പ്രേംനസീര്‍) അവളോട് ഇഷ്ടം കൂടുകയും പിന്നെ നാടുവിടുകയും ചെയ്യുന്നു. കുഞ്ഞച്ചനില്‍നിന്ന് ഗര്‍ഭിണിയായ ചെല്ലമ്മയുടെ കുട്ടി പ്രസവത്തില്‍ മരിക്കുന്നു. കുഞ്ഞച്ചന്‍ മടങ്ങിവരാന്‍ ചെല്ലമ്മ കാത്തിരിക്കുന്ന സന്ദര്‍ഭത്തില്‍, ഒരു പക്ഷിനോട്ടക്കാരന്‍ ചെല്ലമ്മയുടെ വീട്ടിലെത്തുന്നു. തത്ത കൊത്തിയെടുക്കുന്നത് അശോകവനത്തില്‍ ശ്രീരാമനെ കാത്തിരിക്കുന്ന സീതയുടെ ചിത്രമുള്ള ചീട്ടാണ്. ആ സന്ദര്‍ഭത്തില്‍ സീതയുടെയും ചെല്ലമ്മയുടെയും ദുഃഖത്തെക്കുറിച്ചാണ് ഈ ഗാനം. 'എന്നുവരും രാമന്‍ എന്നുവരും തന്റെ

കണ്മണിയാളുടെ കരംപിടിക്കാന്‍ /

തോരാത്ത കണ്ണീരിന്‍ കരകയറാന്‍

എന്നും ശ്രീരാമനാമം ജപിക്കമ്മാ - നീ

ജപിക്കമ്മാ' എന്ന് ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട് പാട്ടില്‍. (സംഗീതം കെ.രാഘവന്‍, പാടിയത്: കമുകറ പുരുഷോത്തമന്‍ ,ബി. വസന്ത, വര്‍ഷം: 1969)

സമാനമായ ഒരു രംഗത്തില്‍, 1974ല്‍ ജേസിയുടെ സംവിധാനത്തിലെ 'ശാപമോക്ഷം' എന്ന ചിത്രത്തില്‍ ഷീല അഭിനയിച്ചിട്ടുണ്ട്. പി. ഭാസ്‌കരന്റെ രചനയില്‍ ജി. ദേവരാജന്റെ ഈണത്തില്‍ പി. ജയചന്ദ്രനും പി. മാധുരിയും പാടിയ, 'കല്യാണിയാകും അഹല്യ /പാറക്കല്ലായ് കിടന്നല്ലോ കാനനത്തില്‍' എന്ന ഗാനരംഗത്തില്‍, താന്‍ മനസ്സറിയാത്ത കാര്യത്തിന് ഭര്‍ത്താവില്‍ നിന്നും പഴികേട്ടു ഭര്‍തൃഗൃഹം വിട്ട് സ്വന്തം വീട്ടിലെത്തിയ ഷീലയുടെ കഥാപാത്രത്തിന്റെ ദുഃഖത്തിന്റെ ആഴം വ്യക്തമാകുന്നുണ്ട്. ശ്രീരാമനില്‍ നിന്നും ശാപമോക്ഷം കിട്ടി ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചുപോകാന്‍ കാത്തിരിക്കുന്ന അഹല്യയുടെ കഥയാണ് ഈ പുള്ളുവന്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഷീലയുടെ കഥാപാത്രത്തിന്റെ സ്ഥിതിയും ശാപമോക്ഷം തേടുന്ന അഹല്യയുടേതുപോലെയായിരുന്നു.

മഞ്ഞിലാസിന്റെ ബാനറില്‍ കെ. എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത വാഴ്വേമായത്തിലും സീതയുടെ ദുഃഖമാണ് ഷീല നേരിടുന്നത്. ഇവിടെയും സത്യനാണ് ഭര്‍ത്താവിന്റെ റോളില്‍. മധുവിധു രാവുകളിലൊന്നില്‍, സീതാദേവി സ്വയംവരം ചെയ്ത ശ്രീരാമന്‍, പണ്ടൊരിക്കല്‍ കാട്ടില്‍ വെച്ച് കാല്‍വിരല്‍ കൊണ്ട് തൊട്ട ഒരു കല്ല് മോഹിനിയായി മാറിയ പുരാണം ഭര്‍ത്താവിനെ പാടിക്കേള്‍പ്പിക്കുകയാണ് ഭാര്യ. ഗാനം: 'സീതാദേവി സ്വയംവരം ചെയ്‌തൊരു

ത്രേതായുഗത്തിലെ ശ്രീരാമന്‍' (വയലാര്‍, ദേവരാജന്‍, പി.ജയചന്ദ്രന്‍, പി. സുശീല 1970). രാമായണ സന്ദര്‍ഭം ഗാനത്തില്‍ ലയിപ്പിച്ചതുകൊണ്ട് മാത്രമല്ല, ചിത്രീകരണത്തിന്റെ പ്രത്യേക ചാരുത കൊണ്ടും ഈ ഗാനം വളരെയധികം ആസ്വാദ്യകരമായി. ('അഗ്‌നിപരീക്ഷ' എന്ന പേരുള്ള സിനിമയില്‍ ശാരദയോടൊപ്പം പ്രധാന കഥാപാത്രമായി ഷീലയുമുണ്ട്.)

'അരപ്പവന്‍' എന്ന സിനിമയില്‍ അവിഹിത ഗര്‍ഭമാണെന്ന് പറഞ്ഞുണ്ടാക്കി മരുമകളെ അമ്മായിയമ്മ വീട്ടില്‍ നിന്ന് പുറത്താക്കുന്ന ഒരു രംഗമുണ്ട്. പഴയകാല നടി അംബികയാണ് ആ റോളില്‍. തീവ്രമായ ദുഃഖഭാരവുമേറി സ്വന്തം വീടിനെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ പശ്ചാത്തലമായി കേള്‍ക്കുന്ന ഗാനം മണ്ണിന്റെ മകളായി പിറന്ന സീതയെക്കുറിച്ചാണ്.

'കരയാതെ കരയാതെ നീ മകളേ'

എന്നു തുടങ്ങുന്ന ഗാനത്തില്‍

'മണ്ണിന്റെ മകളായി പിറന്നു സീത

ഒരു മന്നന്റെ കരളായി വളര്‍ന്നു സീത രാജാധിരാജനായ രാമന്റെ ദാരമായി രാഗാവതാരമായി

പുലര്‍ന്നു സീത -പുലര്‍ന്നു സീത'

പരഗേഹം പൂകിയെന്ന പഴി മാറ്റാന്‍

ആഴി കൂട്ടി പരിശുദ്ധി പരബോധ്യം

വരുത്തി സീത' എന്നീ വരികളിലൂടെ സിനിമയിലെ നായിക രാമായണത്തിലെ സീതയായി മാറുകയാണ്. (കെടാമംഗലം സദാനന്ദന്‍. ജി.കെ. വെങ്കിടേശ്, പി. ലീല, 1961).

രാമായണത്തിലെ ചെറിയൊരു ഭാഗം പിഞ്ചുഹൃദയം (1966) എന്ന ചിത്രത്തില്‍ അന്തര്‍നാടക രൂപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാനമിങ്ങനെ:

'കണ്‍കവരും കാമിനിയാളെ

രമണീ സീതേ വരൂ നീ

വന്നാല്‍ ലങ്കാപുരം റാണിപ്പട്ടം

തരുവേന്‍ ഉടന്‍ തരുവേന്‍'

(പി. ഭാസ്‌കരന്‍, വി. ദക്ഷിണാമൂര്‍ത്തി. പാടിയത് രേണുകയും അരുണയും)

'ഒതേനന്റെ മകന്‍'എന്ന സിനിമയില്‍ എം.ജി. രാധാകൃഷ്ണനും പി.ലീലയും പാടിയ ഒരു ഗാനമുണ്ട്:

'രാമായണത്തിലെ സീത

രാമനുപേക്ഷിച്ച സീത

തമസാതീരത്തു പണ്ടൊരിക്കല്‍ - രണ്ടു

തങ്കക്കുടങ്ങളെ പ്രസവിച്ചു'

(ഗാനരചന: വയലാര്‍, സംഗീതം: ദേവരാജന്‍, വര്‍ഷം: 1970). കുഞ്ഞി (രാഗിണി) ഒതേനക്കുറുപ്പില്‍ (സത്യന്‍) നിന്ന് ഗര്‍ഭിണിയായി. കാവില്‍ ഉത്സവം നടക്കുന്ന ദിവസം വന്നുകൊള്ളാം എന്ന് വാക്കു കൊടുത്ത് സ്ഥലം വിട്ട കുറുപ്പ് പിന്നീട് ആ വഴി വന്നില്ല. അദ്ദേഹത്തെ കണ്ണുനട്ട് കാത്തിരിക്കുന്ന സമയത്ത് വന്നെത്തുന്ന പുള്ളുവര്‍ പാടുന്ന ഈ ഗാനത്തില്‍ രാമനുപേക്ഷിച്ച സീതയെ ഭംഗിയായി ചേര്‍ത്തുവെച്ചിട്ടുണ്ട്.

1973-ല്‍ പുറത്തിറങ്ങിയ കലിയുഗം എന്ന ചിത്രത്തില്‍ ഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷക സ്ത്രീകള്‍ പാടുന്ന 'ഭൂമിപെറ്റ മകളല്ലോ സീതപ്പെണ്ണ്...' എന്ന ഗാനത്തിലൂടെ സീത അനുഭവിച്ച ത്യാഗങ്ങളെ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട് (വയലാര്‍, ദേവരാജന്‍,പി. ലീലയും പി.മാധുരിയും സംഘവും)

1973-ല്‍ പ്രദര്‍ശനത്തിനെത്തിയ 'പാവങ്ങള്‍ പെണ്ണുങ്ങള്‍' സ്ത്രികളെ പിടിച്ചുകൊണ്ടുപോയി വിദേശത്തേക്ക് അയക്കുന്ന ഒരു റാക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ്. പാവം പെണ്ണുങ്ങളുടെ ദുഃഖങ്ങള്‍ വരച്ചു ചേര്‍ത്ത, 'പാവങ്ങള്‍ പെണ്ണുങ്ങള്‍ / ദുഃഖഭാരം ചുമക്കും ദേവതകള്‍' (വയലാര്‍, ദേവരാജന്‍, യേശുദാസ്) എന്ന ശീര്‍ഷക ഗാനത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഇതിലെ, മനോഹരമായ വരികളാണ്:

'സ്ത്രീകളിന്നും വിരഹാതുരകള്‍

ഭൂമി കന്യാസീതകള്‍

രാമായണത്തിലെ കണ്ണീരില്‍ മുക്കിയ

സീതകള്‍ - സീതകള്‍

സ്ത്രീകളിന്നും പുരുഷന്മാരുടെ

ശാപമേല്‍ക്കും അഹല്യകള്‍

ശാപമോക്ഷത്തിനു കാത്തു കിടക്കും അഹല്യകള്‍ - അഹല്യകള്‍'

'അയോധ്യ' എന്ന സിനിമയിലെ ഗാനമാണ്,

'രാമന്‍ ശ്രീരാമന്‍

ഞാനയോദ്ധ്യ വിട്ടൊരു രാമന്‍'

(പി. ഭാസ്‌കരന്‍, ജി. ദേവരാജന്‍, ജയചന്ദ്രന്‍, 1975). 'അയോധ്യ' എന്നു പേരുള്ള തന്റെ വീട്ടില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ട്, ഭ്രാന്തനായി തെരുവില്‍ അലഞ്ഞു തിരിയുമ്പോള്‍ നായകനായ പ്രേംനസീര്‍ പാടുന്ന പാട്ട് അക്കാലത്ത് ജനപ്രീതി നേടിയതായിരുന്നു.

'ഊഞ്ഞാല്‍' (1977)എന്ന ചിത്രത്തില്‍ കോളാമ്പി മൈക്കിലൂടെ കേള്‍പ്പിക്കുന്ന ഗാനമാണ്,

'ശ്രീരാമചന്ദ്രന്റെയരികില്‍

സുമന്ത്രര്‍ തെളിക്കുന്ന തേരില്‍

സുസ്‌മേരമുഖിയായ്

സ്വയംവരവധുവായ്

സീതാദേവിയിരുന്നൂ -അവര്‍

മിഥിലയില്‍ നിന്നുമകന്നൂ'

(ബിച്ചു തിരുമല, ജി.ദേവരാജന്‍, യേശുദാസ് )

ശ്രീദേവിയുടെ കഥാപാത്രത്തിന്റെ വിവാഹത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് ഗാനം. താനാശിച്ച ആളിനെ വിവാഹം കഴിക്കാന്‍ പോകുന്ന സന്തോഷത്തേക്കാള്‍ തന്റെ മുറച്ചെറുക്കന്‍ (സോമന്‍) ആ വിവാഹം മുടക്കാന്‍ വരുമെന്ന ആശങ്കയിലും പേടിയിലും ശ്രീദേവി കാണുന്ന വിവാഹസ്വപ്നങ്ങളാണ് പാട്ടിലുള്ളത്.

Malayalam film songs
നീളന്‍ ജുബ്ബ, കട്ടിക്കണ്ണട, പിന്നിലേക്കു ചീകിവച്ച മുടി; സിനിമയിലും 'നിറഞ്ഞുനിന്ന' വിഎസ്

'അജ്ഞാത തീരങ്ങള്‍ ' (1979) എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനത്തിലുമുണ്ട് രാമായണം. ഗാനത്തിന്റെ പല്ലവി ഇങ്ങനെ:

'പഞ്ചവടിയിലെ പര്‍ണ്ണാശ്രമത്തിന്‍

പവിഴപ്പൂമണി മുറ്റത്ത്

രാകേന്ദു മുഖിയാം വൈദേഹി കണ്ടു

മാനായ് മാറിയ മാരീചനെ '

(ശ്രീകുമാരന്‍ തമ്പി, എം. കെ. അര്‍ജുനന്‍, യേശുദാസ്)

ശ്രീരാമപട്ടാഭിഷേകത്തിന് ശേഷം കൊട്ടാരത്തില്‍ വാഴുന്ന സീതയെക്കുറിച്ചൊരു ഗാനമുണ്ട് 'സംഗമം' (1977) എന്ന ചിത്രത്തില്‍:

'സീതാദേവി ശ്രീദേവി

ശ്രീമംഗലയാം തമ്പുരാട്ടി

ശ്രീരാമപട്ടാഭിഷേക ശേഷം

രാജകൊട്ടാരത്തില്‍ വാഴും കാലം'

ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനരംഗമെങ്കിലും നായികയായ ശോഭനയുടെ വിരഹദുഃഖമാണ് വരികളില്‍.

(മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, എം. എസ്. വിശ്വനാഥന്‍, പി.ജയചന്ദ്രനും സംഘവും).

സുന്ദരിമാരുടെ സ്വപ്നങ്ങള്‍ (1978) എന്ന ചിത്രത്തില്‍, 'ജന്മം നേടിയതെന്തിന് സീത രാമന്‍ കൈവിടുമെങ്കില്‍...' എന്ന ഗാനരംഗത്തില്‍, സര്‍വ സുഖത്തില്‍ പിറന്നവളായിട്ടും സീത പല ഘട്ടങ്ങളിലായി അനുഭവിച്ച കൊടിയ ത്യാഗങ്ങളാണ് പ്രതിപാദ്യ വിഷയം. ഗാനത്തിന്റെ അവസാനം സ്ത്രീയുടെ മനസ്സ് അറിയാത്ത പുരുഷന്മാരെയും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട് രചയിതാവ്. (ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍, എം.എസ്. വിശ്വനാഥന്‍, പി. സുശീല & വാണി ജയറാം)

'രാമായണത്തിലെ ദുഃഖ'ത്തെ നായികയായ ജയഭാരതിയുടെ വിരഹത്തോട് ഉപമിച്ചിട്ടുള്ള ഒരു ഗാനം കായലും കയറും എന്ന ചിത്രത്തിലുണ്ട് (പൂവച്ചല്‍ ഖാദര്‍, കെ.വി. മഹാദേവന്‍, എന്‍.വി. ഹരിദാസ്, 1979)

മലയാള സിനിമയിലെ ആദ്യ സംസ്‌കൃത ഗാനമാണ് ധ്വനി എന്ന ചിത്രത്തിലെ,

'ജാനകീ ജാനേ...രാമാ... ജാനകീ ജാനേ '.

തന്റെ പ്രണയവും അത് നിമിത്തമുണ്ടായ അസ്വാരസ്യങ്ങളുടെ വിഷമതകളെല്ലാം ഉള്ളിലൊതുക്കി നടക്കുന്ന, സംസാരശേഷിയില്ലാത്ത, ശോഭന അവതരിപ്പിച്ച ദേവിയാണ് ഈ ഗാനത്തിലെ ജാനകി. (യൂസഫലി കേച്ചേരി,നൗഷാദ്, പി.സുശീല, 1988)

നാരായം (1993) എന്ന സിനിമയിലെ പ്രാര്‍ത്ഥനാഗാനമാണ്,

'ശ്രീരാമ നാമം ജപസാര സാഗരം

ശ്രീ പാദ പത്മം ജനി മോക്ഷദായകം'

ദൂരെയുള്ള ഒരു സ്‌കൂളില്‍ അറബിക് അധ്യാപികയായി ജോലി കിട്ടിയ ഹിന്ദു യുവതിക്ക് താമസിക്കാന്‍ ഇടം നല്‍കിയത് ഒരു മുസ്ലീം കുടുംബം. അവിടെ, സന്ധ്യാസമയത്ത് ശ്രീരാമന്റെയും സീതയുടെയും ഹനുമാന്റെയും ഫോട്ടോയ്ക്കു മുന്നില്‍ കൈകൂപ്പി ആ അധ്യാപിക (ഉര്‍വ്വശി) പ്രാര്‍ത്ഥിക്കുന്നതാണ് ഗാനരംഗം. അതേ സമയത്തു തന്നെ ആ കുടുംബത്തിലെ പ്രായമായ മുസ്ലീം സ്ത്രീയും (ശാന്താദേവി) പ്രാര്‍ത്ഥിക്കുന്നുണ്ട്. മതമൈത്രിയെ ഉയര്‍ത്തിപ്പിടിക്കുന്ന ഗാനരംഗമാണിത്. (പികെ. ഗോപി, ജോണ്‍സണ്‍, കെ. എസ്. ചിത്ര)

'അരയന്നങ്ങളുടെ വീട് ' (2000) എന്ന ചിത്രത്തില്‍ യേശുദാസും ഗായത്രിയും പാടിയ ഗാനമാണ്,

'ദീന ദയാലോ രാമാ ...

ജയ സീതാ വല്ലഭ രാമാ'

(ഗിരീഷ് പുത്തഞ്ചേരി, രവീന്ദ്രന്‍)

പത്താം നിലയിലെ തീവണ്ടി' (2009)യില്‍ ഷിബു ചക്രവര്‍ത്തി രചിച്ച് എസ് പി വെങ്കിടേഷ് ഈണമിട്ട് മധു ബാലകൃഷ്ണന്‍ ആലപിച്ച 'രാമായണം കഥ പാടും കിളി...' എന്ന ഗാനത്തില്‍ തന്റെ ആരണ്യകാണ്ഡത്തിന് എന്നവസാനമുണ്ടാവും എന്ന്, മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന ഇന്നസന്റ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആകുലതകളാണ് ചിത്രീകരിച്ചിരിക്കുന്നത്.

വയലാര്‍ രാമവര്‍മ്മയുടെ പ്രശസ്ത ഗാനമായ, 'ദേവീ ശ്രീദേവി' ക്ക് (കാവ്യമേള),'രാമാ ശ്രീരാമാ...' എന്ന് ജഗതി ശ്രീകുമാര്‍ 'ഉത്സവമേള'ത്തില്‍ പാരഡി ഒരുക്കിയത് രസകരമായ ചരിത്രമാണ്. 'സീതാകല്യാണ വൈഭോഗമേ...' എന്ന പരമ്പരാഗത കീര്‍ത്തനം പൈതൃകം എന്ന ചിത്രത്തില്‍ എസ്. പി. വെങ്കിടേഷിന്റെ ഈണത്തില്‍ യേശുദാസിന്റെ ശബ്ദത്തില്‍ ചേര്‍ത്തത് ഇന്നും ഏറെ ജനപ്രിയമാണ്.

പാട്ടിനോ കഥാസന്ദര്‍ഭത്തിനോ രാമായണവുമായി ബന്ധമില്ലെങ്കിലും ചില 'രാമായണ' പദങ്ങളില്‍ ആരംഭിക്കുന്ന ശ്രദ്ധേയ ഗാനങ്ങളുണ്ട്. വയലാറിന്റെ തൂലികയില്‍ 'സീതപ്പക്ഷി' (ഒരു സുന്ദരിയുടെ കഥ, 1972) പിറന്നപ്പോള്‍ കൈതപ്രം 'രാമായണക്കാറ്റേ' (അഭിമന്യു , 1991) 'ഈ രാമായണക്കൂട്ടില്‍...' (സെക്കന്റ് ഷോ - 2012) എന്നീ പ്രയോഗങ്ങള്‍ ഗാനശാഖയ്ക്ക് പ്രദാനം ചെയ്തു..

ദുര്‍വിധികള്‍ പിന്തുടരുന്ന 'സീത'കള്‍ ഇന്നുമുണ്ട്. അവര്‍ യാത്രയാകുന്നത് കാട്ടിലേക്കല്ല, കാലപുരിയിലേക്കാണന്നു മാത്രം. 'സ്ത്രീകളിന്നും പുരുഷന്മാരുടെ

ശാപമേല്‍ക്കും അഹല്യകള്‍,

ശാപമോക്ഷത്തിനു കാത്തു കിടക്കും അഹല്യകള്‍' എന്ന് വയലാര്‍ എഴുതിയത് എത്രയോ സത്യം! അതുകൊണ്ടുതന്നെ അത്തരത്തിലുള്ള പുതിയ ഗാനസന്ദര്‍ഭങ്ങളും പാട്ടുകളും സിനിമകളില്‍ ഇനിയും വന്നുകൂടെന്നില്ല!

Summary

Raman and seetha in Malayalam film songs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com