ശരിക്കും പറഞ്ഞാല്‍ ആ കാലത്ത്, എണ്‍പതുകളില്‍ ആണ്‍കുട്ടികളുടെ 'തുട' വലിയൊരു പ്രശ്‌നമായിരുന്നു. തുടമോഹികളായ ചില ആണ്‍കുട്ടികളില്‍ നിന്ന് സ്വന്തം തുടയെ എങ്ങനെ സംരക്ഷിക്കുക എന്നതും അതിനൊരു രക്ഷാകവചം തീര്‍ക്കുക എന്നതും ഒരു വെല്ലുവിളി തന്നെയായിരുന്നു. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം അനിവാര്യമോ എന്ന ചോദ്യത്തിലേക്ക് എല്‍.പി.സ്‌കൂളില്‍ ഞങ്ങളെ മലയാളം പഠിപ്പിച്ച കോയ മാഷ് പറഞ്ഞത് ഒരു ഉത്തരമായി കടന്നുവരികയാണ്. മാഷ് ഒരു ദിവസം ക്ലാസില്‍ പറഞ്ഞു: കുട്ടികളേ ,നിങ്ങള്‍ തമ്മില്‍ തുട പിടിച്ച് കളിക്കരുത്.'
എന്റെ തുടയില്‍ നുളളിയ ചങ്ങാതിയോട് ജീവിതകാലത്തൊരിക്കലും എനിക്ക് പൊറുക്കാന്‍ സാധിച്ചിട്ടില്ല. അത് ആ കാലത്ത് മിക്കവാറും ആണ്‍കുട്ടികള്‍ അഭിമുഖീകരിച്ച വലിയ പ്രശ്‌നമായിരുന്നു. ഇറക്കം കുറഞ്ഞ വള്ളി ട്രൗസറിട്ട ആണ്‍കുട്ടികള്‍ അകാരണമായി തന്നേക്കാള്‍ ബലിഷ്ഠരായ ചങ്ങാതിമാരെ ഭയന്നു. ബെഞ്ചിലിരിക്കുമ്പോള്‍ അറിയാതെ നീണ്ടു വരുന്ന കൂട്ടുകാരന്റെ കൈയില്‍ നിന്ന് തുടയെ സംരക്ഷിക്കുക എന്നത് ആണ്‍കുട്ടികള്‍ ക്ലാസ് മുറികളില്‍ നടത്തിയ ഏകാന്ത യുദ്ധങ്ങളായിരുന്നു. പെണ്‍കുട്ടികളായിരുന്നില്ല, ആണ്‍കുട്ടികളായിരുന്നു ആ കാലത്ത് ലൈംഗികതയുടെ ഇരകള്‍. അങ്ങനെ കൂട്ടുകാരന്റെ ശല്യം സഹിക്കാതെയായപ്പോള്‍ കോയ മാഷോട് പരാതി പറഞ്ഞു. 'ഓന്‍ എപ്പോം എന്റെ തൊടക്ക് നുള്ളുന്നു.'
ക്ലാസ് മുറിയില്‍, എന്നെപ്പോലെ ഏകാന്ത വ്യസനം അനുഭവിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്പെടട്ടെ എന്നു കരുതി മാഷ് പറഞ്ഞ മറുപടിയാണ് ആദ്യമെഴുതിയത്.
പരസ്പരം സമ്മതമില്ലാതെ തമ്മില്‍ സ്പര്‍ശിക്കാന്‍ പാടില്ല എന്ന പാഠമാണ് നാം ആദ്യം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കേണ്ട ലൈംഗിക പാഠം. Love, Sex, in timacy ,Content, Concent ഇതൊക്കെ നാം കൂടുതലായി മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. ക്ലാസ് മുറിയില്‍ നടക്കുന്ന രഹസ്യവും വേദനാജനകവുമായ ഏകാന്ത പോരാട്ടങ്ങള്‍ വളരെയധികമാണ്.
ഈയിടെ ഒരു മാളിലെ ഫുഡ് കോര്‍ട്ടില്‍ കുടുംബത്തോടെയിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഞാന്‍ തൊട്ടു മുന്നിലിരുന്ന മഞ്ഞ തട്ടമിട്ട സുന്ദരിയെ കുറച്ചധികം നോക്കിപ്പോയി. വിടര്‍ന്ന കണ്ണുകള്‍, ആകര്‍ഷകമായ പ്രസന്നത. പക്ഷെ, ആ നോട്ടത്തിലേക്ക് മകളുടെ കമന്റ് വന്നു: 'ഉപ്പാ, കോഴിയാവല്ലെ!'
പുതിയ തലമുറ എല്ലാം മനസ്സിലാക്കുന്നു.
അതേക്കാള്‍ നല്ലൊരു കമന്റ് ആ സന്ദര്‍ഭത്തില്‍ വരാനില്ല. ശരിക്കും ചൂളിപ്പോയി. മുന്‍പ് 'സാഹിത്യ വാരഫല'ത്തില്‍ എം കൃഷ്ണന്‍ നായര്‍ എഴുതിയതു പോലെ, സൗന്ദര്യമുള്ള പൂവിനേയും സുന്ദരികളേയും നാം അറിയാതെ നോക്കുന്നത് അപരാധമല്ലെങ്കിലും, അതവരുടെ സ്വച്ഛതയിലേക്കുള്ള കടന്നു കയറ്റമാണ്. മഹതീ, നിങ്ങളുടെ സൗന്ദര്യം അല്‍പ നേരം നോക്കി ആസ്വദിച്ചോട്ടെ' എന്ന് സമ്മതമെടുത്ത് സൗന്ദര്യാസ്വാദനം സാധ്യവുമല്ല.
'എങ്ങനെ ഞാനുണ്ടായി?' എന്ന ചോദ്യത്തിന് വളരെ വൈകി മാത്രമാണ് ഉത്തരം കിട്ടുന്നത്. 'ജീവികള്‍ ഇണ ചേരുമ്പോള്‍ കുട്ടികളുണ്ടാവുന്നു.' ആ അറിവിലേക്ക് ഇന്ന് ഏറെ നേരത്തെ തന്നെ കുട്ടികള്‍ക്കെത്താന്‍പല വഴികളുണ്ട്. ആനിമേഷന്‍ അതില്‍ ഏറ്റവും നല്ല സാധ്യതയാണ്. അതില്‍ അവര്‍ക്ക് മനസ്സിലാക്കാന്‍ ഒന്നും ബുദ്ധിമുട്ടേറിയ വശമുണ്ടാവില്ല. ഇണ ചേരുമ്പോള്‍ കുട്ടികളുണ്ടാവുന്നു എന്നതു പോലെ കുട്ടികളാവാതിരിക്കാനുള്ള മുന്‍കരുതലുകളും പുതിയ തലമുറ മനസ്സിലാക്കുന്നുണ്ട്. എന്നാല്‍, യഥാര്‍ഥത്തില്‍, മനസ്സിലാക്കാതെ പോകുന്നത് 'തുല്യത 'യെക്കുറിച്ചുള്ള സങ്കല്‍പനങ്ങളാണ്. കോഫീ ഹൗസില്‍ പോയി ഒന്നിച്ചിരുന്ന് ചായ കുടിക്കുക, കുറേ നേരം ഒന്നിച്ചു നടന്നാലും വെറുതെ തൊട്ടലമ്പക്കാതിരിക്കുക, മുലകളിലേക്ക് തുറിച്ചു നോക്കാതിരിക്കുക ഇങ്ങനെ നോട്ടത്താലും സ്പര്‍ശത്താലും അസ്വസ്ഥപ്പെടുത്താത്ത മനോഹരമായ സൗഹൃദം രൂപപ്പെടുത്തുന്നതിനെ കുറിച്ചുള്ള ധാരണകളാണ് ആദ്യം രൂപപ്പെടുത്തേണ്ടത്. എന്തായാലും തുടയില്‍ നുള്ളുന്നത് ഭയങ്കര വേദനയും അപമാനവുമുണ്ടാക്കുന്ന സംഗതിയാണ്.
ആത്മാവ് / ആത്മാവ് വിശുദ്ധമാവുക എന്ന ബഡായിയൊക്കെ നമ്മുടെ ആത്മീയാചാര്യന്‍മാര്‍ പറഞ്ഞുകൊണ്ടിരിക്കും. ശരിക്കും ശരീരമാണ് ആത്മാവിനേക്കാള്‍ മൂര്‍ത്തമായ വാസ്തവം. ശരീരത്തിന് സുരക്ഷാ കവചമുണ്ടാക്കുന്നതിനിടയിലാണ് പലരും ജീവനറ്റു വീഴുന്നത്. ശരീരം പ്രധാനമാണ്, അതുകൊണ്ടു തന്നെ ലൈംഗിക വിദ്യാഭ്യാസവും.' എങ്ങനെ ഞാനുണ്ടായി' എന്ന ചോദ്യത്തിന് ' പടച്ചോനുണ്ടാക്കി' എന്ന ഉത്തരം കൊണ്ട് തൃപ്തിപ്പെടുന്ന ഒരു തലമുറയല്ല ഇപ്പോഴുള്ളത്. ജീവശാസ്ത്രപരമായി അത് വിശദീകരിച്ചാല്‍, മുന്‍കരുതലുകളെക്കുറിച്ചും ഒഴിഞ്ഞു മാറേണ്ട 'ജൈവിക കല 'കളെക്കുറിച്ചും കൂടി അവര്‍ ബോധവാന്മാരാകും.
എന്റെ ചങ്ങാതിയുടെ അച്ഛന്‍ 'അവന്‍ എങ്ങനെയുണ്ടായി 'എന്ന ചോദ്യത്തിന് അവന് നല്‍കിയ മറുപടി ഇതായിരുന്നു: മോനേ, അച്ഛനും അമ്മയും കളിച്ചു നേടിയ ട്രോഫിയാണ് നീ'.
ഭാവനാശാലിയായ എന്റെ ചങ്ങാതിയുടെ സംശയം അവിടെ തീര്‍ന്നില്ല .'അച്ഛാ, ആ കളിയില്‍ ആരാണ് ജയിച്ചത്? അച്ഛനോ അമ്മയോ? ആരാണ് 'ഞാനെന്ന 'ഗപ്പെ'ടുത്തത്?
അച്ഛനും അമ്മയും അവനെ ചേര്‍ത്തു പിടിച്ച് ഉമ്മ വെച്ചു.
ലൈംഗിക വിദ്യാഭ്യാസം, പൂവിന്റെ പരാഗണം പഠിപ്പിക്കുന്നതിനേക്കാള്‍ രസകരമായി കുട്ടികള്‍ പഠിക്കും. സ്വന്തമായി ശരീരത്തിന് സുരക്ഷാ കവചങ്ങള്‍ തീര്‍ക്കുന്നതിന് അത്തരം ലൈംഗിക ബോധന രീതികള്‍ അവരെ സഹായിക്കും. പഠിപ്പിപ്പ് അധ്യാപകര്‍ കാര്യങ്ങള്‍ വഷളാക്കാതിരുന്നാല്‍ മതി. ആദ്യം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കേണ്ടത് അവര്‍ക്കാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates